മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരള-ബംഗാൾ ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്.എക്‌സ്‌ട്രൈ ടൈമിൽ 97ാം മിനുറ്റിൽ നേടിയ ബുള്ളറ്റ് ഹെഡറിൽ ബംഗാൾ നിർണായക ലീഡ് നേടി.

 97ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിൽ ബംഗാളിനു ലീഡ് (1 -0). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. 

നിശ്ചിത 90 മിനിറ്റിൽ രണ്ട് ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. മികച്ച നീക്കങ്ങളും അവസരങ്ങളും ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നതോടെ മത്സരം എക്‌സ്‌ട്രൈ ടൈമിലേക്ക് കടക്കുകയായിരുന്നു.

58ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്‌സിനുള്ളിൽനിന്ന് ടി.കെ. ജെസിൻ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്‌സിനെ സ്‌ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ, 18ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്.

സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. 37ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38ാം മിനിറ്റിൽ വിക്‌നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി.

എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോൾ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളത്തിനായി നൗഫൽ മികച്ചൊരു മുന്നേറ്റം നടത്തി. വലതുവിങ്ങിൽ കൂടി പന്തുമായി ബോക്‌സിലേക്ക് കയറിയ നൗഫലിന്റെ ഷോട്ട് പക്ഷേ ബംഗാൾ ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ഫാർദിൻ അലി മൊല്ലയുടെ ഷോട്ട് രക്ഷപ്പെടുത്തി കേരള ഗോൾകീപ്പർ മിഥുൻ കേരള ബോക്‌സിൽ അപകടമൊഴിവാക്കി.

58-ാം മിനിറ്റിൽ കേരളത്തിന് മറ്റൊരു സുവർണാവസരം ലഭിച്ചു. ബംഗാൾ ഡിഫൻഡറിൽ നിന്ന് പന്ത് റാഞ്ചിയ ജിജോയ്ക്ക് പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടർന്ന് 61-ാം മിനിറ്റിൽ ബംഗാൾ കേരള ബോക്‌സിൽ മറ്റൊരു ശ്രമം നടത്തി. എന്നാൽ തുഹിൻ ദാസ് അടിച്ച പന്ത് തട്ടിയകറ്റി മിഥുൻ അപകടമൊഴിവാക്കുകയായിരുന്നു.

എന്നാൽ 72-ാം മിനിറ്റിൽ ഡിഫൻഡർ അജയ് അലക്‌സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പകരം ബിപിൻ അജയൻ കളത്തിലിറങ്ങി. കളി അവസാന മിനിറ്റുകളിലേക്ക് അടുത്തിരിക്കെ കേരളത്തിന്റ മുന്നേറ്റങ്ങളെല്ലാം ബംഗാൾ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.

ഇൻജുറി ടൈമിൽ കേരളത്തിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ബംഗാൾ ഡിഫൻഡർമാരിൽ നിന്ന് പന്ത് റാഞ്ചി ജിജോ നൽകിയ പാസിൽ നിന്ന് ഷിഗിൽ അടിച്ച ഷോട്ട് ദുർബലമായിരുന്നു. ബംഗാൾ ഗോൾകീപ്പർ പന്ത് അനായാസം കൈപ്പിടിയിലാക്കി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും കേരളത്തിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. പക്ഷേ ഇത്തവണയും പന്ത് ലഭിച്ച ഷിഗിലിന് ലക്ഷ്യം കാണാനായില്ല.