കോഴിക്കോട്: സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ദിനത്തിൽ നിലവിലുള്ള ചാംമ്പ്യന്മാരായ സർവീസസിനും കരുത്തരായ തമിഴ്‌നാടിനും തിളക്കമാർന്ന ജയം. ഇന്നലെ ഉച്ചയ്ക്കു നടന്ന ആദ്യ കളിയിൽ തെലുങ്കാനയെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കു തറപറ്റിച്ചാണ് സർവീസസ് തങ്ങളുടെ കരുത്തറിയിച്ചത്. വൈകീട്ട് നടന്ന രണ്ടാം മത്സരത്തിൽ കടലാസിൽ താരതമ്യേന ദുർബലരാണെന്നു വിലയിരുത്തപ്പെട്ട സന്തോഷ് ട്രോഫിയിലെ കന്നി ടീമായ ലക്ഷദ്വീപിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർത്താണ് തമിഴ്‌നാട് മാനം കാത്തത്.

തെലുങ്കാന ഗോളിയുടെ തകർപ്പൻ സേവുകൾ കൂടി ഇല്ലായിരുന്നുവെങ്കിൽ സർവീസസിന്റെ ഗോൾ പട്ടികയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് സർവീസസ് ആദ്യ ഗോളിലൂടെ തെലങ്കാനയുടെ ചിറകരിഞ്ഞത്. പിന്നീടുള്ള ഒരു സെൽഫ് ടച്ച് ഗോൾ അടക്കം ആറു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.

സർവീസസിന്റെ മുന്നേറ്റനിരയിൽ പകരക്കാരായിറങ്ങിയ അർജുൻ ടുഡുവും മന്ദീപ് എസ് സിംഗും ഇരട്ട ഗോളുകൾ നേടിയപ്പോൾ മലയാളി താരങ്ങളായ ജെയ്ൻ, മുഹമ്മദ് ഇർഷാദ് എന്നിവരുടെ വകയായിരുന്നു മറ്റു രണ്ടു ഗോളുകൾ. ഒരു ഗോൾ മിഡ്ഫീൽഡർ ബ്രിട്ടോയുടെ ഷോട്ട് ക്ലിയർ ചെയ്യാനുള്ള തെലങ്കാന ഡിഫൻഡർ എ കെ ഭരതിന്റെ ശ്രമം വിഫലമായതിലൂടെ ലഭിച്ചതാണ്.

കളിയുടെ തുടക്കം മുതലെ ആക്രമിച്ചു കളിച്ച സർവ്വീസസിന് മുന്നിൽ പ്രതിരോധ ഭിത്തി കെട്ടാൻ ശ്രമിച്ച തെലങ്കാന പ്രത്യാക്രമണം പാടെ മറന്ന സ്ഥിതിയായിരുന്നു. ഗോൾക്കീപ്പർ ശ്രീകുമാറിന്റെ മികച്ച സേവുകളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം വരെയും തെലങ്കാനയുടെ ആയുസ്സ് നീട്ടിക്കൊടുത്തത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റിൽ മലയാളി താരം ജെയ്ൻ ആണ് സർവീസസിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. കോർണർ കിക്കിൽ വൺ ടു, വൺ പാസിലുടെ ബോബി ചന്ദും പി ജെയ്നും നടത്തിയ നീക്കം തെലങ്കാന പ്രതിരോധത്തിന്റെ ആദ്യ വേരറുത്തു. ബോബി ചന്ദ് കോർണർ കിക്കിൽ നിന്ന് നൽകിയ ഷോർട്ട് പാസ് ജെയ്ൻ മറിച്ചുനൽകി പെനാൽറ്റി ബോക്സിനകത്തേക്ക് ഓടിയെത്തി. ഇടതുവിംഗിൽ നിന്ന് ലഭിച്ച പന്തുമായി മധ്യഭാഗത്തേക്ക് മുന്നേറിയ ബോബിയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയുടെ കൈയ്ക്കുള്ളിലൂടെ ചോർന്നു. ബോക്സിനകത്തുണ്ടായിരുന്ന ജെയ്നിന് പന്ത് ഗോൾ ലൈനിനപ്പുറത്തേക്ക് തട്ടിയിടാൻ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല. (1-0)

