സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാസങ്കൽപങ്ങളെ തകിടം മറിക്കുകയാണ് ഈ കോഴിക്കോട്ടുകാരൻ. ''സൈബർ ലോകത്തെ രാജകുമാരൻ''. പാവങ്ങളുടെ സൂപ്പർസ്റ്റാർ. വിശേഷണങ്ങൾ അനവധിയാണ് പണ്ഡിറ്റിന്. തിയേറ്ററുകൾക്കും അപ്പുറത്തേക്ക് സിനിമയ്ക്ക് ഒരു ലോകം ഉണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് കണ്ടെത്തി. അതിൽ വിജയം നേടി.

യൂട്യൂബിന്റെ അനന്ത സാധ്യതകൾ സാധാരണക്കാരായ ഓരോ മലയാളിയിലേക്കും എത്തിച്ചു. എന്തിനും വിപണി സാധ്യത കണ്ടെത്തുന്നതുപോലെ, സിനിമയേയും ചെറിയ ബഡ്ജറ്റിലാക്കി വിറ്റഴിച്ചു. ആദ്യം പുരികം ചുളിച്ചവരൊക്കെ, ലാഭക്കണക്ക് കണ്ട് അമ്പരന്ന് തുടങ്ങി. അങ്ങനെ പണ്ഡിറ്റ് സൈബർ ലോകത്തെ 'കിങ്' ആയി വാഴ്‌ത്തപ്പെട്ടു. നെഗറ്റീവ് പബ്ലിസിറ്റിക്ക് ഇത്രയും സാധ്യത ഉണ്ടെന്ന് പണ്ഡിറ്റ് നമ്മൾ മലയാളികൾക്ക് മനസിലാക്കിത്തന്നു.

''എന്തിനേയും മാർക്കറ്റ് ചെയ്യുക, അതാണ് എന്റെ ശൈലി'' ഇത് പണ്ഡിറ്റിന്റെ സ്വന്തം വാക്കുകളാണ്. കേവലം ഒരു സർക്കാർ ജോലിക്കാരനായ സന്തോഷ് പണ്ഡിറ്റ്, ഇന്ന് ലോകം അറിയുന്ന സന്തോഷ് പണ്ഡിറ്റ് ആയതിലേക്കുള്ള പരിണാമം, മറുനാടൻ മലയാളി പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നു. ഒപ്പം തന്റെ പുതിയ ചിത്രമായ ''ഉരുക്ക് സതീശന്റെ'' ചിത്രീകരണ വിശേഷങ്ങളും.

