മുംബൈ: ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ച നാൾ മുതൽ ചില അവിസ്മരണീയ ഇന്നിങ്‌സുകൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് മലയാളി താരം സഞ്ജു സാംസൺ. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ആരാധകരുടെ കൈയടി നേടിയിട്ടുള്ള താരം ഒന്നിലധികം സെഞ്ച്വറികളും ഐപിഎല്ലിൽ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനം അടക്കം കണക്കിലെടുത്തായിരുന്നു ദേശീയ ടീമിൽ അവസരം നൽകാൻ ഇന്ത്യൻ ടീം സെലക്ടർമാർ തയ്യാറായതും. അവിടെ എല്ലാം ചെറുതായി പിഴച്ചു. പക്ഷേ ഇത്തവണ ഐപിഎല്ലിന്റെ പ്ലേ ഓഫ് ബർത്ത് നേടുകയാണ് സഞ്ജുവിന്റെ ടീം. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. രണ്ടു തവണ. അതിന് ശേഷം മലയാളി ക്രിക്കറ്റർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് രാജസ്ഥാന്റെ ഐപിഎൽ ബർത്ത്. ക്യാപ്ടൻ സഞ്ജു വീണ്ടും ദേശീയ ശ്രദ്ധയില്ഡ# എത്തുകയാണ്.

ഒരു ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും സഞ്ജു തന്റെ മികച്ച പ്രകടനം പുറത്തെടുത്ത സീസൺ കൂടിയാണ് ഇത്. ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ചും കളിയിലെ തന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും ഇതിനിടെ സഞ്ജു സംസാരിക്കുകയും ചെയ്തു. 'എനിക്ക് പത്തൊൻപതോ ഇരുപതോ വയസുള്ളപ്പോഴാണ് ഞാൻ അരങ്ങേറ്റം കുറിച്ചത്. 25 വയസുള്ളപ്പോൾ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലെ ആ അഞ്ച് വർഷമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ വർഷങ്ങൾ. കേരളാ ടീമിൽ നിന്നുപോലും പുറത്താക്കപ്പെട്ടു. തിരിച്ചുവരാൻ സാധിക്കുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു. ആ അഞ്ച് വർഷങ്ങളിൽ ഞാൻ പെട്ടന്ന് തന്നെ ഔട്ടാകുമായിരുന്നു.

അത്തരത്തിൽ ഒരിക്കൽ ഞാൻ പെട്ടന്ന് തന്നെ പുറത്തായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിയുകയും സ്റ്റേഡിയം വിട്ടുപോവുകും ചെയ്തിരുന്നു. കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്റ്റേഡിയം വിട്ടു പോയത്. ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. ഞാൻ മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന് ഒരുപാട് ചിന്തിച്ചു. രണ്ടോ നാലോ മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഞാൻ മടങ്ങിയത്. അപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഞാൻ എന്റെ ബാറ്റ് എടുത്ത് നോക്കിയപ്പോൾ അത് പൊട്ടിയിരുന്നു എനിക്ക് ഏറെ സങ്കടമായി,' സഞ്ജു പഴയ കാലം പറഞ്ഞത് ഇങ്ങനെയാണ്. ആ ബാറ്റ് പൊട്ടിക്കൽ വാർത്തകളിലെത്തിയത് മറുനാടനിലൂടെയാണ്. അതിന് ശേഷം സഞ്ജു ആളാകെ മാറി. ഇഗോ എടുത്ത് മാറ്റി. കളിയിൽ മാത്രമായി ശ്രദ്ധ. ഇപ്പോഴിതാ ഈ സീസണിലെ ഐപിഎല്ലിലെ മികച്ച ക്യാപ്ടനായും സഞ്ജു മാറുന്നു.

ഐപിഎല്ലിൽ സഞ്ജു രാജസ്ഥാന്റെ ക്യപ്റ്റാനായി എത്തിയതോടെ മലയാളികൾക്കിടയിൽ രാജസ്ഥാൻ റോയൽസിന് പ്രിയമേറി. നിരവധി റെക്കോർഡുകളാണ് സഞ്ജു ഇതിനോടകം തന്റെ പേരിൽ കുറിച്ചത്. സുദീർഘമായ ഇന്നിങ്ങ്സ് കളിച്ചല്ല ഇവയൊന്നും സഞ്ജു സ്വന്തമാക്കിയത് എന്നുകൂടി ഓർക്കുമ്പോഴാണ് മികവിന് കൈയടിക്കേണ്ടത്. അരങ്ങേറ്റം കുറിച്ച സീസണിലെ 10 കളിയിൽ നിന്നും 2036ഉം, 2014 സീസണിൽ 13 കളിയിൽ നിന്നും 339ഉം റൺസടിച്ച് താരം തന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് മുമ്പിൽ തന്നെ പ്രകടമാക്കിയിരുന്നു.ഒരു ബൗളറുടേയും സ്പീഡിനേയോ, സ്റ്റാറ്റ്‌സുകളേയോ അഗ്രഷനെയോ കൂസാതെ കൂളായി ബാറ്റ് വീശുന്ന, വരുന്നത് വരട്ടെ എന്ന രീതിയിൽ എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന താരമാണ് സഞ്ജു. ഒരർത്ഥത്തിൽ പറഞ്ഞാൽ സഞ്ജുവിന്റെ സ്‌ട്രെംഗ്തും വീക്ക്‌നെസ്സും അതുതന്നെയാണ്. ഇതിനെല്ലാം പുറമെ പല റെക്കോഡുകളും ആ സ്‌ട്രൈക്ക് റേറ്റിൽ താരം കരസ്ഥമാക്കിയിട്ടുണ്ട്. ആ കണക്കുകൾ മാത്രം മതി സഞ്ജു എത്രത്തോളം അണ്ടർറേറ്റഡ് ആയിരുന്നു എന്ന് മനസിലാക്കാൻ.2020 മുതൽ മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവുമധികം റൺസടിച്ച താരമാണ് സഞ്ജു.

