- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു തവണ കേരളത്തിൽ എത്തിയ കപ്പ് ഒരുമിച്ചുയർത്തി വിവിധ തലമുറകളിലെ താരങ്ങൾ; സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച അഭിമാന താരങ്ങളും ഇതിഹാസങ്ങളും ഒരേ വേദിയിൽ; ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് മുൻ താരങ്ങൾ കേരളാ ടീമിന് കൈമാറി
കൊച്ചി: കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളുടെ അപൂർവ സംഗമമൊരുക്കി വി.പി.എസ് ഹെൽത്ത്‌കെയർ. സന്തോഷ് ട്രോഫിയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ മൂന്ന് തലമുറയിൽപ്പെട്ട താരങ്ങൾ ഒരേ വേദിയിൽ കിരീടമുയർത്തി. വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടുമായ ഡോ. ഷംഷീർ വയലിൽ, സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങാണ് ഈ അപൂർവ സംഗമത്തിന് വേദിയായത്. ചടങ്ങിൽ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
കേരളാ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ മൂന്ന് തലമുറകളുടെ ഒത്തുചേരലിനാണ് കൊച്ചി സാക്ഷിയായത്. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുൻ നായകന്മാരായ കുരികേശ് മാത്യു (1993), വി.ശിവകുമാർ ( 2001), സിൽവസ്റ്റർ ഇഗ്നേഷ്യസ് (2004), രാഹുൽ ദേവ് (2018), മറ്റ് ഇതിഹാസ താരങ്ങളായ ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ തുടങ്ങിയവർ നിലവിലെ ചാമ്പ്യൻ ടീമിനും അണ്ടർ 18 കേരളാ ടീമിനുമൊപ്പം സന്തോഷ് ട്രോഫി കിരീടം ഉയർത്തി. കേരളത്തിന് രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകൻ അന്തരിച്ച വി.പി. സത്യന്റെ ഭാര്യ അനിത സത്യനും ചടങ്ങിൽ പങ്കെടുത്തു. 1973 ൽ ആദ്യ കിരീടം നേടി തന്ന നായകൻ അന്തരിച്ച മണിയുടെ കുടുംബാംഗങ്ങൾ നേരിട്ടെത്തിയില്ലെങ്കിലും പരിപാടിക്ക് ആശംസകൾ അർപ്പിച്ചിരുന്നു.
കേരള ഫുട്ബോളിന്റെ സുവർണ കാലത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം പുതു തലമുറയ്ക്കുള്ള പ്രചോദനം കൂടിയായി ഈ കൂട്ടായ്മ. ഫുട്ബോൾ ആരാധകർക്ക് പുത്തൻ ആവേശമേകാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങ്, യുവതാരങ്ങൾക്ക് പുതു പ്രതീക്ഷയുമായി.
ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മുതലുള്ള ഗോൾ സ്‌കോറർമാർക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. മുൻ കോച്ചുമാരായ ജാഫർ, പീതാംബരൻ എന്നിവരെ ആദരിച്ചത് പഴയ കാല ഫുട്ബോളിനോടുള്ള വി.പി.എസ് ഹെൽത്ത്‌കെയര്‌റിന്റെ സ്നേഹാദരവായി. മുൻ ക്യാപ്റ്റന്മാർക്ക് ഓരോ പവൻ സ്വർണ നാണയമാണ് ഡോക്ടർ ഷംഷീർ വയലിൽ സ്നേഹ സമ്മാനമായി നൽകിയത്.
ആരാധനാപാത്രമായ താരങ്ങളിൽ നിന്ന് ഒരു കോടി രൂപയുടെ പാരിതോഷികം ഏറ്റുവാങ്ങുമ്പോൾ, ഇത് എക്കാലവും ആവേശം പകരുന്ന നിമിഷമാണെന്ന് കേരളാ താരങ്ങൾക്ക് അറിയാമായിരുന്നു. ഫൈനലിന് മുമ്പ് വന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിന് കേരളാ ടീം നായകൻ ജിജോ ജോസഫ്, ഡോ. ഷംഷീർ വയലിലിന് നന്ദി പറഞ്ഞു.' കിരീടത്തിനായുള്ള നാല് വർഷത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായത്. സ്വപ്ന സാക്ഷാത്കാരത്തിനായി ഒത്തൊരുമയോടെ പ്രയത്നിക്കാൻ ടീമിനായി. പരിശീലകർക്കും ഒപ്പമുണ്ടായിരുന്നവർക്കും എല്ലാത്തിനുമുപരി ആവേശമായി കൂടെ നിന്ന ആരാധകർക്കും നന്ദി' - അദ്ദേഹം പറഞ്ഞു. ഒരുകോടി രൂപയുടെ പാരിതോഷികത്തിനപ്പുറം കേരള ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന ദിനമായി മാറ്റിയതിനും വി.പി.എസ് ഹെൽത്ത്‌കെയറിന് നന്ദി പറഞ്ഞു.