ചോ : ആദ്യം തന്നെ താങ്കളുടെ പുതിയ ലുക്കിനെക്കുറിച്ച് ചോദിച്ച് തുടങ്ങാം. തല മൊട്ടയടിച്ച് ആളാകെ മാറിയല്ലോ. പുതിയ പടത്തിനു വേണ്ടിയാണോ?
ഉ : (തന്റെ സ്വതസിദ്ധമായ ചിരിയോടെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞുതുടങ്ങി) അതെ, എന്റെ ഏഴാമത്തെ ചിത്രം 'ഉരുക്ക് സതീശന്റെ' ചിത്രീകരണത്തിനായാണ് മുടി മൊട്ടയടിച്ചത്. ഒരു വ്യത്യാസം ആയിക്കോട്ടെ എന്ന് കരുതി. വേണമെങ്കിൽ എനിക്ക് വിഗ് വച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. എന്ത് ചെയ്താലും അതിൽ പൂർണ്ണത വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മൊട്ടയടിക്കാമെന്ന് കരുതി. അതിന്റെ പിന്നിലും ഒരു മാർക്കറ്റിങ് സാധ്യത ഞാൻ കണ്ടു. അത് എന്താണെന്ന് വച്ചാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ ഞാൻ മൽസരാർത്ഥിയായി പങ്കെടുത്തിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന പെൺ മൽസരാർത്ഥികൾക്കിടയിൽ എന്റെ മുടി വിഗ്ഗാണോ എന്നതിനെ സംബന്ധിച്ച് ഒരു സംശയം ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം ഞാൻ ഉറങ്ങി കിടക്കുമ്പോൾ മൂന്ന് സ്ത്രീകൾ എന്റെ അടുത്ത് വന്ന് എന്റെ മുടി പിടിച്ച് നോക്കി. മുടി ഒറിജിനലാണോ എന്ന് നോക്കുകയായിരുന്നു അവരുടെ ഉദ്ദേശം. പക്ഷേ, അന്നത്തെ എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ മുടിയെ ശ്രദ്ധിക്കാനും ആളുകൾ ഉണ്ട് എന്നത്. അന്ന് രാത്രിയാണ് 'ഉരുക്ക് സതീശൻ' എന്ന ഈ സിനിമയുടെ വൺ ലൈൻ ഉണ്ടാക്കുന്നത്. അപ്പോൾ ഞാൻ ചിന്തിച്ചു. നല്ല മുടി എന്ന് മറ്റുള്ളവർ പറഞ്ഞാൽ അപ്പോൾ, ആ നിമിഷം തോന്നുന്ന ഒരു സന്തോഷം മാത്രമേ നമുക്കുള്ളൂ. അതേ സമയം, കുറച്ചുപേരെങ്കിലും ഇഷ്ടപ്പെടുന്ന ഈ മുടി അങ്ങ് മൊട്ടയടിച്ചാലോ, അതിന്റെ സാധ്യത മറ്റൊന്നാണ്. അങ്ങനെയാണ് മുടി മൊട്ടയടിക്കാൻ ഞാൻ തീരുമാനിച്ചത്.

പക്ഷേ, അതുകൊണ്ട് ഒരു പണിയും എനിക്ക് കിട്ടി. 'ഉരുക്ക് സതീശന്റെ'ചിത്രീകരണത്തിന്റെ കൂടെ 'ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ'എന്ന ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു. തലമുടി മൊട്ടയടിച്ചത് കാരണം, രണ്ട് പടങ്ങൾ ഒരുമിച്ച് ഷൂട്ട് ചെയ്യുന്ന രീതിക്ക് തിരിച്ചടിയായി.

ചോ : സിനിമയിലെ ക്യാമറ ഒഴികെയുള്ള ഒട്ടുമിക്ക ഡിപ്പാർട്ടുമെന്റുകളും താങ്കളാണ് കൈകാര്യം ചെയ്യുന്നത്. എങ്ങനെ സാധിക്കുന്നു?
ഉ : ശരിയാണ്. ക്യാമറ ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. എഡിറ്റിങ്, ഗ്രാഫിക്‌സ്, മ്യൂസിക് എല്ലാം... ഒരു കാര്യം ഞാൻ പറയാം, വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്ര പാടില്ല സിനിമ ചെയ്യാൻ എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ വീട്ടിൽ തനിച്ചാണ്. അപ്പോ എനിക്ക് വീട്ടിലെ ജോലിയും ചെയ്യണം, ഇതും ചെയ്യണം. അതുകൊണ്ട് എനിക്ക് നന്നായിട്ട് അത് മനസിലാകും.

ചോ : കുടുംബം?
ഉ : അച്ഛനും അമ്മയും മരിച്ചു. ഒരു സഹോദരി ഉണ്ട്, സന്ധ്യാ പണ്ഡിറ്റ്. അവരുടെ വിവാഹം കഴിഞ്ഞു. വളരെ ചെറുപ്പത്തിലേ വിവാഹിതനായ ആളാണ് ഞാൻ. അതിലേറെ നേരത്തേ വിവാഹ മോചിതനുംആയി. ഒരു മകൻ ഉണ്ട് നവജ്യോത് പണ്ഡിറ്റ്. വർഷത്തിൽ രണ്ട് തവണ മകനെ കാണും. ശരിക്കും പറഞ്ഞാൽ വളരെ ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ ദുരന്തങ്ങൾ ഞാൻ അനുഭവിച്ചു. വിവാഹമോചിതനായ ശേഷം ഒരു പുനർ വിവാഹത്തിനായി ഒരുപാട്‌പേർ നിർബന്ധിച്ചു, പക്ഷേ, ജീവിതത്തിൽ എന്തൊക്കെയോ പുതുതായി ചെയ്യണം എന്ന ആഗ്രഹമായിരുന്നു അന്നെനിക്ക്.

