- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുകളുമായി ലുന്മിൻലെൻ ഹോകിപ് ; സന്തോഷ് ട്രോഫിയിൽ നിർണ്ണായക മത്സരത്തിൽ കർണ്ണാടകയെ തകർത്ത് സെമി ഉറപ്പിച്ച് മണിപ്പൂർ; മണിപ്പൂരിന്റെ വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ നിന്ന് സെമി ഉറപ്പിച്ച ആദ്യ ടീമായി മണിപ്പൂർ. ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് മണിപ്പൂരിന്റെ സെമി പ്രവേശനം.
ലുന്മിൻലെൻ ഹോകിപ് മണിപ്പൂരിനായി ഇരട്ട ഗോളുകളുമായി തിളങ്ങി. സോമിഷോൺ ഷിറകാണ് മൂന്നാം ഗോൾ നേടിയത്. നാല് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂർ സെമിയിലെത്തിയത്.
കളിയുടെ തുടക്കം മുതൽ തന്നെ മണിപ്പൂർ ആക്രമണ ഫുട്ബോളിന്റെ കെട്ടഴിച്ചു. 19-ാം മിനിറ്റിൽ വലതു വിങ്ങിൽ കർണാടക ഡിഫൻഡർ ദർശൻ വരുത്തിയ പിഴവിൽ നിന്നായിരുന്നു മണിപ്പൂരിന്റെ ആദ്യ ഗോൾ. പന്ത് ലഭിച്ച സോമിഷോൺ ഷിറക് അത് ബോക്സിലേക്ക് നീട്ടി. ബോക്‌സിൽ രണ്ട് കർണാടക ഡിഫൻഡർമാർ ഉണ്ടായിരുന്നിട്ടും ഹോകിപ് പന്ത് വലയിലെത്തിച്ചു.
42-ാം മിനിറ്റിൽ മണിപ്പൂർ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാൻ മുന്നേറ്റത്തിനൊടുവിൽ ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നാലെ 44-ാം മിനുട്ടിൽ സോമിഷോൺ ഷിറക് മണിപ്പൂരിന്റെ ഗോൾപട്ടിക തികച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ ഷിറക് അടിച്ച പന്ത് കർണാടകൻ ഗോൾകീപ്പർ ജയന്ത്കുമാർ തട്ടിയെങ്കിലും റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്