- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിൾ എടുക്കാൻ ശ്രമിക്കില്ലെന്നായിരുന്നു; പഞ്ചാബിനെതിരേ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത് ഇത്ര മാത്രം; 18 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത മോറിസ് ഡൽഹിയെ തോൽപ്പിച്ചെങ്കിലും രാജസ്ഥാൻ ക്യാപ്ടന് മനംമാറ്റമില്ല
മുംബൈ: ഡൽഹി ക്യാപ്പിറ്റൽസിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതോടെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു മോറിസിന് സിംഗിൾ നിഷേധിച്ച സംഭവം വീണ്ടും ചർച്ചകളിൽ.
പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു മോറിസിന് സ്ട്രൈക്ക് നൽകിയിരുന്നെങ്കിൽ രാജസ്ഥാന് ജയിക്കാൻ സാധിക്കുമായിരുന്നുവെന്നും സഞ്ജുവിന്റെ തീരുമാനമായിരുന്നു ശരി എന്നുമുള്ള രണ്ട് വാദങ്ങൾ ഉയർന്നിരുന്നു. ഇത്തരം ചർച്ചകൾക്കാണ് തന്റെ ഉറച്ച നിലപാടിലൂടെ സഞ്ജു ഇപ്പോൾ മറുപടി നൽകുന്നത്.
ഡൽഹിക്കെതിരെ ഒരു ഘട്ടത്തിൽ അഞ്ചിന് 42 റൺസ് എന്ന നിലയിൽ തകർന്ന് രാജസ്ഥാൻ തോൽവി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും രക്ഷകരായി എത്തുന്നത്. 18 പന്തിൽ നിന്ന് നാലു സിക്സറടക്കം പുറത്താവാതെ 36 റൺസെടുത്ത മോറിസ് രാജസ്ഥാന് നാടകീയ വിജയം നൽകി. ഇതോടെ ഡൽഹിക്കെതിരായ മത്സര ശേഷം പഞ്ചാബിനെതിരേ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയർന്നു.
മോറിസ് തന്റെ ഫിനിഷിങ് മികവ് ഡൽഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാൻ വിസമ്മതിച്ച അതേ തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഇതിന് ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിൾ എടുക്കാൻ ശ്രമിക്കില്ലെന്നായിരുന്നു രാജസ്ഥാൻ ക്യാപ്ടൻ കൂടിയായ സഞ്ജുവിന്റെ മറുപടി. കഴിഞ്ഞ ദിവസം ഡൽഹി ക്യാപ്പിറ്റൽസിനെതിരേ നടന്ന മത്സരത്തിൽ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 148 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചിന് 42 എന്ന നിലയിൽ തകർന്ന ശേഷവും രണ്ടു പന്തുകൾ ബാക്കിനിൽക്കേ വിജയം സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു.
അർധ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറും അവസാന ഓവറുകളിൽ 18 പന്തിൽ നിന്ന് 36 റൺസടിച്ച ക്രിസ് മോറിസുമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ ഡൽഹിക്ക് സംഭവിച്ച പിഴവുകൾ കോച്ച് റിക്കി പോണ്ടിങ് ചൂണ്ടിക്കാണിച്ചു. നന്നായി പന്തെറിഞ്ഞ ആർ. അശ്വിനെ നാല് ഓവർ എറിയിക്കാതിരുന്നത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടാ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സരത്തിൽ മൂന്ന് ഓവർ മാത്രമെറിഞ്ഞ അശ്വിൻ 14 റൺസ് മാത്രമാണ് വഴങ്ങിയത്. മാത്രമല്ല ഒരു ബൗണ്ടറി പോലും അദ്ദേഹം വഴങ്ങിയതുമില്ല. രാജസ്ഥാന് ജയിക്കാൻ 54 പന്തിൽ നിന്ന് 92 വേണമെന്നിരിക്കെയാണ് അശ്വിൻ മൂന്നാം ഓവർ പൂർത്തിയാക്കുന്നത്. പക്ഷേ പിന്നീട് താരത്തിന് ഓവർ ലഭിച്ചില്ല.
രാജസ്ഥാൻ ബാറ്റിങ്ങിനിടെ പിച്ചിൽ സ്പിന്നർമാർക്ക് നല്ല പിന്തുണ ലഭിച്ചിരുന്നു. ഇത് മനസിലാക്കി മികച്ച എക്കണോമിയിൽ പന്തറിഞ്ഞ അശ്വിന് ഒരു അവസരം കൂടി നൽകുന്നതിൽ ക്യാപ്റ്റൻ പന്ത് പരാജയപ്പെടുകയായിരുന്നു. ഇത് മത്സര ഫലത്തെ ബാധിക്കുകയും ചെയ്തു. അതേസമയം ക്രിസ് മോറിസസിന് എളുപ്പമുള്ള ഏതാനും പന്തുകൾ നൽകിയെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