പത്തനംതിട്ട: ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റ് തുടരാൻ പൊലീസ് തീരുമാനം. സന്നിധാനത്ത് 52കാരി തീർത്ഥാടകയെ ആക്രമിച്ചത് അടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് സർക്കാറിന്റെയും പൊലീസിന്റെയും നീക്കം. ആട്ടച്ചിത്തിരിക്കായി നടതുറന്ന വേളയിൽ സന്നിധാനത്ത് തമ്പടിച്ചത് ഒരു കൂട്ടം ക്രിമിനലുകളാണെന്നാണ് പൊലീസിന് വ്യക്തമായിട്ടുണ്ട്. അക്രമങ്ങളോട് വിട്ടുവീഴ്‌ച്ച പാടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ഈ വിഷയത്തിൽ കർശന നടിപടികൾ സ്വീകരിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം.

സന്നിധാനത്ത് ആക്രമണം നടത്തിയ 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷൻ ആൽബം പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂർ സ്വദേശി ലളിതയെ ശബരിമലയിൽ തടഞ്ഞതുൾപ്പെടെയുള്ള കേസിലുള്ളവരുടേതാണു ചിത്രങ്ങൾ. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ എത്തിയ തീർത്ഥാടകരിൽ 200 പേർ മാത്രമാണു യഥാർഥ ഭക്തരെന്നും 7000 പേർ ബിജെപി, ആർഎസ്എസ്, സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ എത്തിയവരാണ് ഇക്കൂട്ടരെന്നും സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്ന കാര്യം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോൾ നിലയ്ക്കലിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും ദർശനം നടത്തിയതായും പൊലീസ് കണ്ടെത്തി. ഫേസ് ഡിറ്റക്ഷൻ ക്യാമറകളാണ് ഇവരെ പിടികൂടിയതത്. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകൾ ലഭിക്കാൻ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിലയ്ക്കലിൽ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്‌സ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളും മുന്നോട്ടു പോവുകയാണെന്നു പൊലീസ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പലരും സന്നിധാനത്ത് എത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തുലാമാസ പൂജാ സമയത്തു നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 1500 പേരുടെ ചിത്രങ്ങൾ പൊലീസ് തയാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാർ വീണ്ടും എത്തിയപ്പോൾ ക്യാമറ മുന്നറിയിപ്പു സന്ദേശം കൺട്രോൾ റൂമിലേക്കു നൽകി.

കഴിഞ്ഞ വർഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേർ മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തർ എത്തിയെന്നാണു പൊലീസ് കണക്ക്. നാനൂറോളം പേർ നെയ്യഭിഷേകം കഴിഞ്ഞയുടൻ തിരിച്ചിറങ്ങി. ബാക്കിയുള്ളവർ ഒരു പകൽ മുഴുവൻ സന്നിധാനത്തു തമ്പടിച്ചതായാണു സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആർഎസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.

ഇത്തവണ ശബരിമലയിൽ എത്തിയവരുടെയും സന്നിധാനത്തു നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയവർ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാൽ നിയമപരമായി ഒന്നും ചെയ്യാൻ പൊലീസിനു കഴിയില്ല. ഇവർ അക്രമത്തിൽ പങ്കാളികളായോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം മണ്ഡലകാലത്തെ ശബരിമല സുരക്ഷാ സംവിധാനം ചർച്ച ചെയ്യാൻ പൊലീസ് ഉന്നതതല യോഗം 12 ന്. ഇന്നലെയും ഇന്നുമായി യോഗം നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാത്തതിനാലാണു മാറ്റിവച്ചതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പൊലീസ് വീഴ്ച യോഗം ചർച്ച ചെയ്യും.