ചോ : ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്നും ഒരു സിനിമാ നടൻ/സംവിധായകൻ എന്ന ലേബലിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
ഉ : എന്റെ ജീവിതത്തിൽ എല്ലാം നേരത്തേയാണ് സംഭവിച്ചത്. പത്തൊമ്പതാം വയസിൽ പി.ഡബ്ല്യൂ.ഡി ഡിപ്പാർട്ട്‌മെന്റിൽ ജോലി ലഭിച്ചു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയായിരുന്നു അന്നെന്റെ യോഗ്യത. പിന്നീട് ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടി വന്നു. ശരിക്കും അന്ന് ജോലി എനിക്കൊരു കൈത്താങ്ങ് തന്നെയായിരുന്നു. അന്നും ഇന്നും എന്ത് ചെയ്താലും അതിനൊരു പൂർണ്ണത വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പരീക്ഷണങ്ങളെ സ്‌നേഹിക്കുകയും അത് ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ.

ഒരുപാട് സിനിമകൾ കാണുമായിരുന്നു അന്നൊക്കെ, സിനിമയിലെ ടെക്‌നിക്കുകൾ കാണുമ്പോൾ ഇതൊക്കെ എങ്ങനെ ചെയ്യും എന്ന് അതിശയിച്ച് ഇരുന്നിട്ടുണ്ട്. അത്തരം ടെക്‌നിക്കുകളാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. ഈ ജോലിയിൽ കിട്ടുന്ന സ്വാതന്ത്ര്യവും മറ്റൊരു കാരണമാണ്. അതുപോലെതന്നെ'ഭഗവദ് ഗീത' എന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്, നമ്മുടെ ഉള്ളിൽ തോന്നിയ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ കൂടിയാണ് ദൈവം നമുക്ക് നൽകിയ ഈ മനുഷ്യ ജന്മം എന്ന് ചിന്തിച്ചപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടു.

ചോ : സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ എന്തൊക്കെ ഹോം വർക്കുകളാണ് ചെയ്തത്?
ഉ : ഞാൻ ഒരു ഫിലിം ഇന്സ്റ്റിട്യൂട്ടിൽ നിന്നും ഡിഗ്രി എടുത്തിട്ടില്ല. ഒരു സിനിമാ സെറ്റ് പോലും ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. എന്റെ മനസിൽ ആകെയുള്ളത് എങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വ്യത്യസ്തമാക്കാം എന്നായിരുന്നു. എങ്ങനെയും ശ്രദ്ധിക്കപ്പെടുക, അതായിരുന്നു എന്റെ ലക്ഷ്യം. അതിനായി ഞാൻ ആദ്യം ചെയ്തത് ഇവിടത്തെ മഹാ നടന്മാരെ പഠിക്കുകയായിരുന്നു. അതിൽ നിന്നും എനിക്ക് മനസിലായത്, മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ നല്ല അഭിനേതാക്കളാണ്.