ഇതിന് പുറമെ, ഓപ്പണറല്ലാതെ ഏറ്റവുമധികം റൺസ് നേടുന്ന താരം , മിഡിൽ ഓവറുകളിൽ ഏറ്റവുമധികം റണ്ണടിച്ച താരം, സ്പിൻ ബൗളർമാർക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള രണ്ടാമത്തെ താരം തുടങ്ങിയ നേട്ടങ്ങൾ സഞ്ജുവിന്റെ പേരിലാണ്. കളിക്കളത്തിൽ എന്നും തന്റെ സ്‌ഫോടനശേഷി വെളിവാക്കുന്ന സഞ്ജു, ഈ സീസണിലും തന്റെ പതിവ് തെറ്റിച്ചിട്ടില്ല. ഐ.പി.എല്ലിലെ മോസ്റ്റ് വാല്യുബിൾ താരങ്ങളിൽ ഒരാളും ഇപ്പോഴുള്ള മികച്ച ക്യാപ്റ്റന്മാരിൽ ഒരാളുമാണ് സഞ്ജു എന്നതിൽ ആർക്കും സംശയമുണ്ടാകാനും വഴിയില്ല.രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് നേടുമ്പോൾ സഞ്ജുവെന്ന ക്യാപ്റ്റൻ കൈയടി നേടുകയാണ്. ഇത് വിമർശകർക്കുള്ള മറുപടി കൂടിയാണ്. ഇത്തവണ ഐപിഎല്ലിൽ ഇടം നേടിയവരേക്കാൾ മികച്ചവർ കേരളത്തിലുണ്ടെന്ന് ഫെയ്‌സ് ബുക്കിൽ കുറിച്ച മുൻ പരിശീലകൻ വരെ ലക്ഷ്യമിട്ടത് സഞ്ജു സാംസണെയാണ്. ശ്രീശാന്തിനെ രാജസ്ഥാനിൽ എടുക്കാത്തിന് രാജീവ് പിള്ളയുടെ ഒളിയമ്പും എത്തി. ഇവർക്കുള്ള മറുപടിയാണ് ഐപിഎല്ലിലെ സഞ്ജുവിന്റെ ടീമിന്റെ പ്ലേ ഓഫിലെ സ്ഥാനം.

അടുത്തിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചത്. രാജസ്ഥാൻ റോയൽസിന്റെ മെന്ററായിരുന്നു വോൺ. അദ്ദേഹത്തോടൊപ്പമുള്ള മികച്ച ഓർമ്മകൾ പങ്കുവച്ച് ചിലത് സഞ്ജു പറഞ്ഞിരുന്നു. 'ഷെയ്ൻ വോണെക്കുറിച്ചുള്ള എല്ലാ ഓർമകളും എപ്പോഴും മനസ്സിലുണ്ടാകും. ഓരോ ദിവസവും അദ്ദേഹം ജീവിച്ചത് എങ്ങനെയാണ് എന്ന കാര്യം ഞങ്ങളെ എല്ലാം ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തൊടൊപ്പം ഒരു മണിക്കൂർ മാത്രമേ ചെലവഴിച്ചിട്ടുള്ളു എങ്കിലും അത് ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനപ്പെടും. ഒരു രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിച്ചതെന്നും സഞ്ജു പറയുന്നു. ഗൗരവ് കപൂറിന്റെ യുട്യൂബ് ഷോയായ 'ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൻസി'ലാണ് ഷെയ്ൻ വോണെക്കുറിച്ചു വോണിൽനിന്നു പഠിച്ച പാഠങ്ങളെക്കുറിച്ചും സഞ്ജു മനസ്സുതുറന്നത്. ഈ പാഠങ്ങളാണ് സഞ്ജു മനസ്സിൽ സൂക്ഷിച്ചത്. ആദ്യ ഐപില്ലിൽ വോൺ രാജസ്ഥാനെ കപ്പടിപ്പിച്ചു. ഇത്തവണ സഞ്ജുവും അതിനുള്ള യാത്രയിലാണ്. വോണിന് ഗുരുദക്ഷിണ ഒരുക്കുകയാണ് ലക്ഷ്യം.

