- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചോട്ടത്തിന് വീട്ടിൽ പറഞ്ഞത് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന കാരണം; കാമുകനൊപ്പം നടന്നു നീങ്ങിയപ്പോൾ കിട്ടിയത് കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങുമുള്ള അടി; ഓർമ്മയുള്ളപ്പോൾ നൽകിയത് അക്രമിയെ അറിയില്ലെന്ന മൊഴി; ജീവൻ രക്ഷിച്ചത് അയൽവാസിയുടെ ഇടപെടൽ; 'അമ്മാവൻ' സന്തോഷിന്റെ ക്രൂരതയിൽ ദുരൂഹത നീങ്ങുന്നില്ല
പാലാ : കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തിൽ മുൻവശത്തെ പല്ലുകൾ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ ഇരുവശങ്ങളിലും പിൻഭാഗത്തും അടിയേറ്റ് രക്തം ചീറ്റുന്നുമുണ്ടായിരുന്നു. ജീവൻ രക്ഷപെട്ടത് തക്കസമയത്തുള്ള അയൽവാസിയുടെ ഇടപെടലിൽ.
ഇന്നലെ പുലർച്ചെ പാലായ്ക്കു സമീപം വെള്ളിയേപ്പള്ളിയിൽ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിനിരയായ യുവതി അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ചുണ്ടും മുഖവുമെല്ലാം മുറിവുമൂലം ചീർത്ത നിലയിലാണ്. ഇതുമൂലം സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് യുവതി.
ഇവരിൽ നിന്നും മൊഴിയെടുത്താലെ സംഭവത്തിനുപിന്നിലെ യാഥാർത്ഥവിവരം ലഭ്യമാവു എന്നാണ പൊലീസ് നിലപാട്.വാടക വീടിന്റെ ഉടമയും മാതാവും കൂടിയാണ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്നാണ് യുവതി ഇവരോട് വ്യക്തമാക്കിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്ന് വീട്ടുകാരെ ധരിപ്പിച്ചാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. മൊബൈലിന്റെ ടോർച്ച് വെട്ടത്തിലായിരുന്നു യാത്ര. ഈയവസരത്തിലാണ് പിന്നിൽ നിന്നായിരിക്കാം സന്തോഷ് കമ്പിപ്പാരയ്ക്ക് അടിച്ചതെന്നും തിരിഞ്ഞപ്പോൾ വീണ്ടും അടിച്ചതിനാലാവാം മുഖത്ത് അടിയേറ്റതെന്നുമാണ് പൊലീസ് അനുമാനം.
ക്രൂരമായ ആക്രമണത്തിനിരയായിട്ടും അക്രമിയെ തിരിച്ചറിഞ്ഞില്ലന്ന് യുവതി വെളിപ്പെടുത്തിയത് എന്തിനായിരിക്കാമെന്നതാണ് ഈ സംഭവത്തിൽ ചോദ്യചിഹ്നമായിരിക്കുന്ന പ്രധാന വസ്്തുത. സംഭവത്തിൽ അമ്മാവൻ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂർ പുറ്റുമഠത്തിൽ സന്തോഷി(61)നെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു.
പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കെ എസ് ആർ ടി സിയിൽ നിന്നും ഡ്രൈവർ ആയി വിരമിച്ച സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്ത പരിചയമുണ്ടായിരുന്നു.
തീർത്ഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിൽ ആണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷമായി യുവതിയും സന്തോഷമായി അടുപ്പത്തിൽ ആവുകയും തുടർന്ന് യുവതി സന്തോഷിനു ഒപ്പം ഒരുമിച്ചു ജീവിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആറാം തീയതി യുവതിയും സന്തോഷും ഒന്നിച്ച് അർത്തുങ്കലും മറ്റും പോയ ശേഷം യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടിൽ എത്തിക്കുകയും യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാൻ ആയി എവിടെയെങ്കിലും പോകാനായി വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി വെളുപ്പിന് നാല് മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി വീട്ടിൽ നിന്നും എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുകിടന്നു. നാലേമുക്കാൽ മണിയോടുകൂടി സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോൺ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യിൽ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിക്കുകയും ആയിരുന്നു.
അടികിട്ടിയ യുവതി പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്നു പതിവുപോലെ പാലാ ടൗണിൽ ഓട്ടോയുമായി എത്തി സന്തോഷ് ഓടിച്ചു വരികയായിരുന്നു.ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും പൊലീസ് കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ് എച്ച് ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ് ഐ ശ്യാംകുമാർ കെ എസ്, എസ് ഐ തോമസ് സേവ്യർ, എ എസ് ഐ ഷാജിമോൻ എ റ്റി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കെ എസ്, അരുൺ ചന്ത്,ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
മറുനാടന് മലയാളി ലേഖകന്.