ദോഹ: രാജ്യത്താകമാനം ഉയർന്ന് വരുന്ന വർഗ്ഗീയതയ്ക്കും, ഫാഷിസത്തിനുമെതിരെയുള്ള ഒരു ജനകീയ ബദൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ എളമരം കരീം. സംസ്‌കൃതിയുടെ പ്രഭാഷണ പരമ്പരയിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ 'എൽ ഡി എഫ് സർക്കാരും പ്രവാസികളും' എന്ന വിഷയത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മഹത്തായ മതേതര സ്വഭാവം കാത്ത് സൂക്ഷിക്കുന്നതിൽ ഇടത്പക്ഷം വഹിക്കുന്ന പങ്ക് വലുതാണ്. 1957ലെ ഇ എം എസ് സർക്കാർ മുതലിങ്ങോട്ട് അധികാരത്തിലിരുന്ന ഇടത്പക്ഷ സർക്കാരുകൾ സ്വീകരിച്ച ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക-വ്യാവസായിക നയങ്ങൾ കേരളത്തെ മറ്റ് സംസ്ഥനങ്ങളെ അപേക്ഷിച്ച് വികസന-മാനവ സൂചികയിൽ മുൻ പന്തിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാസികൾക്ക് വേണ്ടി എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ളത് കാലാകാലങ്ങളിൽ വന്ന എൽ ഡി എഫ് സർക്കാരുകളാണ്. കേരളത്തിന്റെ അടിസ്ഥാനവികസന കാര്യങ്ങളിൽ അടക്കം പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പദ്ധതികളാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലയിലെ സ്ഥാപങ്ങൾ എല്ലാം ലാഭത്തിൽ പ്രവർത്തിപ്പിച്ചാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അധികാരമൊഴിഞ്ഞത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എല്ലാ പൊതുമേഖലാ സ്ഥപങ്ങളുടേയും അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസിഭാരതി അന്തർദ്ദേശീയ നാടകോത്സവത്തിൽ മികച്ച രചനയ്ക്കും, മികച്ച നടിക്കുമുള്ള പുരസ്‌കാരം ലഭിച്ച സംസ്‌കൃതി അംഗങ്ങളായ രാജേഷ് മാത്യു, ദർശന രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്‌കൃതി ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, പ്രസിഡന്റ് എ കെ ജലീൽ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.