ദോഹ: സംസ്‌കൃതി - സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് ഐ സി സി അശോക ഹാളിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ കഥാകൃത്ത് സബീന എം സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ. ഖദീജ മുംതാസ് സമർപ്പിക്കും. തുടർന്ന് സംസ്‌കൃതിയുടെ 2017 ലെ മെമ്പർഷിപ്പ് പ്രവർത്തനോദ്ഘാടനം ഡി. വൈ. എഫ്. ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു നിർവ്വഹിക്കും. കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടകമത്സരത്തിൽ സംസ്‌കൃതി അവതരിപ്പിച്ച ''കടൽ കാണുന്ന പാചകക്കാരൻ'' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംസ്‌കൃതി അംഗം ദർശന രാജേഷ്, സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റ് സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ''നാമ്പുകൾ'' കഥാ-കവിതാ മത്സരത്തിലെ വിജയികൾ എന്നിവരെ ആദരിക്കും.

സംസ്‌കൃതിയുടെ തീം സോങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ഖദീജ മുംതാസ് നിർവ്വഹിക്കും. തുടർന്ന് സംസ്‌കൃതിയുടെ കലാവിഭാഗം ''അഭിനയ സംസ്‌കൃതി'' അണിയിച്ചൊരുക്കുന്ന ദൃശ്യാവിഷ്‌കാരം ''മുച്ചീട്ട് കളിക്കാരന്റെ മകൾ'' അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.