ഇടുക്കി: ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയും പ്രായപൂർത്തിയാവാത്തതുമായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതികൾ 16 മുതൽ 22 വയസ്സുവരെ ഉള്ളവരെന്ന് സൂചന. നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടുക്കി എസ് പി, മൂന്നാർ ഡി വൈ എസ് പി ശാന്തൻപാറ സി ഐ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

കസ്റ്റഡിയിലുള്ളവർ പൂപ്പാറ സ്വദേശികളാണ്. കൃത്യത്തിൽ ഇവരിൽ ഓരോരുത്തരുടെയും പങ്ക് വ്യക്തമായി മനസ്സിലാക്കുന്നതിനായി ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും മാറി മാറി ചോദ്യം ചെയ്തുവരികയാണ്. ഭാഗികമായി ഇവർ കുറ്റംസമ്മതിച്ചെന്നും കൃത്യത വരുത്തിയ ശേഷം അറസ്റ്റിലേയ്ക്ക് നീങ്ങുന്നതിനാണ് അന്വേഷക സംഘം തീരുമാനിച്ചിട്ടുള്ളതെന്നും അറിയുന്നു.

പെൺകുട്ടിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അക്രമികളിൽ നിന്നും നേരിട്ട ക്രൂരമായ ലൈംഗിക പീഡനം മൂലം മാനസികമായി തകർന്ന നിലയിലാണ് പെൺകുട്ടി. ഹിന്ദിപരിജ്ഞാനമുള്ളവരുടെ സഹായത്തോടെയാണ് പൊലീസ് പെൺകുട്ടിയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴിയെടുത്തത്.

ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയായ 15 കാരിയാണ് ആക്രണത്തിന് ഇരയായത്. ആൺസുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും, തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി.

സംഭവത്തിൽ രാത്രി തന്നെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തേയിലത്തോട്ടം കാണാൻ മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്. സമീപത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങാൻ സുഹൃത്ത് മാറിയപ്പോൾ അടുകൂടിയ നാലംഗ സംഘം പിന്നീട് സുഹൃത്തിനെ ഭീഷിണിപ്പെടുത്തി ഓടിച്ച ശേഷം പെൺകുട്ടിയെ ഉദ്രവിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.