- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സംഭവം നടന്നത് ഉത്തർ പ്രദേശിൽ എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ ഉണർന്നേനെ; ഇതിപ്പോൾ എല്ലാവരും ഉറക്കത്തിലാണ്; നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കൽ തടയാനുള്ള ശ്രമത്തിനിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ സന്തേഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇങ്ങനെ
കുടിയൊഴിപ്പിക്കൽ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത രാജനും ഭാര്യയും കേരളത്തിലെ സാധാരണ മനുഷ്യരുടെയുള്ളിൽ നോവായി അവശേഷിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജൻ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്പിളിയും മരിച്ചു. പൊലീസിന്റെ ക്രൂരതയിൽ വെന്തു മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ അവർ താമസിച്ചിരുന്ന വീട്ടുവളപ്പിൽത്തന്നെ സംസ്കരിച്ചു. അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി. തങ്ങളുടെ അച്ഛനെയും അമ്മയെയും അവർ താമസിച്ചിരുന്ന സ്ഥലത്തുതന്നെ അടക്കം ചെയ്യണമെന്ന ഇവരുടെ വിലാപം പോലും ആദ്യം പൊലീസ് കേട്ടിരുന്നില്ല. പിന്നെ നാട്ടുകാരുടെ രോഷം തിരിച്ചറിഞ്ഞ് പൊലീസ് പിന്മാറുകയായിരുന്നു. എന്നാൽ, സംഭവത്തിൽ പൊതു സമൂഹം ഇത്രയധികം പ്രതികരിച്ചിട്ടും കേരളത്തിലെ സാംസ്കാരിക നായകർ വിഷയത്തിൽ ഇടപെടുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് സന്തോഷ് പണ്ഡിറ്റ്.
കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും പണ്ഡിറ്റ് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ളവം എഴുതുന്നത് ശ്രദ്ധയിൽ പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാൻ ഉള്ള മനസ്സു കൂടി (പണമുള്ളവർ) കാണിച്ചാൽ നന്നായിരുന്നു. മണ്ണിൽ ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ളവം എന്നു പറയുന്നതെന്നും പണ്ഡിറ്റ് വ്യക്തമാക്കി.
നമ്പർ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തിൽ എത്രയോ കുടുംബങ്ങൾ സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങൾ പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട് എന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും ഒക്കെ ദുരന്തങ്ങൾ സംഭവിച്ചാലേ ചില കാര്യങ്ങൾ ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:
നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയിൽ ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാർത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോൾ വലിയ ആശങ്കയും തോന്നുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ളവം എഴുതുന്നത് ശ്രദ്ധയിൽ പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാൻ ഉള്ള മനസ്സു കൂടി (പണമുള്ളവർ) കാണിച്ചാൽ നന്നായിരുന്നു. മണ്ണിൽ ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ളവം എന്നു പറയുന്നത്.
2011 മുതൽ കേരളത്തിലെ നിരവധി വനവാസി മേഖലകളിലും, കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തിൽ ഒരിക്കലെങ്കിലും സന്ദർശനം നടത്താറുള്ള എന്റെ അനുഭവത്തിൽ നമ്പർ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തിൽ എത്രയോ കുടുംബങ്ങൾ സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങൾ പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങൾ സംഭവിച്ചാലേ ചില കാര്യങ്ങൾ ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല.
മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം, മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രിയം, സാമ്പത്തിക ശേഷി നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്നു വിശ്വസിക്കുന്നു. (ഈ സംഭവം നടന്നത് ഉത്തർ പ്രദേശിൽ എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ ഉണർന്നേനെ.. ഇതിപ്പോൾ എല്ലാവരും ഉറക്കത്തിലാണ്. ) ദമ്പതികൾക്ക് ആദരാജ്ഞലികൾ....
മറുനാടന് ഡെസ്ക്