- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കു ടി ദാസിന് മുമ്പ് അതേസ്ഥലത്ത് സമാന വാഹനാപകടം; രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ബിജെപി പ്രാദേശിക നേതാവ്; തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായി; ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്? കെ പി സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
കോഴിക്കോട്: ബിജെപി നേതാവും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ ശങ്കു ടി ദാസിന് ഗുരുതരമായി പരിക്കേറ്റ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹതകൾ തുടരുന്നു. ഇസ്ലാമിസ്റ്റുകളുടെയും മാർക്വിസ്റ്റുകളുടെയുമൊക്കെ കണ്ണിലെ കരടായ ശങ്കുവിന്റെ അപകടത്തിൽ ദുരൂഹതകൾ ഏറെയുണ്ടെന്ന് ഒരു വിഭാഗം പറയുമ്പോൾ, ഒരു വാഹനാപകടത്തിൽ ഗൂഢാലോചനാ സിദ്ധാന്തം കയറ്റുരുതെന്നാണ് മറ്റുചിലർ സോഷ്യൽ മീഡിയയിൽ വാദിക്കുന്നത്. എന്നാൽ എഴുത്തുകാരനും, പ്രഭാഷകനും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ പി സുകുമാരൻ ഒരു പത്രവാർത്തയുടെ കട്ടിങ്ങ് ഷെയർ ചെയ്തുകൊണ്ട് ചമ്രവട്ടം പാലത്തിൽ സമാനമായി നടന്ന ഒരു ബൈക്ക് അപകടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായിപ്പോയ ആ അപകടത്തിൽ മരിച്ചത് ഒരു ബിജെപി പ്രവർത്തകനാണ്.
കെ പി സുകുമാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. 'ശങ്കു ടി ദാസിന് അപകടം പറ്റുന്നതിനു മുൻപ് അതേ പ്രദേശത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തിന്റെ വാർത്തയാണിത്. ഇത് പോലെ എത്ര അപകടങ്ങൾ നടക്കുന്നു. എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ?എന്തായാലും ശങ്കു ടി ദാസ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു. ഫേസ്‌ബുക്കിലും ക്ലബ് ഹൗസിലും ഞങ്ങൾ ബന്ധപ്പെടാറുണ്ടായിരുന്നു. പല കാര്യങ്ങളിലും വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ ശങ്കുവിനെ പോലെ ജാഗ്രത പാലിക്കുന്ന വേറൊരാൾ എന്റെ അറിവിൽ ഇല്ല.''- കെ പി സുകുമാരൻ ചൂണ്ടിക്കാട്ടുന്നു.
ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്?
പോസ്റ്റിനൊപ്പം കെ പി സുകുമാരൻ ഷെയർ ചെയ്ത പത്ര വാർത്ത ഇങ്ങനെയാണ്- 'ചമ്രവട്ടം പാലത്തിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു' എന്ന തലക്കെട്ടിലുള്ള വാർത്ത ഇങ്ങനെയാണ്. ''ചമ്രവട്ടം പാലത്തിന് മുകളിലുണ്ടായ അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവ് മരിച്ചു. പുതുപ്പള്ളി മഠത്തിൽപ്പടി കടവത്തുപറമ്പിൽ വിനോദ് (33) ആണ് തൽക്ഷണം മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. ബൈക്കിലിടിച്ച വാഹനം നിർത്താതെ പോയി.
നരിപ്പറമ്പിലെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു വിനോദ്. അപകടശേഷം അതുവഴി വന്ന സുഹൃത്തുക്കൾക്കുപോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആയിരുന്നു മൃതദേഹം. പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പുലർച്ചെയാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. പരേതനായ സുബ്രമണ്യന്റെ മകനാണ്. ബിജെപി പുതുപ്പള്ളി ബൂത്ത് പ്രസിഡന്റാണ്''. - ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്.
ഈ പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയിൽ വലിയ വിവാദം ഉയരുന്നുണ്ട്. നേരത്തെയും ചമ്രവട്ടം പാലത്തിൽ ദുരൂഹമായ അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് പലരും സോഷ്യൽ മീഡിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ശങ്കുവിനെ ആശുപത്രിയിൽ എത്തിച്ചതാര്?
അതിനിടെ ശങ്കുവിനെ ആശുപത്രിൽ എത്തിച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. ഒരു പോസ്റ്റ് ഇങ്ങനെയാണ്. ''ബൈക്ക് അപകടം പറ്റി റോഡിൽ കിടന്ന സങ്ക പരിവാർ നേതാവ് ശങ്കു ടി ദാസിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് മുസ്ലിങ്ങൾ. വഴിയിൽ ഒന്ന് വീണു പോയാൽ ആരാണ് സഹായത്തിനു എത്തുന്നത് എന്ന് പറയാൻ പറ്റില്ല. ഇനിയെങ്കിലും മനുഷ്യത്വത്തിന് വില നൽകി ജീവിക്കുക. ഏതായാലും സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു''- ഇതിന് മറുപടിയായി പലരും കമന്റ് ചെയ്യുന്നുണ്ട്.
ഒരു വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുക്ക കാര്യത്തിലും നാം ജതിമതം നോക്കാൻ തുടങ്ങിയോ എന്നാണ് മറ്റൊരു പോസ്റ്റ്. 'സ്റ്റാന്റ് തട്ടാതെ ഒരാൾ ബൈക്കിൽ പോവുന്നത് കണ്ടാൽ സ്റ്റാന്റെ എന്ന് ആളുകൾ വിളിച്ച് പറയുന്നത് അവന്റെ ജാതി നോക്കിയല്ല.. ഒരു ആക്സിഡന്റ് നടന്നാൽ അവിടേക്ക് സഹായത്തിന് ആളുകൾ ഓടിയെത്തുന്നത് ജാതി നോക്കി സഹായിക്കാനല്ല.. ഒരാൾക്ക് അത്യാവശ്യമായി ബ്ലഡ് വേണമെന്ന് പറഞ്ഞാൽ അവിടെ ആരും ജാതി നോക്കാറില്ല. എല്ലാം മനുഷ്യത്തത്തിന്റെ പേരിൽ മാത്രം.. അതൊക്ക മനസിലാക്കി ജീവിക്കുമ്പോൾ എല്ലാവർക്കും സമാധാനം''- എന്നാണ് ഈ പോസ്റ്റിന് താഴെയുള്ള കമന്റ്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വച്ചാണ് ശങ്കു ടി ദാസിന് അപകടത്തിൽ പരിക്കേറ്റത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ നാട്ടുകാർ ശങ്കുവിനെ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് കോട്ടയ്ക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി.ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
ശങ്കുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരണവുമായി എത്തി. ''വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം...-എന്ന് സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഇത് ആസൂത്രിത അപകടമാണെന്ന് ആരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ അടക്കം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ് ബുക്കിലാണ് സെൻകുമാറും കുറിപ്പിട്ടത്. ഇതെല്ലാം അപകടത്തിലെ ദുരൂഹതാ വാദമെല്ലാം ബിജെപി വക്താവ് സന്ദീപ് വാചസ്പതി തന്നെ തള്ളി കളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റും വിവാദമായി. ''ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക'' -എന്നാണ് സന്ദീപ് വാചസ്പതി കുറിച്ചത്. ഇതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