രിയൻ തീർത്ഥാടനകേന്ദ്രമായ നോക്കിൽ നിന്നു ട്രെയിനിൽ യാത്രചെയ്‌യുകയായിരുന്നു വയോധികനായ ഒരു വൈദീകൻ. തീവണ്ടിമുറിയിൽ ആ അപ്പൂപ്പനോട് ചങ്ങാത്തംകൂടി ഒരു കുഞ്ഞുബാലിക. പെട്ടെന്ന് ചെറുപ്പക്കാരിയായ ആ അമ്മ കുട്ടിയെ ശാസിച്ചുകൊണ്ടു പറഞ്ഞു: 'പീഡോഫൈൽസ്'.

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കുള്ള ഒറ്റവാക്കാണ് അത്. ആ നിമിഷം ഹൃദയംതകർന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു കൊതിച്ചു ആ നല്ല പുരോഹിതൻ.അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. ഇത് വിവരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ തൊണ്ടയിടറി.കത്തോലിക്ക രാജ്യമാണ് അയർലൻഡ്. ജനസംഖ്യയുടെ എഴുപത്തിരണ്ട് ശതമാനവും കത്തോലിക്കർ. ജനജീവിതത്തിൽ നൂറ്റാണ്ടുകളായി സക്രിയമായിരുന്നു സഭ; സജീവമായ ഇടവകകൾ, പ്രാർത്ഥനകളും കൂദാശകളും സജീവം. പക്ഷേ, കഴിഞ്ഞ ഇരുപതുവർഷംകൊണ്ട് കാര്യങ്ങളാകെ കീഴ്‌മേൽ മറിഞ്ഞു.

അമേരിക്കയിലെ സ്ഥിതിയും ഭിന്നമല്ല. അവിടുത്തെ കത്തോലിക്കാസഭ വൈദീകരുടെ പീഡനകേസുകൾ കൈകാര്യംചെയ്തും നഷ്ടപരിഹാരം നൽകിയും മുച്ചൂടും മുടിഞ്ഞു. പോർട്ട് ലാൻഡ്, ടക്‌സൺ, മിൽവോക്കി തുടങ്ങി ഒരു ഡസനിലേറെ രൂപതകൾ കോടതികളിൽ പാപ്പർ ഹർജി ഫയൽചെയ്തു.പള്ളിയോടുചേർന്നുള്ള പ്രൈമറിസ്‌കൂൾ മുറ്റത്ത് കാൽകുത്താൻ ഭയമാണെന്നു പറഞ്ഞ ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലീഷ് വൈദീകൻ എന്റെ സുഹൃത്താണ്. ലോകമെന്പാടുമുള്ള വൈദീകരുടെ പാപങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മാപ്പിരന്നത് നാളുകൾ മാത്രം മുൻപാണ്.ഏറ്റവും പുതിയ കണക്കനുസരിച്ച് 415,792 വൈദീകരുണ്ട് കത്തോലിക്കാസഭയിൽ. ഇവരിൽ ഇടറിപ്പോയവർ ഒരു ശതമാനത്തിലും താഴെയാണ്. പക്ഷേ, ആ ന്യൂനപക്ഷത്തിന്റെ പേരിലാണ് ലോകം മുഴുവനുമുള്ള വൈദീകർ അവഹേളിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും.

സുകൃതികളായ ആ ബഹുഭൂരിപക്ഷത്തിനുമുന്നിൽ സ്തുതിചൊല്ലിക്കൊണ്ടുതന്നെ ചിലതൊക്കെ പറയട്ടെ ഞങ്ങൾ ഇക്കുറി.മാനന്തവാടി രൂപതയിലെ റോബിൻ എന്ന പുരോഹിതന്റെ പിഴച്ചുപോയ വഴികളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ വിചാരണയിപ്പോൾ. ഏറെ നല്ലതാണ് ആ വിചാരണയെന്നു പറയുമ്പോൾ തെല്ലുമില്ല, വൈക്ലബ്യം. കാരണം, മൂടിവയ്ക്കപ്പെട്ട ഒട്ടനവധി കനൽക്കഥകൾ നേരിട്ടറിയാം; ഇത്രയേറെ ചാനലുകളും സോഷ്യൽ മീഡിയയും ഇല്ലായിരുന്ന ഒരു കാലഘട്ടം.ഏതു രൂപതാമെത്രാനും വെറും നാല് ഫോൺവിളികൾ കൊണ്ട് ഇത്തരത്തിലുള്ള ഏതു വാർത്തയും തമസ്‌കരിക്കാൻ കഴിയുമായിരുന്ന കാലത്തെക്കുറിച്ചാണത്. കോട്ടയത്തേക്ക് രണ്ടു ഫോൺ കോൾ, കോഴിക്കോട്ടേക്ക് ഒന്ന്, തിരുവനന്തപുരത്തേക്ക് മറ്റൊന്ന്. മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ചേർന്ന് ഇത്തരത്തിൽ ഒതുക്കിത്തുതീർത്ത സംഭവങ്ങൾ വാർത്താമുറികളിൽ പ്രവർത്തിച്ചവർക്കറിയാം.

