- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിയിൽ സെമി ലൈനപ്പായി; കേരളത്തിന് എതിരാളികൾ കർണാടക; രണ്ടാം സെമിയിൽ മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും; കർണാടകയുടെ സെമി പ്രവേശനം ഗുജറാത്തിനെ ഗോൾമഴയിൽ മുക്കി
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ലൈനപ്പായി. ഏപ്രിൽ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഏപ്രിൽ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയിൽ കുരുക്കിയത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾ കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പഞ്ചാബിനെയും തോൽപ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റൻ ജിജോ ജോസഫാണ് ടീമിന്റെ ടോപ് സ്‌കോറർ. നാല് മത്സരങ്ങളിൽ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്.
ഗുജറാത്തിനെ ഗോൾ മഴയിൽ മുക്കിയാണ് കർണാടക സെമി ബർത്ത് ഉറപ്പിച്ചത്. നിർണായക മത്സരത്തിൽ ഗുജറാത്തിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കർണാടക പരാജയപ്പെടുത്തിയത്. വൈകീട്ട് നാലിന് മണിക്ക് നടന്ന ആദ്യ മത്സരത്തിൽ സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കർണാടകയ്ക്ക് സെമി ഫൈനൽ സാധ്യത തെളിഞ്ഞു വന്നത്.
നാല് മത്സരങ്ങൾ വീതം കളിച്ച കർണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റാണ് ഉള്ളത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിപ്പോഴും സമനിലയിലായതിനാൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കർണാടകയുടെ സെമി പ്രവേശം. 28 ന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ കേരളവുമായി കർണാക ഏറ്റുമുട്ടും.
വലിയ വിജയം മനസ്സിൽ ഉറപ്പിച്ചാണ് കർണാടക നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ ഇറങ്ങിയത്. ആദ്യ മിനുട്ടുകളിൽ തന്നെ അതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങി. നാലാം മിനുട്ടിൽ കർണാടകയ്ക്ക് ആദ്യ അവസരം ലഭിച്ചു. പ്രശാന്ത് കലിങ്ക നൽകിയ കോർണർ മലയാളി താരം സിജുവിന്റെ ഹെഡിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് മിനുട്ടുകൾ ഇടവിട്ട് ഗുജറാത്ത് ഗോൾമുഖത്തേക്ക് കർണാടക അറ്റാകിങ് അഴിച്ചുവിട്ടു. 12 ാം മിനുട്ടിൽ കർണാടക ലീഡ് എടുത്തു. ബോക്സിന് പുറത്തുനിന്ന് ബാക് ഹെഡറിലൂടെ നൽകിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച സുധീർ കൊട്ടികല പവർഫുൾ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
15 ാം മിനുട്ടിൽ കർണാടകയ്ക്ക് അവസരം. കോർണർകിക്കിൽ നിന്ന് ലഭിച്ച അവസരം വലത് വിങ്ങിൽ നിന്ന് മലയാളി താരം ബാവു നിഷാദ് എടുത്ത കിക്ക് ഗോൾബാറിന്റെ തലോടി പുറത്തേക്ക്. 24 ാം മിനുട്ടിൽ ഗുജറാത്തിന് ഒറ്റപ്പെട്ട ഒരു അവസരം ലഭിച്ചെങ്കിലും കർണാടകൻ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. 28 ാം മിനുട്ടിൽ കർണാടക ലീഡ് രണ്ടാക്കി. മധ്യനിരയിൽ നിന്ന് ഇടതു വിങ്ങിലേക്ക് ഉയർത്തി നൽകി പാസ് സ്വീകരിച്ച കമലേഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്സിന് പുറത്തുനിന്ന് ഒരു ഉഗ്രൻ കേർവ് ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
അടുത്ത മിനുട്ടിൽ തന്നെ ലീഡ് നാലാക്കി ഉയർത്തി. വലതു വിങ്ങിൽ നിന്ന് മലയാളി താരം ബാവു നിഷാദ് നൽകിയ പാസിൽ ബോക്സിൽ നിലയുറപ്പിച്ചിരുന്നു സുധീർ കൊട്ടികല മനോഹരമായ ടാപിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 34 ാം മിനുട്ടിൽ കർണാടകയ്ക്ക് ലീഡ് നാലാക്കാൻ അവസരം ലഭിച്ചു. വിങ്ങിലൂടെ മുന്നേറി കമലേഷ് അടുത്ത ഷോട്ട് ഗുജറാത്തിന്റെ മലയാളി ഗോൾകീപ്പർ അജ്മൽ തട്ടിയകറ്റി. തുടർന്നു കർണാടകയ്ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന കർണാടകയ്ക്ക് അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. 60 ാം മിനുട്ടിൽ കർണാടക ലക്ഷ്യം കണ്ടു. ഗുജറാത്ത് മധ്യനിര വരുത്തിയ പിഴവിൽ നിന്ന് അധിവേഗം ഗുജറാത്ത് ഗോൾമുഖത്തേക്ക് കുതിച്ച കർണാടക ഇടതു വിങ്ങിൽ നിന്ന് കമലേഷ് നൽകി പാസിൽ മഗേഷ് സെൽവയുടെ വകയായിരുന്നു ഗോൾ. 64 ാം മിനുട്ടിൽ വീണ്ടും കമലേഷ് ഗോളവസരം ഉണ്ടാക്കി നൽകിയെങ്കിലും കർണാടക താരങ്ങൾക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
നാല് മത്സരങ്ങളിൽ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകൾ ടീം വഴങ്ങിയത്. രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കർണാടക ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാൾ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തിൽ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകൾക്കും അവസാന മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും വെസ്റ്റ് ബംഗാൾ തോൽപ്പിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്