ഒരാൾക്ക് ഇത്തരത്തിൽ ജീവിക്കാനാകുക എങ്ങനെയാണെന്നാണ് അദ്ദേഹത്തെ നോക്കുമ്പോൾ ഞങ്ങൾക്കു തോന്നിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എല്ലാവരും പാഠം ഉൾക്കൊള്ളണം. അദ്ദേഹത്തിനെതിരെ ബാറ്റു ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. രാജസ്ഥാൻ മെന്ററായി അദ്ദേഹം മടങ്ങിയെത്തിയപ്പോൾ, നെറ്റ്സിൽ എനിക്ക് ഏതാനും ബോളുകൾ എറിഞ്ഞു തരാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്തു ചോദ്യമാണ് സുഹൃത്തേ എന്ന് എന്നോടു തിരിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹം എനിക്കു പന്തെറിഞ്ഞു നൽകി. വോണിനൊപ്പം ഏറ്റവും മികച്ച ഓർമകളാണു ഞങ്ങൾക്കുള്ളത്'-ഇതാണ് വോണിനെ കുറിച്ച് സഞ്ജു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്.

2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞം സ്വദേശി. വിജയ് സോൾ ആയിരുന്നു ക്യാപ്റ്റൻ. അന്ന് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ടീമിനായി ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു സഞ്ജു സാംസൺ. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് സഞ്ജു ഐപിഎൽ യാത്ര ആരംഭിച്ചത്. അക്കൊല്ലം സഞ്ജു കളിച്ചില്ല. അടുത്ത വർഷം രാജസ്ഥാനിൽ. വിക്കറ്റ് കീപ്പർ ദിഷാന്ത് യാഗ്‌നിക്ക് പരുക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബിനെതിരെ സഞ്ജുവിന് അവസരം ലഭിച്ചു. അതൊരു തുടക്കമായിരുന്നു, പിന്നീട് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് ലീഗിലെ ഒരു ഫ്രാഞ്ചൈസിയുടെ നായകനായി സഞ്ജു വളർന്നു.

അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിക്കുക എന്നതായിരുന്നു രാജസ്ഥാന്റെ ഈ സീസണിലെ ലേല തന്ത്രം. ടീമിലെ തുരുപ്പുചീട്ടുകളായ അശ്വിനെയും ചഹാലിനെയും അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. സ്ലോഗ് ഓവറുകളിലും പവർ പ്ലേയിലും ഇത് ഗുണകരമായി. ഇതിനൊപ്പം ബാറ്റിംഗിൽ ബട്‌ലറും ദേവ്ദത്ത് പടിക്കലും ജയ്‌സ്വാളും ഹിറ്റ്‌മെയറും സഞ്ജുവിന്റെ തുറുപ്പു ചീട്ടായി. നോബോൾ വിവാദത്തിൽ ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പെടെ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ സഞ്ജു ശാന്തനായിരുന്നു. അശ്വിനെ റിട്ടയർഡ് ഔട്ടാക്കിയും സഞ്ജുവിലെ ക്യാപ്ടൻ രാജസ്ഥാന് വിജയം നൽകി. ഇനി പ്ലേ ഓഫിൽ. ഗുജറാത്തിനെ ആ മത്സരത്തിൽ തോൽപ്പിച്ചാൽ കലാശ പോരാട്ടം. ആ കളിയിൽ ജയിക്കാനായാൽ ഫൈനലിലും സഞ്ജുവിന്റെ ടീമിനാകും മുൻതൂക്കം.

ആദ്യ പ്ലേ ഓഫിൽ തോറ്റാലും രണ്ടാം പ്ലേ ഓഫിൽ സഞ്ജുവിന്റെ ടീമിന് കളിക്കാം. പോയിന്റ് നിലയിൽ ആദ്യ രണ്ടിൽ എത്തിയതിന്റെ ഗുണമാണിത്. ആ കളി ജയിച്ചാലും ഫൈനലിൽ എത്താം. അങ്ങനെ വന്നാൽ രാജസ്ഥാനും ഗുജറാത്തും തമ്മിലാകും ഫൈനൽ. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ടീമുകൾ തമ്മിലെ മത്സരം. ഏത് ടീം ജയിച്ചാലും അത് തെരഞ്ഞെടുപ്പിൽ പോലും ചർച്ചയാകും. അത്തരത്തിലേക്ക് ഐപിഎല്ലിലെ രാഷ്ട്രയവും മാറി കഴിഞ്ഞു. ബിസിസിഐയേയും ഗുജറാത്ത് ക്രിക്കറ്റിനേയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണെന്നതാണ് ഇതിന് കാരണം.