കാലം മാറിയതോടെ വാർത്തകളുടെ മൂടികൾ തുറക്കപ്പെടുന്നുവെന്നു മാത്രം. സഭയുടെ 'സൽപ്പേര്' നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം തമസ്‌കരണങ്ങൾ. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇപ്പോഴും വിദഗ്ദമായി ചെയ്യുന്നുണ്ട് ഇതേ തന്ത്രം.ഇത്തരത്തിൽ 'ഭ്രൂണഹത്യ ചെയ്യപ്പെട്ട' വാർത്തകൾകൂടി കണക്കിലെടുത്താണ് ഈ കുറിപ്പിലെ അക്ഷരങ്ങളെ തേച്ചുമിനുക്കിയത്. മുറിപ്പെടുത്താൻ ഉദ്ദേശ്യമില്ല; മിഴിതുറന്നൊന്നുകാണാൻ ഇടയാകട്ടെ എന്നുമാത്രമാണ് പ്രാർത്ഥന.ആൾക്കൂട്ടം തന്റെ മുന്നിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുവന്ന പാപിനിയുടെ മുഖത്തുപോലും നോക്കാതെ ക്രിസ്തു നിലത്ത് എഴുതിക്കൊണ്ടിരുന്നു; ഒടുവിൽ അദ്ദേഹം പറഞ്ഞു: 'നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ!'

ആ പാവത്തെ കരുണയോടെ ഉൾക്കണ്ണിൽക്കണ്ടുകൊണ്ട് നടത്തിയ 'നിലത്തെഴുത്തല്ല' യെരുശലേം ദേവാലയത്തിൽ ചാട്ടവാർ എടുത്തപ്പോൾ ക്രിസ്തു നടത്തിയതെന്നു വിസ്മരിക്കരുത്. 'വെള്ളയടിച്ച കുഴിമാടങ്ങൾ' എന്ന് അവൻ ആരെയെങ്കിലും നോക്കി വിളിക്കുന്നുണ്ടോയെന്നുകൂടി ചുറ്റുമൊന്നു പരതുന്നത് നല്ലതാണ്.റോബിൻ ചെയ്തുവെന്നു പരക്കെ പറയപ്പെടുന്ന കാര്യങ്ങൾ ഇവയാണ്:

ഒന്ന് :തനിക്ക് ആത്മീയമായി ഭരമേല്പിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയുമായി വ്യഭിചാരം എന്ന പാപം ചെയ്തു.

രണ്ട് :പ്രായംതികയാത്ത ബാലികയെയാണ് ലൈംഗികമായി ദുരുപയോഗിച്ചത്.
മൂന്ന്: ദൈവത്തിന്റെ പ്രതിപുരുഷനായി തന്നെ കണ്ടിരുന്ന ഒരു കുട്ടിയുടെ ദാരിദ്ര്യം മുതലെടുത്ത് അവളെ ചൂഷണം ചെയ്തത്.
നാല്: തന്നിൽ നിന്ന് പെൺകുട്ടിക്ക് പിറന്ന കുഞ്ഞിന്റെ പിതൃത്വം അവളുടെ തന്നെ അപ്പനിൽ ആരോപിക്കാനുള്ള കാപട്യം.
അഞ്ച് :ഈ കടുത്തപാപങ്ങൾ മറച്ചുവച്ചു രക്ഷപെടാനുള്ള ശ്രമം.ഈ കുറ്റങ്ങൾ അയാൾ സമ്മതിച്ചതായാണ് പൊലീസിന്റെ ഭാഷ്യം.