പക്ഷേ, ലൈവിൽ ഓഡിയൻസിനോട് സംസാരിക്കുന്നതിൽ തീർത്തും പരാജിതരാണ്. സൂപ്പർ സ്റ്റാറുകളുടെ സിനിമയിലെ ഡയലോഗ് ജനം ഓർത്തിരിക്കുന്നുണ്ടാവും. എന്നാൽ അവർ ഏതെങ്കിലും ലൈവ് ഷോകളിൽ പങ്കെടുത്ത് പറഞ്ഞ ഡയലോഗ് ജനത്തിന് ഓർമ്മയുണ്ടാകില്ല. അവിടെയാണ് ഞാൻ എന്റെ സ്‌പേസ് കണ്ടെത്തിയത്. പിന്നീട് എങ്ങനെ ബഡ്ജറ്റ് കുറയ്ക്കാം എന്നായി എന്റെ ചിന്ത. അഞ്ച് കോടി മുടക്കി പടം പിടിക്കാൻ ആർക്കും ആവും. എന്നാൽ, അഞ്ച് ലക്ഷത്തിനുള്ളിൽ പടം പിടിക്കാൻ എല്ലാർക്കും ആവും.

ചോ : യൂട്യൂബിൽ നിന്ന് ഇത്രയധികം വരുമാനം ഉണ്ടാക്കാമെന്ന് സാധാരണ മലയാളിയെ പഠിപ്പിച്ചത് സന്തോഷ് പണ്ഡിറ്റാണ്. എങ്ങനെയാണ് അങ്ങനൊരു ഐഡിയ തോന്നിയത്?
ഉ : എന്റെ പടത്തിന്റെ മുഴുവൻ ചെലവ് അഞ്ച് ലക്ഷം രൂപയാണ്. എങ്ങനെയും മുടക്കുമുതൽ തിരിച്ചു പിടിക്കുക, അതായിരുന്നു എന്റെ അടുത്ത ലക്ഷ്യം. എനിക്ക് സ്വന്തമായി 7ഡി ക്യാമറ ഉള്ളതിനാൽ ആ ചെലവ് മാറിക്കിട്ടി. പിന്നെ എഡിറ്റിങ്, ഗ്രാഫിക്‌സ് എല്ലാം ഞാൻ തന്നെയാണ് ചെയ്തത്. സാധാരണ പലരും ശ്രദ്ധിക്കാത്ത കാര്യമാണ് യൂട്യൂബ് കാണുമ്പോൾ ഇടയ്ക്കിടെ വരുന്ന പരസ്യങ്ങൾ. ഇവിടെ ക്ലിക്കിനാണ് കാശ്. അതുകൊണ്ട് ഞാൻ ഒരു ബിസിനസ്സുകാരനെ കണ്ടിട്ട് ഇതിന്റെ സാധ്യതയെപ്പറ്റി സംസാരിച്ചു. ആറ് വർഷം മുൻപാണ് സംഭവം. അന്ന് ഇത്ര പബ്ലിസിറ്റി സാധാരണ ജനങ്ങൾക്കിടയിൽ യൂട്യൂബിന് ആയിട്ടില്ല. അങ്ങനെ ഞാൻ ആ ബിസിനസ്സുകാരനുമായി ഒരു ക്ലിക്കിന് പത്ത് പൈസ എന്ന നിരക്കിൽ ഡീൽ ഉറപ്പിച്ചു.

എന്റെ ആദ്യ ചിത്രമായ 'കൃഷ്ണനും രാധയും' യൂട്യൂബ് കളക്ഷനിൽ നിന്ന് വമ്പിച്ച ലാഭമാണ് എനിക്ക് നേടിത്തന്നത്. അതിലെ പാട്ടുകൾ പതിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം ആളുകളാണ് കണ്ടത്. അതുപോലെ തന്നെ 2011 നവംബർ പന്ത്രണ്ടാം തീയതി 'ഗൂഗിൾ ട്രെന്ഡ്‌സിന്റെ' രണ്ടമത്തെ പൊസിഷനിൽ ഞാനെത്തി. (അന്നേ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെന്ഡായ ആൾ എന്ന അർത്ഥത്തിൽ)

