കൊച്ചി; ദലിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി. തുടർന്നു കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യഹർജി അന്നു തന്നെ മജിസ്‌ട്രേട്ട് നിയമാനുസൃതം തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ സന്തോഷ് ഏച്ചാക്കാനം റിമാൻഡിലാവില്ലെന്ന് ഉറപ്പാവുകയാണ്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു വിലയിരുത്തിയാണു കോടതി നിർദ്ദേശം. ഏച്ചിക്കാനം ചാമകൊച്ചിയിൽ ബാലകൃഷ്ണന്റെ പരാതിയിലാണ് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഹൊസ്ദുർഗ് പ്രിൻസിപ്പൾ എസ്ഐ എ സന്തോഷ് കുമാർ കേസെടുത്തത്. ഏഷ്യാനെറ്റ് ചാനലിലെ കേരള ലിറ്ററേചർ ഫെസ്റ്റിവെലിന്റെ ഭാഗമായി 'എന്റെ കഥ ദളിത് വിരുദ്ധരല്ല' എന്ന പരിപാടിയുടെ മുഖാമുഖം ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം മാവിലാൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണ് ബാലകൃഷ്ണന്റെ പരാതി.

മാവിലാൻ സമുദായത്തെയും സർവ്വോപരി പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെയും മനഃപൂർവ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോടുകൂടി സന്തോഷ് സമൂഹത്തിന്റെ മുന്നിൽ പരസ്യമായി ജാതി വർഗ്ഗ വർണ്ണ ഭാഷപരമായി വിവേചനം പുലർത്തുകയും സ്ത്രീ വിരുദ്ധത കാട്ടുകയും ചെയ്തുവെന്നും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തിൽ മുറിവേൽപ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്.

പിന്നോക്കക്കാരെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിൽ സന്തോഷ് സംസാരിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി. എസ്സി എസ്ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുർഗ് പൊലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈവർഷം ഫെബ്രുവരി ഒമ്പതിന് കോട്ടയത്ത് പുസ്തകപ്രസാധകർ സംഘടിപ്പിച്ച ചർച്ചയിൽ കഥാകൃത്ത് ഉണ്ണിയുമായി സംസാരിക്കവെ നടത്തിയ പരാമർശമാണ് പരാതിക്കിടയാക്കിയത്.

അംബേദ്കർ തന്റെ സമുദായത്തെയും മുന്നോട്ടു കൊണ്ടുവരാൻ ശ്രമിച്ചെന്നും എന്നാൽ ഇപ്പോൾ സമുദായനേതാക്കളായ പലരും അങ്ങനെ ചെയ്യുന്നില്ലെന്നും സന്തോഷ് സൂചിപ്പിച്ചതായി പരാതിയിൽ പറയുന്നു. തന്റെ അയൽവാസിയായ മാവിലൻ സുദായ സംഘടനാനേതാവിന്റെ കാര്യം അദ്ദേഹം ഉദാഹരിച്ചു. ഇത് മാവിലൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിലായിരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ മനഃപൂർവം അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമർശമായിരുന്നു ഇത് -പരാതിയിൽ പറയുന്നു

ഈ സംഭാഷണശകലം പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു. യൂട്യൂബിലും പ്രചരിച്ചു. ഇതിന്റെ വീഡിയോദൃശ്യമടക്കമുള്ള പരാതി ബാലകൃഷ്ണൻ ദളിത് പീഡനക്കേസുകൾ കൈകാര്യംചെയ്യുന്ന കാസർകോട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്‌പി. കെ.ഹരിശ്ചന്ദ്രനായിക്കിന് നൽകി. തുടർന്ന് സന്തോഷിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം കേസെടുക്കാൻ ഹൊസ്ദുർഗ് പൊലീസിന് ഡിവൈ.എസ്‌പി. നിർദ്ദേശം നൽകുകയായിരുന്നു. വിവാദപരാമർശമുണ്ടായെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഡിവൈ.എസ്‌പി. പറഞ്ഞു. ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരേ പട്ടികജാതി-പട്ടികവർഗ സംരക്ഷണനിയമത്തിലെ 3(1യു) വകുപ്പനുസരിച്ചാണ് കേസെടുത്തത്.

തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാതിയാണ് നൽകിയിരിക്കുന്നതെന്ന് സന്തോഷ് ഏച്ചിക്കാനം പ്രതികരിച്ചു. പുസ്തപ്രസാധകർ നടത്തിയ സാഹിത്യോത്സവത്തിൽ കഥാകൃത്ത് ഉണ്ണിയും താനും തമ്മിൽ നടന്ന സംവാദമാണ് വിഷയം. ഞനെഴുതിയ ബിരിയാണി എന്ന കഥാസമാഹാരം മുസ്ലിം വിരുദ്ധമാണ് എന്ന വിമർശനമുന്നയിച്ചതിനെക്കുറിച്ച് ഉണ്ണിയോട് വിശദീകരിക്കവെ നേരത്തേ പന്തിഭോജനം എന്ന കഥയെക്കുറിച്ചും ഇത്തരം വിമർശനങ്ങളുയർന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ദളിത് അനുകൂല കഥയായ പന്തിഭോജനത്തിന്റെ കഥാസന്ദർഭവും വിശദീകരിച്ചു.

അതിനൊപ്പം അംബേദ്കറുടെ ജീവിതവും പരാമർശിച്ചു. ഇന്ന് ദളിത് വിഭാഗത്തിൽനിന്ന് ഉയർന്ന നിലയിലെത്തിയ ചിലർ അവരുടെ ദളിത് സ്വത്വബോധവും കർത്തവ്യവും മറന്ന് സവർണരായിമാറാൻ ശ്രമിക്കുന്നുണ്ട്. അത്തരമൊരു കഥയും ഞാൻ എഴുതിയിട്ടുണ്ട്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആ കഥയിലെ കഥാപാത്രത്തിനെക്കുറിച്ചും പരാമർശിച്ചിരുന്നു. ആ കഥാപാത്രം, ഇപ്പോൾ പരാതി നൽകിയ ആളെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിച്ചതാണ് ഇങ്ങനെ സംഭവിക്കാനിടയാക്കിയത്. ഇത്തരമൊരാക്ഷേപം വിചിത്രവും അതിശയിപ്പിക്കുന്നതുമാണ് -ഏച്ചിക്കാനം പറഞ്ഞു.