ദോഹ: സംസ്‌കൃതി കേരളോത്സവം 2017 വിപുലമായ പരിപാടികളോടെ 9,10,11 തിയ്യതികളിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വെച്ച് നടക്കുന്നുമെന്നു സംസ്‌കൃതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായി എത്തും. സാഹിത്യകാരനും ദേശാഭിമാനി വാരിക എഡിറ്ററുമായ പ്രഫ. സി പി അബൂബക്കർ, ആറന്മുള എം എൽ എ വീണ ജോർജ്, ഗായകൻ വി ടി മുരളി എന്നവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

പരിപാടിയുടെ ആദ്യദിനമായ ഒമ്പതിന് വൈകീട്ട് 7 മണിക്ക് ഈ വർഷത്തെ സംസ്‌കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം അവാർഡ് ജേതാവായ ശ്രീദേവി വടക്കേടത്തിനു ജൂറി ചെയർമാൻ പ്രൊഫ. സി പി അബൂബക്കർ സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. തുടർന്നു സംസ്‌കൃതി അവതരിപ്പിക്കുന്ന നാടകം ''സ്വപ്നങ്ങൾ പൂക്കുന്ന നാട്'' അരങ്ങേറും. നാടക സംവിധാനം ഗണേശ് ബാബു മയ്യിൽ.

രണ്ടാം ദിവസമായ 10നു വൈകുന്നേരം 7 മണി മുതൽ സംസ്‌കൃതി കലോത്സവം കേരളത്തനിമയുണർത്തുന്ന വിവിധ കലാപരിപാടികളോടെ നടക്കും. വീണ ജോർജ്ജ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ സംസ്‌കൃതി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സംഗീത നിശ, നാടൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

11 വൈകുന്നേരം 6:30 മുതൽ സംസ്‌കൃതി ദോഹ സെന്റർ യൂനിറ്റ് ഒരുക്കുന്ന മലയാളം കവിതാലാപന മത്സരം 'ആർദ്രനിലാവ് 2017' ന്റെ ഫൈനൽ മത്സരങ്ങൾ നടക്കും. വിവിധ ഘട്ടങ്ങളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട 6 മത്സരാർത്ഥികൾ മാറ്റുരക്കുന്ന മത്സരത്തിൽ മുഖ്യവിധികർത്താവായി ഗായകൻ വി ടി മുരളി പങ്കെടുക്കും.

സ്‌കിൽസ്‌ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ജനറൽസെക്രട്ടറി കെ കെ ശങ്കരൻ പ്രോഗ്രാം കൺവീനർ പി എൻ ബാബുരാജൻ, സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാര സമിതി കൺവീനർ ഇ എം സുധീർ, സംസ്‌കൃതി വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി തുടങ്ങിയവർ പങ്കെടുത്തു.