48 വയസുള്ള, ആത്മീയപരിശീലനം ലഭിച്ച ഒരാൾക്ക് എങ്ങിനെയാണ് ഒരു ബാലികയെ ലൈംഗികമായി ദുരുപയോഗിക്കാൻ മനസുവരുന്നത്? ക്രൈസ്തവവിശ്വാസമുള്ള സാധാരണ മനുഷ്യർക്കുപോലും ചിന്തിക്കാൻ പ്രയാസമുള്ള കാര്യമാണിത്.

കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കുടുംബങ്ങളിൽ നടക്കാറില്ല? ഉണ്ടാവാം. എന്നാൽ, ഒരു പുരോഹിതൻ ഇതുചെയ്യുമ്പോഴുള്ള ആ പാപത്തിന്റെ ഗൗരവം പലകുറി ഏറുന്നു.പുതിയനിയമത്തിൽ തന്നെ ഇതിനുള്ള ഉദാഹരണമുണ്ട്.
സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മാലാഖ പുരോഹിതനായ സക്കറിയയോട് വെളിപ്പെടുത്തുന്‌പോൾ അദ്ദേഹമൊരു മറുചോദ്യം ചോദിക്കുന്നുണ്ട്: 'ഇതെങ്ങിനെ സംഭവിക്കും?'ഏതാനും മാസം കഴിഞ്ഞു വീണ്ടും ഗബ്രിയേൽ ദൂതൻ സാധാരണക്കാരിയായ മറിയത്തിന്റെ അടുക്കലും സമാനമായ സന്ദേശം നൽകുന്നു. മറിയവും സക്കറിയ ചോദിച്ചതുപോലെ ചോദിക്കുന്നു: 'ഇതെങ്ങിനെ സംഭവിക്കും?'

അവിശ്വസിച്ച സക്കറിയ ഊമനായി; മറിയത്തിനാകട്ടെ മറുപടിയും ലഭിച്ചു.അത്രമേൽ 'സീരിയസ്' ആണ് പൗരോഹിത്യം എന്ന് സാരം. അസ്സീസിയിലെ അതിവിശുദ്ധനായ ഫ്രാൻസിസിനെ മെത്രാൻ പോലും പലകുറി നിർബന്ധിച്ചു: 'നീയൊരു വൈദീകൻ ആകുക.'തനിക്കതിനുള്ള വിശുദ്ധിയില്ല എന്നായിരുന്നു ഫ്രാൻസിസിന്റെ ആവർത്തിച്ചുള്ള ഉത്തരം.ഒരുപാട് ഇരുണ്ടുപോകുന്ന കാലഘട്ടമാണ് ഇത്. എല്ലാ വെട്ടങ്ങളും വല്ലാതെ കെട്ടുപോകുന്ന ഒരു കെട്ടകാലം! കേരളത്തിലെ സഭയിൽ ഇപ്പോൾ സംഭവിക്കുന്നത് ഒരു അപായസൂചനയാണ് എന്നു തിരിച്ചറിയാൻ വൈകിപ്പോകരുത്.

കഴിഞ്ഞദിവസം ഒരു മാധ്യമസുഹൃത്ത് 'ഔട്ട് ലൂക്ക്' മാസികയുടെ ഒരു ലക്കം അയച്ചുതന്നു. അതിന്റെ കവർ സ്റ്റോറിയുടെ തലക്കെട്ട്:

പ്പ്രിെസ്റ്റ്‌ല്യ് പ്പ്രെദറ്റൊര്‌സ്. ഇരപിടിയന്മാരായ പുരോഹിതരെന്നു ഭാഷാന്തരം.

റോബിന്റെ കഥകൾ പുറത്തറിയാൻ തുടങ്ങിയിരുന്നില്ല അപ്പോൾ. ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളസഭ കണ്ട 'ഇരപിടിയന്മാരുടെ' മുഖങ്ങളായിരുന്നു അതിൽ.കോട്ടപ്പുറം രൂപതയിലെ എഡ്വേർഡ് ഫിഗറസ് എന്ന നാൽപ്പത് വയസുള്ള പുരോഹിതൻ; 14 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരട്ടജീവപര്യന്തം.

തൃശൂർ രൂപതയിലെ രാജു കൊക്കൻ എന്ന വൈദീകൻ; ആദ്യകുർബാന സ്വീകരണത്തിന് ഒരുങ്ങിയ ഒൻപതുവയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചതാണ് കുറ്റം! പാലക്കാട് വാളയാറിൽ ഫാത്തിമ സോഫിയ എന്ന പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തിന് ആരോഗ്യരാജ് എന്ന പുരോഹിതൻ അറസ്റ്റിൽ.കുറേവർഷം മുൻപ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട സിറിയക് കാർത്തികപ്പള്ളി എന്ന വൈദീകൻ. ഈ പട്ടിക നീണ്ടുപോകുന്നു.

ഇതിലേറെ സംഭവങ്ങൾ അറിയാവുന്നവരാണ് പല രൂപതാധ്യക്ഷന്മാരും. പലതും പുറത്തുവരാതെ മറച്ചുപിടിച്ചത് അവരുടെ മിടുക്ക്; ദൈവസന്നിധിയിൽ അത് കുടുക്ക് ആവാതിരുന്നാൽ മതിയായിരുന്നു. ആരെയും അപകീർത്തിപ്പെടുത്താനല്ല ഈ വാക്കുകൾ; ഇതൊരുതരം സ്വയം വിമർശനമാണ്. എത്രകാലം ഇത് കണ്ടില്ലെന്നു നടിക്കാൻ കഴിയും? സെമിനാരി പരിശീലനകാലത്ത് തുടങ്ങണം നല്ല പുരോഹിതനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ. വിശുദ്ധിയുടെ ഞാറ്റടികൾ ആകേണ്ടിയിരുന്ന സെമിനാരികൾ പാരലൽ കോളേജ് നിലവാരത്തിലുള്ള അധ്യയനശാലകളും കോളേജ് ഹോസ്റ്റലിനേക്കാൾ അശുദ്ധിവിളയുന്ന താമസസ്ഥലങ്ങളും ആയിത്തീരുന്നു. വേലിതന്നെ വിളവുതിന്നുന്ന അനുഭവങ്ങൾ!

ഒരു പുരോഹിതനാവുക അത്രവലിയ നഷ്ടക്കച്ചവടമല്ല ഇന്ന്! സമൂഹത്തിൽ മാന്യമായ സ്ഥാനം, ഏതു പന്തിയിലും മുൻനിരയിലൊരു ഇരിപ്പിടം. കൊച്ചച്ചന്മാർക്കുപോലും ആഡംബരകാറുകളും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും ആയാസരഹിതമായ ജീവിതവും. അല്ലലില്ലാതെ ജീവിക്കാനുള്ള വക വേറെയും. സൗഹൃദസദസുകളിൽ മദ്യപിക്കുന്ന വൈദീകരും ധാരാളം.

വൈദീകജീവിതങ്ങൾക്ക് ഒരു 'മോണിറ്ററിങ്' സംവിധാനം വേണം. ഓരോ വൈദീകന്റെയും ആത്മീയസ്ഥിതി വിലയിരുത്താൻ മുതിർന്ന വൈദീകരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കണം. പുഴുക്കുത്തുകൾ തുടക്കത്തിലേ കണ്ടറിഞ്ഞാൽ ചികിത്സ എളുപ്പമാണ്.

കുറ്റപ്പെടുത്താനല്ല, ഈ കുറിമാനം എന്ന് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. വല്ലാതെ നിറംകെട്ടു പോകുന്നു ഈ കാലം, നമ്മുടെ അൾത്താരകൾ അങ്ങനെ ആകാതിരിക്കട്ടെ.പ്രിയപ്പെട്ട വൈദീകരെ, നിങ്ങൾ ഉയർത്തുന്ന കാസകളിൽ ഞങ്ങളിൽ പലരുടെയും തുടിക്കുന്ന ഹൃദയം കൂടിയുണ്ടെന്ന് ഓർമ്മിക്കണേ!

(ദീപികയിൽ ദീർഘകാലം ജോലിചെയത ശേഷം യുകെയിൽ സ്ഥിരതാമസമാക്കി വചന പ്രഘോഷകനായി മാറിയ വ്യക്തിയാണ് ലേഖകൻ)