- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല; പാർട്ടികൾ എന്റെ പേര് നിർദ്ദേശിച്ചിരിക്കാം; ജോസ് കെ മാണി വിളിച്ചപ്പോൾ മുഴുവൻ സമയ അംഗം ആകാനില്ലെന്ന് അറിയിച്ചിരുന്നു'; ആസൂത്രണ ബോർഡ് പാർട്ട് ടൈം അംഗം ആക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡ് പാർട്ട് ടൈം അംഗം ആക്കിയതിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ താത്പര്യ പ്രകാരം സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ച് കേരള കോൺഗ്രസ് എമ്മിന്റെ പേരിൽ അവതരിപ്പിക്കുന്നു എന്നാണ് കേരള കോൺഗ്രസ് എമ്മിൽ ഉയർന്നിരിക്കുന്ന വിവാദം.ആസൂത്രണ ബോർഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാൻ ജോസ്.കെ മാണി വിളിച്ചിരുന്നു എന്നും മുഴുവൻ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചതെന്നും സന്തോഷ് ജോർജ് കുളങ്ങര പ്രതകരിച്ചു.
ടൂറിസം മേഖലയിൽ പരിചയം ഉള്ളവരെയായിരുന്നു അംഗം ആക്കേണ്ടിയിരുന്നതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ തന്റെ പേര് നിർദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഴുവൻ സമയ അംഗത്തെ കേരളകോൺഗ്രസ് എം ചോദിച്ചു. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് താൽപര്യമെടുത്ത് സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡിലെടുത്ത ശേഷം പാർട്ടിയുടെ മേൽ അവകാശം അടിച്ചേൽപ്പിച്ചു എന്ന വിമർശനം കേരളകോൺഗ്രസ് അണികളിലുണ്ട്. തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും, എന്നാൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണ് സന്തോഷ് ജോർജ് കുളങ്ങര അറിയിച്ചത്. യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡ് അംഗമാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി. കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണുമായാണ് ആസൂത്രണ ബോർഡ് പുനഃ സംഘടിപ്പിച്ചത്. ബോർഡിലെ ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ നിശ്ചയിച്ചു.
ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു. പി. അലക്സ്, ഡോ. കെ. രവിരാമൻ എന്നിവർ വിദഗ്ധ അംഗങ്ങളാണ്. പാർട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ.രാമകുമാർ, വി നമശിവായം, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.മുന്മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലന്റെ ഭാര്യയാണ് ജമീല
മറുനാടന് മലയാളി ബ്യൂറോ