രണ്ടാം പകുതിയുടെ രണ്ടാം മിനുറ്റിൽ മലയാളി താരം മുഹമ്മദ് ഇർഷാദ് സർവ്വീസസിന്റെ രണ്ടാം ഗോൾ കുറിച്ചു. പകരക്കാരനായി ഇറങ്ങിയ അർജുൻ ടുഡു പെനാൽറ്റി ബോക്സിനകത്തേക്ക് നീട്ടി നൽകിയ പാസ് കണക്ട് ചെയ്ത് ഇർഷാദ് വലയിലേക്ക് ഉതിർത്ത ഷോട്ട് ഗോളിക്ക് അവസരമൊന്നും നൽകാതെ വലയിൽ പതിച്ചു. (2-0). 62ാം മിനുറ്റിൽ മുഹമ്മദ് ആഖിബിന്റെ ക്രോസ് ഹെഡ്ഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരൻ അർജുൻ ടുഡു ടീമിന്റെ ഗോൾ നേട്ടം മൂന്നാക്കി. (3-0). 86ാം മിനുറ്റിൽ ബ്രിട്ടോയുടെ പാസ് കണക്ട് ചെയ്ത് പകരക്കാരൻ മൻദീപ് എസ് സിങ് ഉതിർത്ത ഷോട്ട് ഗോളിയുടെ കയ്യിൽ തട്ടി വലയുടെ വലതു മൂലയിലേക്ക് ഉരുണ്ടു കയറുകയായിരുന്നു.(4-0).

90ാം മിനുറ്റിൽ വലതു സിംഗിൽ നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന പ്രതിരോധനിരയിലെ ഭരതിന്റെ ശ്രമം പാളിയതാണ് പ്രഹരമുണ്ടാക്കിയത്. ഗോളി ശ്രീകുമാറിനെ തീർത്തും നിസ്സഹായനാക്കി പന്ത് വലയിൽ കയറി. (5-0). കളി ഇഞ്ചുറി ടൈമിന്റെ രണ്ട്, മൂന്ന് മിനുട്ടുകളിൽ എത്തിയപ്പോൾ മന്ദീപ് എസ് സിംഗും അർജുൻ ടുഡുവും തങ്ങളുടെ ക്വാട്ട തികച്ചതോടെ മത്സരം (7-0) അവസാന വിസിലിന് സമയമായിരുന്നു.

അതേസമയം. രണ്ടാമത്തെ മത്സരത്തിൽ ലക്ഷദ്വീപ് കർണ്ണാടകയോട് പൊരുതി വീഴുകയായിരുന്നു. ഒമ്പതാം മിനുറ്റിൽ ക്യാപ്റ്റൻ മുരുഗപ്പന്റെ ഫ്രീ കിക്കിൽ നിന്നുയർന്ന പന്ത് മനോഹരമായൊരു ഹെഡ്ഡറിലൂടെ തമിഴ്‌നാടിന്റെ മലയാളി താരം എസ് ഷിനു നെറ്റിന്റെ വലത് മൂലയിലേക്ക് ചെത്തിയിടുകയായിരുന്നു. (1-0). രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കെ അജിത്കുമാറിന്റെ വകയായിരുന്നു തമിഴ്‌നാടിന്റെ രണ്ടാമത്തെ ഗോൾ. (2-0). സമനില ഗോളിനായി അടങ്ങാത്ത ദാഹവുമായി പൊരുതവെ, കളിയുടെ ഗതിക്ക് വിപരീതമായാണ് ഈ ലക്ഷദ്വീപിന്റെ വലയിലെത്തിയത്.

കളിയുടെ 38-ാം മിനുട്ടിൽ ലക്ഷദ്വീപ് ക്യാപ്റ്റൻ ഇസ്മായീൽ എടുത്ത കോർണർ കിക്കിൽ നിന്നുയർന്ന പന്തിൽ മുഹമ്മദ് സിയാദ് കൃത്യമായി തല വച്ചെങ്കിലും പന്ത് തമിഴ്‌നാടിന്റെ ക്രോസ് ബാറിനോട് തൊട്ടുരുമ്മി പുറത്തേക്കകന്നു. സ്*!*!*!്രൈടക്കർ അബ്ദുന്നാസറിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിന്റെ മുന്നേറ്റ നിര തമിഴ്‌നാടിന്റെ ഗോൾ മുഖത്തെ പലതവണ വിറപ്പിച്ചെങ്കിലും നിർഭാഗ്യത്താൽ ഗോൾ മാത്രം പിറന്നില്ല. ഇന്ന് ഉച്ചയ്ക്ക് 1.45ന് പോണ്ടിച്ചേരി കർണാടകയെയും, വൈകീട്ട് നാലിന് രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ കേരളം ആന്ധ്രയെയും നേരിടും.