ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റിന്റെ ഓണം-ഈദ് ആഘോഷം ''ആവണിചന്ദ്രിക'' പരിപാടികളുടെ തനിമ കൊണ്ടും, വ്യത്യസ്ഥത കൊണ്ടും ദോഹയിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി. ദോഹയിലെ പ്രമുഖ ഗായകർ മലയാളി എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചലച്ചിത്ര ഗാനങ്ങളും, ഓണപ്പാട്ടുകളും, മാപ്പിളപാട്ടുകളും, നാടൻ പാട്ടുകളും അവതരിപ്പിച്ചു.

കലാമണ്ഡലം രശ്മിയുടെ നേതൃത്വത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്റർ അവതരിപ്പിച്ച ''കാവടിചിന്ത്'' നൃത്തശില്പം അവതരണമികവ് കൊണ്ട് മികച്ച് നിന്നു. സംസ്‌കൃതി ന്യു സലാത്ത യൂണിറ്റ് അവതരിപ്പിച്ച സ്‌കിറ്റ് അടക്കം വിവിധ നൃത്ത-നൃത്ത്യങ്ങളും ആസ്വാദകപ്രശംസ ഏറ്റുവാങ്ങി.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, പി എൻ ബാബുരാജൻ, ദോഹ യൂണിറ്റ് സെക്രട്ടറി സുഹാസ് പാറക്കണ്ടി, പ്രസിഡന്റ് മനാഫ് ആറ്റുപുറം, ജോയിന്റ് സെക്രട്ടറി രാജീവ് രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി.