മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നേടിയ ജയത്തോടെ പഞ്ചാബിന് മടക്കം. കേരളത്തോട് തോറ്റതോടെ സെമി ഫൈനൽ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റോടെ പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നാല് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പിൽ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയിൽ നിന്ന് കേരളവും പശ്ചിമ ബംഗാളും സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു.

മലയാളി ഗോൾകീപ്പർ ആന്റണി മോസസിനെ ആദ്യ ഇലവനിൽ ഉൽപ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. പഞ്ചാബിന്റെ ആക്രമണത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടിൽ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങിൽ നിന്ന് ഉയർന്നു വന്ന ക്രോസ് ബോക്സിൽ നിലയുറപ്പിച്ചിരുന്നു മേഘാലയൻ താരം ഹെഡറിലൂടെ ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ മലയാളി ഗോൾകീപ്പർ തട്ടിഅകറ്റി. തുടർന്നും മേഘാലയ അറ്റാക്കിങിന് ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.

19 ാം മിനുട്ടിൽ മേഘാലയക്ക് അടുത്ത അവസരം ലഭിച്ചു. വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ബോക്സിൽ നിലയുറപ്പിച്ചിരുന്നു റായ്കുട് ഷിഷാ ബുഹാം ഹെഡിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 26 ാം മിനുട്ടിൽ തുടർച്ചയായി പഞ്ചാബിന് കോർണർ ലഭിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. 40 ാം മിനുട്ടിൽ കെൻസായിബോർ ലൂയിഡ് ബോക്സിന് പുറത്തുനിന്ന് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രൻ ഷോട്ട് അടിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളിൽ പഞ്ചാബ് ലീഡ് എടുത്തു. 47 ാം മിനുട്ടിൽ മധ്യനിരയിൽ നിന്ന് ഇന്ദ്രവീർ സിങ് നൽകിയ പാസിൽ അമർപ്രീത് സിങിന്റെ വകയായിരുന്നു ഗോൾ. ഗോൾ വഴങ്ങിയതിന് ശേഷം ഉണർന്നു കളിച്ച മേഘാലയക്ക് ഗോളൊന്നും നേടാൻ സാധിച്ചില്ല. 75 ാം മിനുട്ടിൽ പഞ്ചാബിന് അടുത്ത അവസരം ലഭിച്ചു. വലുതു വിങ്ങിൽ നിന്ന് നൽകിയ പാസ് ബോക്സിന് അകത്തുനിന്ന് സ്വീകരിച്ച അമർപ്രീത് സിങ് ഗോൾവല ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക്. 79 ാം മിനുട്ടിൽ പഞ്ചാബ് താരം അമർപ്രിതിന് അടുത്ത അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് അടിച്ച പന്ത് ഗോൾകീപ്പർ സേവ് ചെയ്യാൻ ശ്രമികവെ വരുത്തിയ പഴവിൽ ബോൾ ഗോൾ പോസ്റ്റിൽ തട്ടിപുറത്തേക്ക് പോയി.