ചോ : സൈബർ ലോകമാണ് താങ്കളെ ഹിറ്റാക്കിയത്. അതുപോലെ തന്നെ സൈബർ ലോകത്തുനിന്നുള്ള ആക്രമണങ്ങൾക്കും താങ്കൾ ഇരയായിട്ടുണ്ട്. അതെങ്ങനെയാണ് നേരിട്ടത്?
ഉ : എനിക്ക് എപ്പോഴും ഇഷ്ടം എന്നെ വെറുക്കുന്നവരെയാണ്. കാരണം അവർ നമ്മളെ കുറ്റം പറയാൻ വേണ്ടി മുഴുവൻ ഇരുന്ന് കാണുകയും തെറി വിളിക്കുകയും ചെയ്യും. ആരാധകരെ തീർച്ചയായും ഇഷ്ടമാണ്, തെറ്റിദ്ധരിക്കരുതേ. ഈ രണ്ട് കൂട്ടരും നമുക്ക് ഉപകാരികളാണ്. മാനസികമായി എനിക്ക് ഇതൊന്നും തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. Santhosh Pandit Official എന്നുള്ളതാണ് എന്റെ ഫേസ്‌ബുക്ക് പേജ്. carnival5555@gmail.com - ഇതാണ് എന്റെ ഇ-മെയിൽ ഐഡി. എന്റെ പേഴ്‌സണൽ നമ്പർ 09947725911. ആർക്കും എപ്പോഴും ഇതിലൂടെ ഞാനുമായി ബന്ധപ്പെടാം.

ചോ : താങ്കളുടെ നായികമാരെ താങ്കൾ എങ്ങനെയാണ് കണ്ടെത്തുന്നത്?
ഉ : എന്റെ നായികമാരെയെല്ലാം ഞാൻ ഫേസ്‌ബുക്ക് വഴിയാണ് കണ്ടെത്തുന്നത്. ആഭിനയിക്കാൻ താൽപര്യമുള്ളവർ ഫേസ്‌ബുക്കിലൂടെ അവരുടെ പോസ്റ്റ് ഇടും. അങ്ങനെ ഓഡിഷൻ നടത്തി അഭിനയിപ്പിക്കും. എന്റെ ആദ്യ ചിത്രത്തിനു മാത്രമേ നായികയെ തേടി അലയേണ്ടി വന്നിട്ടുള്ളൂ. അതാണല്ലോ മിമിക്രിക്കാർക്ക് എന്നോടുള്ള ചൊരുക്കും. സന്തോഷ് പണ്ഡിറ്റിനു മാത്രം നായികമാരെ എവിടുന്ന് കിട്ടുന്നു. ഞങ്ങളൊരു സ്റ്റേജ് ഷോയ്ക്ക് വിളിച്ചാൽ പോലും ഫീമെയ്ൽ ആർട്ടിസ്റ്റുകളെ കിട്ടാനില്ല എന്നു പറഞ്ഞ് അവർ ആക്ഷേപം ഉന്നയിച്ചിരുന്നു.

അതായത് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയുടെ സ്വഭാവ മഹിമ കൊണ്ടാണ് എന്റെ സിനിമകളിൽ അഭിനയിക്കാൻ പെൺകുട്ടികൾ വരുന്നത്. എന്റെ സിനിമാ ഷൂട്ടിങ് വൈകിട്ട് അഞ്ച് മണി വരെയേ ഉള്ളൂ. ലോഡ്ജിങ് ഇല്ല. അതുകൊണ്ടുതന്നെ പെൺകുട്ടികൾ കംഫർട്ടബിൾ ആണ്. എനിക്ക് ബഡ്ജറ്റും ലാഭം.

