- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് അവസാന മത്സരത്തിൽ സമനില ലഭിച്ചാലും കേരളത്തിന് ഫൈനൽ റൗണ്ടിൽ ഇടം പിടിക്കാനാവും; ലക്ഷ്യം കിരീടമെന്നും കർണ്ണാടകയെയും വീഴ്ത്തുമെന്നും കേരള കോച്ച് വി പി ഷാജി
കോഴിക്കോട്: തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയത്തിലകമണിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള സാധ്യത വർധിപ്പിച്ചു. ആദ്യ മത്സരത്തിൽ പുതുച്ചേരിയെ കീഴടക്കിയ അതേ മാർജിനിലാണ് രണ്ടാം ജയം കൊതിച്ചെത്തിയ ആന്ധ്രയെയും വീഴ്‌ത്തി കേരളം മിന്നും ജയം സ്വന്തമാക്കിയത്. കളിക്കളം നിറഞ്ഞുവാണ കേരളത്തിന്റെ ചുണക്കുട്ടികൾ ആദ്യ പകുതിയിൽ നേടിയ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ആന്ധ്രയെ കെട്ടുകെട്ടിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും മേധാവിത്വം പുലർത്തിയാണ് ആതിഥേയർ വിജയക്കുതിപ്പ് തുടരുന്നത്. ഇതോടെ, രണ്ടു ജയവുമായി കേരളം ഫൈനൽ യോഗ്യതാ റൗണ്ടിനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ്. ഇനി തിങ്കളാഴ്ച കർണ്ണാടകയുമായാണ് കേരളത്തിന്റെ അടുത്ത കളി. ആന്ധ്രയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട കർണ്ണാടകയുമായി സമനില ലഭിച്ചാലും കേരളത്തിന് ഫൈനൽ റൗണ്ടിലെത്താനാവും. എന്നാൽ ഒരു ജയവും തോൽവിയും സ്വന്തമായുള്ള കർണ്ണാടകയ്ക്ക് കേരളത്തിനെതിരെ ഒരു ഗോളിന്റെ ലീഡിൽ ജയിച്ചാലും ഫൈനൽ റൗണ്ടിൽ ഇടം പിടിക്കാനാവ
കോഴിക്കോട്: തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയത്തിലകമണിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള സാധ്യത വർധിപ്പിച്ചു. ആദ്യ മത്സരത്തിൽ പുതുച്ചേരിയെ കീഴടക്കിയ അതേ മാർജിനിലാണ് രണ്ടാം ജയം കൊതിച്ചെത്തിയ ആന്ധ്രയെയും വീഴ്‌ത്തി കേരളം മിന്നും ജയം സ്വന്തമാക്കിയത്. കളിക്കളം നിറഞ്ഞുവാണ കേരളത്തിന്റെ ചുണക്കുട്ടികൾ ആദ്യ പകുതിയിൽ നേടിയ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ആന്ധ്രയെ കെട്ടുകെട്ടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും മേധാവിത്വം പുലർത്തിയാണ് ആതിഥേയർ വിജയക്കുതിപ്പ് തുടരുന്നത്. ഇതോടെ, രണ്ടു ജയവുമായി കേരളം ഫൈനൽ യോഗ്യതാ റൗണ്ടിനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ്. ഇനി തിങ്കളാഴ്ച കർണ്ണാടകയുമായാണ് കേരളത്തിന്റെ അടുത്ത കളി. ആന്ധ്രയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട കർണ്ണാടകയുമായി സമനില ലഭിച്ചാലും കേരളത്തിന് ഫൈനൽ റൗണ്ടിലെത്താനാവും. എന്നാൽ ഒരു ജയവും തോൽവിയും സ്വന്തമായുള്ള കർണ്ണാടകയ്ക്ക് കേരളത്തിനെതിരെ ഒരു ഗോളിന്റെ ലീഡിൽ ജയിച്ചാലും ഫൈനൽ റൗണ്ടിൽ ഇടം പിടിക്കാനാവും. കേരളത്തിനാവട്ടെ, കർണ്ണാടകയെക്കാൾ ഗോൾ ആവറേജിന്റെ ആനുകൂല്യമുണ്ടായാലും തിങ്കളാഴ്ച പരാജയപ്പെടാതിരിക്കൽ മുന്നോട്ടുള്ള പ്രയാണത്തിന് നിർബന്ധമാണ്.
ഒരു ഗോൾ പോലും വഴങ്ങാതെ, ആറ് ഗോളുകൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റി കളിച്ച രണ്ടിലും ജയിച്ചതാണ് കേരളത്തിന്റെ നേട്ടം. എന്നാൽ ഒരോ ജയവും ഓരോ തോൽവിയുമായി നാലു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾ വഴങ്ങുകയും ചെയ്തതാണ് കർണാടകയുടെ സമ്പാദ്യം. സാധാരണ നിലയ്ക്ക് അടുത്ത കളിയിൽ കേരളം മൂന്നു ഗോളിനു വരെ തോറ്റാലും ഗോൾ ശരാശരിയനുസരിച്ച് കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് സാധ്യത ലഭിക്കേണ്ടതാണ്. എന്നാൽ ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ സന്തോഷ് ട്രോഫി മാന്വലനുസരുച്ച് ഒരേ ജയവും തോൽവിയുമായി രണ്ടു ടീമുകൾ തുല്യ പോയിന്റ് നിലയിൽ എത്തിയാൽ അവസാന കളിയിൽ ജയിച്ച ടീം ഏതാണോ ആ ടീമിനാണ് സാധ്യത കൽപ്പിക്കുന്നത്. ഗോൾ ശരാശരി ഇവിടെ രണ്ടാം ഘട്ടത്തിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന വിചിത്രമായ രീതിയാണ് മാന്വലിലുള്ളത്.
