കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ പശ്ചിമ ബംഗാളിന്റെ വെല്ലുവിളി മറികടന്ന് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാർ. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം തുടർച്ചയായ നാലാം വിജയത്തോടെയാണ് ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഒരൊറ്റ ഗോളിനാണ് പശ്ചിമ ബംഗാളിനെ മറികടന്നത്.

മത്സരത്തിന്റെ അവസാന മിനിറ്റിൽ കെ.പി രാഹുൽ കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് രാഹുലിന്റെ വിജയഗോൾ വന്നത്. ഇടതു വിങ്ങിൽ നിന്ന് ജിതിൻ നൽകിയ പാസ്സിൽ നിന്നായിരുന്നു രാഹുലിന്റെ ഗോൾ.

കേരളവും ബംഗാളും ആദ്യ മൂന്നു മത്സരങ്ങളിൽ വിജയിച്ചിരുന്നതിനാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടാൻ ഈ മത്സരം നിർണായകമായിരുന്നു. നാല് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കേരളം 12 പോയിന്റുമായാണ് ഗ്രൂപ്പ് എ ചാമ്പ്യന്മാരായത്. രണ്ടാമതുള്ള ബംഗാളിന് ഒമ്പത് പോയിന്റാണുള്ളത്.

ആദ്യ മത്സരത്തിൽ ചാണ്ഡീഗഢിനെയും (51) രണ്ടാം മത്സരത്തിൽ മണിപ്പൂരിനെയും(60) കേരളം തോൽപ്പിച്ചിരുന്നു. തുടർന്ന് മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി സെമി ഉറപ്പിക്കുകയും ചെയ്തു.