ദോഹ: മാമലകൾക്കപ്പുറത്തെ ഒരുമയും തനിമയുമായി സംസ്‌കൃതിയുടെ തീം സോങ്ങ് പ്രകാശനം ചെയ്തു. യുവകവി ഗിരീഷ് ശ്രീലകം രചിച്ച് രാജു മാസ്റ്റർ ഈണം നൽകിയ ''ഹൃദയം ഹൃദയത്തിൽ ഇഴ നെയ്തു ചേർക്കുമൊരു പുതിയ സംസ്‌കാരത്തിൻ അരുണോദയം'' എന്ന് തുടങ്ങുന്ന തീം സോങ്ങ് സദസ്സിന്റെ ഹൃദയ താളമായി മാറുകയായിരുന്നു.

സംസ്‌കൃതി - സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ. ഖദീജ മുംതാസ് പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് സബീന എം സാലി, സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ഇ എം സുധീർ, കവി ഗിരീഷ് ശ്രീലകം, പ്രശസ്ത നാടക സംവിധായകൻ ഗണേശ് ബാബു മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.