കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തി കർണാടക ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെയാണ് മിസോറം സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളത്തിന് എതിരാളിയായത്. രണ്ടാം സെമിയിൽ മിസോറാമിനെ തോൽപ്പിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ കർണാടക നിലവിലെ സന്തോഷ് ട്രോഫി ചാമ്ബ്യന്മാരായ ബംഗാളിനെ നേരിടും.

മത്സരത്തിന്റെ 74-ാം മിനിറ്റിൽ മലയാളി താരം എസ്. രാജേഷ് നേടിയ ഗോളിലാണ് കർണാട മിസോറാമിനെ തോൽപ്പിച്ചത്. നേരത്തെ പ്രാഥമിക റൗണ്ടിൽ തോൽവി അറിയാതെ നാല് മത്സരങ്ങളും ജയിച്ചാണ് കേരളം സെമിയിലെത്തിയത്. വെള്ളിയാഴ്ച കൊൽത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിലാണ് കേരള-മിസോറാം സെമി ഫൈനൽ. അതേദിവസം തന്നെ ഹൗറ മൈതാൻ സ്റ്റേഡിയത്തിൽ കർണാടക-ബംഗാളിനെ നേരിടും.