ചോ : താങ്കളുടെ സിനിമയിലെ നായികമാരെ വല്ലാണ്ട് വൾഗറായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപത്തോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
ഉ : ഞാൻ ആദ്യമേ പറഞ്ഞല്ലോ, ഞാൻ എന്നെ വിറ്റ് കാശാക്കുന്ന ആളാണെന്ന്. ഞാൻ ആദ്യം തന്നെ നായികയെ വിളിച്ച് ഏത് സോങ് ആണ് ചിത്രീകരിക്കാൻ പോകുന്നത്, അതിന്റെ സ്വഭാവം, ഇതെല്ലാം പരസ്പരം ഡിസ്‌കസ് ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ അവരോട് വളരെ ഓപ്പണായി പറയാറുണ്ട്, സിനിമ എന്നത് കച്ചവട സംരംഭമാണ്, ഡ്രസ്സിന്റെ നീളം കുറയുന്നതിനനുസരിച്ച് യൂട്യൂബിലെ ക്ലിക്ക് കൂടും. ഈ സോങ്ങും വേണമെങ്കിൽ നമുക്ക് രണ്ട് രീതിയിൽ ചെയ്യാം. ഫുൾ ഡ്രസ്സിട്ടും അഭിനയിക്കാം,ഡ്രസ്സിന്റെ നീളം കുറച്ചും അഭിനയിക്കാം.

നിങ്ങൾ കംഫർട്ടെബിൾ ആണേൽ മാത്രം നമുക്ക് ചെയ്യാം. ഞാൻ ഒരു നായികയെ പോലും ഇതുവരെ നിർബന്ധിച്ച് ഒരു ഷോട്ടിൽ പോലും അഭിനയിപ്പിച്ചിട്ടില്ല. എന്റെ എല്ലാ ചിത്രത്തിലും നായിക ഫുൾ ഡ്രസ്സിൽ അഭിനയിച്ച പാട്ടും ഉണ്ട്. മറ്റ് പാട്ടുകളുട്ടെയും ഇതിന്റെയും വ്യൂവർഷിപ്പ് കണ്ടാൽ ഞാൻ പറഞ്ഞതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.

ചോ : താങ്കളുടെ സിനിമകളിലെ ഗാനരംഗങ്ങളിലെല്ലാം നായികമാരോടൊപ്പം വല്ലാത്തൊരു വികാര ജീവിയായിട്ടാണ് താങ്കളെ കാണാൻ കഴിയുന്നത്. ഇതെന്താണ്, മനഃപൂർവ്വം ചെയ്യുന്നതാണോ, അതോ?
ഉ : അയ്യോ! അത് ശെരിക്കും എഡിറ്റിംഗിൽ ഞാൻ ചില ഷോട്ടുകൾ സ്പീഡിൽ ആക്കുന്നതാണ്. അത് കാണുമ്പോൾ വല്ലാണ്ട് ആക്രാന്തം മൂത്ത ആളെപ്പോലെ തോന്നും. ഇനി വരുന്ന പടങ്ങളിൽ തീർച്ചയായും ഞാനത് ശ്രദ്ധിക്കും. വളരെ നന്ദി, ഇങ്ങനൊരു സജഷൻ തന്നതിന്.

ചോ : സന്തോഷ് പണ്ഡിറ്റ് എന്ന നടനെ ഒരുപാട് പേർക്ക് ഇഷ്ടമാണ്. ചിലർക്ക് വെറുപ്പാണ്. സന്തോഷ് പണ്ഡിറ്റിന്റെ ഇഷ്ട നടനും നടിയും ആരാണ്?
ഉ : നടൻ - മോഹൻലാൽ, നടി തമന്ന

ചോ : മറ്റു സംവിധായകരുടെ ചിത്രങ്ങൾ താങ്കൾ കാണാറുണ്ടോ? താങ്കൾ ആരാധിക്കുന്ന സംവിധായകൻ ആരാണ്?
ഉ : ഒപ്പം, പുലിമുരുകൻ, ബാഹുബലി എല്ലാം കാണാറുണ്ട്. ആരാധന പ്രിയദർശനോടാണ്. ടെക്‌നിക്കൽ ഇഫക്ടിൽ രാജമൗലി ചിത്രങ്ങളും ഇഷ്ടമാണ്. എന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശനിലും ഗ്രാഫിക്‌സിന്റെ സാധ്യതകൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിന്റെ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട്. അതെടുത്ത് പറയാൻ കാരണം, ഒരു പ്രശസ്ത സംവിധായകൻ എന്നോട് പറഞ്ഞതാണ് അദ്ദേഹത്തിന്റെ ചിത്രത്തിലെ ഒരു ഷോട്ടിന്റെ ഗ്രാഫിക്‌സ് ചെയ്തതിന് ഒരു കോടി രൂപയായി എന്ന്. ആ സ്ഥലത്താണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിൽ ഇതെല്ലാം കൂടി അഞ്ച് ലക്ഷത്തിന്...

