- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകൾ ആത്മഹത്യ ചെയ്ത കേസിൽ രാജൻ പി. ദേവിന്റെ ഭാര്യ കീഴടങ്ങി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട് പൊലീസ്
കൊച്ചി: അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടപടിക്രമങ്ങളുടെ ഭാഗമായി രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റ് വരിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശാന്തമ്മ പൊലീസിന് മുന്നിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി അവരെ പൊലീസ് വിട്ടയച്ചു. ഫലത്തിൽ വിചാരണയ്ക്കു മുമ്പുള്ള ജയിൽ വാസം രാജൻ പി ദേവിന്റെ ഭാര്യയ്ക്ക് ഒഴിവായി.
അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സൗത്ത് സോൺ ഡിഐജിയെ ഏൽപിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. രാജൻ പി.ദേവിന്റെ ഭാര്യ ശാന്തമ്മയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.ഗോപിനാഥിന്റെ നിർദ്ദേശം വന്നത്. തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ ഡിഐജി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി രാജൻ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണി റിമാൻഡിൽ ജയിലിലും കിടന്നു.
ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു.
പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. 2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകിയിരുന്നു. തെളിവായി ഫോണിലെ വിഡിയോയും നൽകി.
വിവാഹ സമയത്ത് 35 പവനു പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിൽ നീന്തൽ അദ്ധ്യാപികയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