ചെന്നൈ: ഗജ സംഹാര താണ്ഡവമാടിയ തമിഴ്‌നാട്ടിൽ സഹായ ഹസ്തവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ ഭാഗമായി നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, നാഗൂർ, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്തോഷ് സന്ദർശിച്ചിരുന്നു. ഈ ഭാഗങ്ങളിലുള്ളവർക്ക് തന്നാൽ കഴിയും വിധം സഹായം നൽകാനും താരം മുന്നോട്ട് വന്നിരിക്കുകയാണ്. ഇവിടെ  ഇപ്പോഴും കനത്ത മഴയാണെന്നും ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും പണ്ഡിറ്റ് പറയുന്നു.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല ഇവിടെ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഗപട്ടണത്തെ ഉൾഗ്രാമങ്ങളിൽ എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും ഭൂരിഭാഗം പാവപ്പെട്ടവരുടെ കുടിലുകളും കൃഷിയും കന്നുകാലികളേയും 'ഗജ' യിലൂടെ നഷ്ടപ്പെട്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ ആർക്കെങ്കിലും അറിവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അറിയിക്കാനും സന്തോഷ് അഭ്യർത്ഥിക്കുന്നുണ്ട്. പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നൽകിയ തമിഴ്‌നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം പറഞ്ഞിരുന്നു. തമിഴ്‌നാടിന് കഴിഞ്ഞ ദിവസം 10 കോടി രൂപയുടെ സഹായം കേരളം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ കെ.എസ്.ഇ.ബി സഹായവും ഒരു കോടി രൂപയുടെ മരുന്നുകളും കേരളത്തിൽ നിന്ന് എത്തിച്ചിരുന്നു.