ചോ : എത്ര സിനിമകൾ ചെയ്യണമെന്നാണ് താങ്കളുടെ ആഗ്രഹം? ഭാവിയിൽ മറ്റൊരു നായകനെ വച്ചൊരു സന്തോഷ് പണ്ഡിറ്റ് സിനിമ പ്രതീക്ഷിക്കാമോ?
ഉ : നല്ല ചോദ്യം. ഞാൻ സിനിമാ ഇന്ഡസ്ട്രിയിലേക്ക് ഇറങ്ങിയപ്പോഴേ മറ്റൊരാളെ വച്ച് സിനിമ ചെയ്യണം എന്ന് കരുതിയതാണ്. പക്ഷേ, പ്രൊഡ്യൂസർ ഉണ്ടെങ്കിൽ ചെയ്യാം. പിന്നെ, സിനിമകളുടെ എണ്ണം അങ്ങനൊന്നും ചിന്തിച്ചിട്ടില്ല.

ചോ : 'സന്തോഷ് പണ്ഡിറ്റ് സെക്‌സ് വീഡിയോസ്' എന്ന ടാഗ്‌ലൈനിൽ കുറേ വീഡിയോകൾ യൂട്യൂബിൽ കാണാം. അതും മാർക്കറ്റിംഗിന്റെ ഭാഗമാണോ? അതോ താങ്കളുടേതല്ലാത്ത വീഡിയോകളാണോ അത്?
ഉ : വീഡിയോയുടെ ടാഗ്‌ലൈൻ മാത്രമാണ് ഇപ്പോൾ മാഡം പറഞ്ഞത്. അത് ക്ലിക്ക് ചെയ്യുമ്പോൾ എന്താണ് കണ്ടതെന്ന് പറഞ്ഞില്ല. ക്ലിക്ക് ചെയ്യൂ, കാണൂ... എന്നിട്ട് ചോദിക്കൂ...

ചോ : നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് പ്രശസ്തനായ ആളാണ് താങ്കൾ. താങ്കളുടെ തന്നെ ഇഷ്ടമല്ലാത്ത സ്വഭാവം എന്താണ്?
ഉ : അങ്ങനെ ഒരു സ്വഭാവം ഉണ്ട് എന്നറിഞ്ഞിട്ടും വച്ചോണ്ടിരിക്കുന്നത് എന്തിന്, അതങ്ങ് മാറ്റിയാൽ പോരേ... സ്വതസിദ്ധമായ സന്തോഷ് പണ്ഡിറ്റ് സ്‌റ്റൈൽ മറുപടിയും ഉടനടി കിട്ടി.

''നിങ്ങൾ പ്രേക്ഷകരുടെ സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. എന്റെ മുന്നോട്ടുള്ള കരിയറിൽ നിങ്ങളുടെ ഏവരുടെയും സഹകരണം എനിക്ക് വേണം. എല്ലാ മറുനാടൻ മലയാളി പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...''

ഒരു ചാണക്യന്റെ കൗശലത്തോടെ സന്തോഷ് പണ്ഡിറ്റ് തന്റെ വിശേഷങ്ങൾ പങ്കുവച്ചു. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്കും, ട്രെൻഡുകൾ തേടിയും, സൈബർ ലോകത്തെ ഈ രാജകുമാരൻ നടന്നകന്നു. അടുത്ത സന്തോഷ് പണ്ഡിറ്റ് യുട്യൂബ് വൈറലിനായി ജനം കാത്തിരിക്കുന്നുവെന്ന വിശ്വാസത്തോടെ...