ഡോക്ടർ ഷംഷീറിന്റെ തീരുമാനം കായിക മേഖലയോടുള്ള നിസ്വാർത്ഥ താത്പ്പര്യത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് കേരളാ ടീമിന്റെ പരിശീലകൻ ബിനോ ജോർജ് കൂട്ടിച്ചേർത്തു. ഇത്തരം പിന്തുണ കൂടുതൽ ആളുകളെ കായികരംഗത്തേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബിനോ ജോർജ് പറഞ്ഞു.
മലയാളത്തിന്റെ ഇതിഹാസ താരം ഐ എം വിജയൻ കേരളാ ടീമിനെ അഭിമാനത്തോടെ അഭിവാദ്യം ചെയ്തത് ആവേശക്കാഴ്ചയായി. മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് വന്ന പാരിതോഷിക പ്രഖ്യാപനം ഫൈനലിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'ഈ വിജയം കേരളത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. യുവ കായിക പ്രേമികൾക്കും ഇത് ഒരു പ്രോത്സാഹനമാണ് ' -വിജയൻ പറഞ്ഞു.
വിപിഎസ് ഹെൽത്ത്കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് ഹെൽത്ത്കെയർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ മേധാവി ഡോ. രാജീവ് മാങ്കോട്ടിൽ എന്നിവരാണ് ഡോ. ഷംഷീറിന് വേണ്ടി ഒരു കോടി രൂപ ടീമിന് കൈമാറിയത്.
'ക്യാപ്റ്റൻ' വിപി സത്യനെ കുറിച്ചും കരിയറിൽ ഉടനീളം അദ്ദേഹം നേരിട്ട പ്രതിസന്ധികളെയും അദ്ദേഹത്തിന്റെ തിരിച്ചുവരവുകളെ കുറിച്ചും വേദിയിൽ ഭാര്യ അനിതാ സത്യൻ പങ്കുവെച്ചു. കേരളാടീമിന്റെ ഏഴാം കിരീട നേട്ടം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചേനെ എന്ന് അനിത പറഞ്ഞു. ഇത് തങ്ങൾക്കെല്ലാവർക്കും പ്രത്യേക ഒത്തുചേരലാണ്. കേരളത്തിലെ ഫുട്ബോൾ താരങ്ങളെ പിന്തുണയ്ക്കാൻ ഡോ.ഷംഷീറിനെപ്പോലെ കൂടുതൽ പേർ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിത പ്രതീക്ഷ പ്രകടിപ്പിച്ചു.
''കായികതാരങ്ങൾ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ ആളുകൾ അവരെ അംഗീകരിക്കുന്നു. വിരമിച്ചതിന് ശേഷം അവരെ ഓർക്കാനിടയില്ല. അതിനാൽ കളിക്കാർക്ക് ഇപ്പോൾ നൽകുന്ന ഇത്തരം സാമ്പത്തിക സഹായം അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവരുടെ ഭാവി ജീവിതം ആസൂത്രണം ചെയ്യാനും തീർച്ചയായും സഹായിക്കും,' അനിത കൂട്ടിച്ചേർത്തു.
കായികതാരങ്ങൾ കൂടുതൽ ഉയരങ്ങൾ കീഴടക്കണമെങ്കിൽ , അവരുടെ നേട്ടങ്ങൾ അപ്പപ്പോൾ അംഗീകരിക്കപ്പെടണമെന്നാണ് ഡോ. ഷംഷീറിന്റെ പക്ഷം. ''അവരുടെ കഠിനാധ്വാനം തിരിച്ചറിയുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്. വിജയങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല. ഏഴ് കിരീട നേട്ടത്തിന് പിന്നിൽ കളിക്കാരുടെ കഠിന പ്രയത്നമുണ്ട്. ഈ ഒത്തുചേരൽ ആ ശ്രമങ്ങളെ രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തെ ഫുട്ബോളിന്റെ ഭാവിക്ക് ശക്തമായ അടിത്തറയിടുമെന്നും ഞാൻ വിശ്വസിക്കുന്നു, ''ഡോക്ടർ ഷംഷീർ വയലിൽ പറഞ്ഞു.
മലയാളിയുടെ ഫുട്‌ബോൾ ആവേശം വാക്കുകളിലേക്ക് ആവാഹിച്ച ഷൈജു ദാമോദരൻ അവതാരകനായി എത്തിയത് പുത്തനനുഭവമായി.
മറുനാടന് മലയാളി ബ്യൂറോ