ഷാർജ: ചെയ്യാത്ത കുറ്റത്തിന് നിയമക്കുരുക്കിൽപ്പെട്ട പാലക്കാട് സ്വദേശി എ.എസ്. ശങ്കരനാരായണ ശർമ്മ (61) കഴിഞ്ഞ എട്ട് വർഷമായി അനുഭവിക്കുന്ന ദുരിത ജീവിതത്തിന് അവസാനമാകുന്നു. കേസിൽ കുടുങ്ങിയാണ് ശങ്കരനാരായണ ശർമ്മയ്ക്ക് നാട്ടിലേക്കുള്ള മടക്കം അസാധ്യമായത്.

2009ലായിരുന്നു ശങ്കര നാരായണയെ നിയമത്തിന്റെ പിടിയിലാക്കിയ സംഭവത്തിന് തുടക്കം. ശർമ സൂപ്പർ വൈസർ ആയി ജോലി ചെയ്തിരുന്ന കമ്പനിയിലെ ബംഗ്‌ളാദേശ് സ്വദേശിയായ തൊഴിലാളി താമസ സ്ഥലത്തെ കുളിമുറിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചതോടെയാണ് നിയമക്കുടുക്കിൽപ്പെട്ടത്. കമ്പനി ഉടമയ്‌ക്കെതിരെ ഷാർജ കോടതിയിൽ ഉണ്ടായിരുന്ന കേസിൽ അദ്ദേഹത്തിന് വേണ്ടി ശർമ ഹാജരാവുകയും തന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കമ്പനി ഉടമയ്ക്ക് ഇടയ്ക്കിടയ്ക്ക് പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടതിനെ തുടർന്ന് തന്റെ പാസ്‌പോർട്ടിന് പകരം ശർമയുടെ പാസ്‌പോർട്ട് വയ്ക്കുകയായിരുന്നു .

എന്നാൽ 2010 ൽ കോടതി വിധി വന്നതോടെ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. രണ്ടു ലക്ഷം ദിർഹം മരിച്ച തൊഴിലാളിയുടെ അവകാശികൾക്ക് ദിയാ ധന(ബ്ലഡ് മണി)മായി നൽകാൻ ശർമയോട് കോടതി ഉത്തരവിട്ടു. കമ്പനി ഉടമ തന്നെ അപ്പീൽ ബോധിപ്പിക്കാമെന്നും അല്ലങ്കിൽ ദിയാധനം കമ്പനി കൊടുത്തു കൊള്ളുമെന്നും വാക്ക് കൊടുത്തിരുന്നു. എന്നാൽ 2013 ൽ കമ്പനി ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും അദ്ദേഹത്തിന്റെ മകൻ കമ്പനിയുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, ഇദ്ദേഹം ഒന്നും ചെയ്തില്ല. കഴിഞ്ഞ വർഷം ശർമ ജോലിയിൽ നിന്നു വിരമിച്ചെങ്കിലും തൊഴിൽ ആനുകൂല്യങ്ങൾ മുഴുവൻ കമ്പനി ഇതു വരെ നൽകിയിട്ടില്ല. താൻ ഒരുതരത്തിലും ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിൽ ഭീമമായ സംഖ്യ അടക്കേണ്ട ബാധ്യത ചെറിയ വരുമാനക്കാരനായിരുന്ന ശർമയ്ക്ക് കഴിയുമായിരുന്നില്ല.

ഇതിനെ തുടർന്ന് പാസ്‌പോർട്ട് കോടതിയിൽ നിന്നു കൈ പറ്റാൻ സാധിച്ചില്ല. എട്ട് വർഷമായി നാട്ടിൽ പോകാൻ സാധിക്കാത്ത ശർമ ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം കഴിയുകയാണ്. 82 വയസ്സുള്ള തന്റെ അമ്മ, ഭാര്യ, 17 വയസ്സുള്ള ഏക മകൾ എന്നിവരെ കാണാൻ സാധിക്കാത്തതിൽ അതിയായ ദുഃഖത്തിലായിരുന്നു ഇദ്ദേഹം ഇത്രയും നാൾ കഴിഞ്ഞത്. ഈ കാലയളവിൽ ശർമയുടെ രണ്ടു സഹോദരികളും സഹോദരി ഭർത്താക്കന്മാരും മരിക്കുകയുമുണ്ടായി. ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്ക് തങ്ങളുടെ സകാത്തു(ദാനനിധി) ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം ദിർഹം നൽകാൻ മുന്നോട്ട് വന്നതോടെയാണ് ശർമയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

ഷാർജ ശരിഅത്ത് കോടതിയിലേത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ശർമയ്ക്ക് എത്രയും പെട്ടന്ന് നാട്ടിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ട അനുമതിക്ക് ദുബായ് അൽ അവീർ എമിഗ്രേഷൻ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആറ് വർഷത്തേക്കുള്ള പിഴ ഒഴിവാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷയിൽ അനുമതി കിട്ടിയാലുടൻ നാട്ടിലേക്ക് മടങ്ങാം.