ദോഹ: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജനക്ഷേമം മുൻ നിർത്തിയുള്ളതാണെന്ന് 'സംസ്‌കൃതി'. സ്ത്രീസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസ - കായിക മേഖല, കാർഷിക മേഖല തുടങ്ങിയവയ്ക്ക് ബജറ്റ് മുഖ്യ പരിഗണനയാണ് നല്കിയിരിക്കുന്നത്. നികുതി വർദ്ധനവിന് നവീന പദ്ധതികൾ ആവിഷ്‌കരിക്കുന്നതോടൊപ്പം, അധിക നികുതി ബാധ്യത ജനങ്ങൾക്ക് വരില്ല എന്നത് സ്വാഗതാർഹമാണ്.

പ്രവാസികൾക്ക് വലിയ പരിഗണനയാണ് നല്കിയിരിക്കുന്നത്. പ്രവാസികളുടെ പുനരധിവാസ പാക്കേജ്, നോർക്ക വകുപ്പിന്റെ ക്ഷേമപ്രവർത്തനം, പ്രവാസിമാന്ദ്യ പാക്കേജ് തുടങ്ങിയവ ഏറ്റവും പ്രതീക്ഷാജനകമാണ്. ടൂറിസം, സാംസ്‌കാരികം തുടങ്ങിയവയ്ക്കും ബജറ്റ് വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. ക്ഷേമപെൻഷനുകൾ ആയിരം രൂപയാക്കി വർദ്ധിപ്പിച്ചത് സർക്കാരിന്റെ ജനകീയതയാണ് കാണിക്കുന്നത്. നവകേരള യാത്രയിലും, പഠന കോൺഗ്രസ്സുകളിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും നല്കിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളത് തന്നെയാണെന്ന് തെളിയിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിക്കുന്നതായി 'സംസ്‌കൃതി' പ്രസിഡന്റ് എ.കെ ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ അറിയിച്ചു.