എന്നാൽ കേരളത്തിന് സമനിലയല്ല, കർണ്ണാടകയുമായുള്ള കളിയിൽ ജയിച്ചു തന്നെ ഫൈനൽ റൗണ്ടിലെത്താനാവുമെന്ന് കോച്ച് വി പി ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ ആദ്യ പകുതിയിൽ ഫ്രൊഫഷണൽ ഫുട്ബാളിന്റെ മികവുമായി ഉജ്ജ്വലമായ ഫോമിലേക്കുയർന്ന കേരള ടീമിന് രണ്ടാം പകുതിയിൽ നിറം മങ്ങിയെന്നത് ശരിയാണെന്നും ഫിനിഷിംഗിലെ പാളിച്ചകൾ കർണ്ണാടകയുമായുള്ള മത്സരത്തിൽ തിരുത്തുമെന്നും കേരളത്തിലെ കളിക്കമ്പക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് ചാമ്പ്യൻ പട്ടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാജി വ്യക്തമാക്കി.
ഇന്നലെ ആന്ധ്രാപ്രദേശിനെതിരെ രണ്ടാം മിനുട്ടിൽ ക്യാപ്റ്റൻ ഉസ്മാനാണ് കേരളത്തിന്റെ ഗോൾ വേട്ടക്കു തുടക്കമിട്ടത്. തുടർന്ന് 23-ാം മിനുട്ടിൽ മുന്നേറ്റനിരയിലെ സഹൽ അബ്ദുസ്സമദും, 30-ാം മിനുട്ടിൽ പ്രതിരോധനിരയിലെ എസ് ലിജോയും ഗോൾ പട്ടിക പൂർത്തീകരിച്ചു. ആദ്യ പകുതിയിൽ ആക്രമണ ഫുട്ബാളിന്റെ വശ്യതയുമായി മൈതാനം നിറഞ്ഞാടിയ കേരളം രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം വരുതിക്കാക്കിയെങ്കിലും ഫിനിഷിംഗിലെ താളപ്പിഴകൾ മൂലം മികച്ച ഗോൾ അവസരങ്ങൾ തുലയ്ക്കുകയായിരുന്നു.
കേരളത്തിന്റെ കളിവേഗങ്ങൾക്കു ചുക്കാൻ പിടിച്ച് ആക്രമണത്തിന്റെ കുന്തമുനയായി വർത്തിച്ച ഒൻപതാം നമ്പർ ജഴ്സിക്കാരൻ ജോബി ജസ്റ്റിനെ വീഴ്‌ത്തിയതിന് 74-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കിക്കെടുത്ത ജോബി പുറത്തേക്കടിച്ച് നിരാശ പടർത്തി. അതുകൊണ്ടാവാം ഉടനെ കോച്ച് വി പി ഷാജി ജോബി ജസ്റ്റിനെ തിരിച്ചുവിളിച്ച് വൈസ് ക്യാപ്റ്റൻ കൂടിയായ ഫിറോസിനെ മൈതാനത്തേക്കു നിയോഗിച്ചത്. എന്നാൽ, ഫിറോസിനാകട്ടെ കിട്ടിയ അവസരങ്ങളൊന്നു പോലും വിനിയോഗിക്കാനോ മുന്നേറ്റനിരയിൽ കൂട്ടായ റിസൾട്ടുണ്ടാക്കാനോ സാധിച്ചുമില്ല. ജോബിന്റെ അസാന്നിധ്യം നിഴലിച്ചതിനു പുറമെ ആദ്യ പകുതിയിൽ മധ്യനിരയുടെയും മുന്നേറ്റത്തിന്റെയും കളി തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ച എസ് സീസന് പകരമായെത്തിയ വി കെ ഷിബിൻലാലിന് കഴിഞ്ഞ കളിയിലെ മികവ് നിലനിർത്താനുമായില്ല.
തുടക്കം മുതലെ കേരളത്തെ പിടിച്ചുകെട്ടാൻ ആന്ധ്രയുടെ പ്രതിരോധ നിര പിടിപ്പത് പണിപ്പെട്ടു. കേരളം തൊടുത്ത ഉഷിരൻ നീക്കങ്ങളിൽ പലതും പ്രതിരോധ ഭിത്തിയിൽ തട്ടിത്തെറിച്ചു. വേഗതയേറിയ കുറിയ പാസുകളുമായി ആന്ധ്രയുടെ ഗോൾമുഖത്തേക്കു നിരന്തരം ഇരമ്പിക്കയറിയ കേരള താരങ്ങളുടെ മുനയൊടിക്കുന്നതിൽ ആന്ധ്രയുടെ ഗോളി ഹരിബാബുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പന്തടക്കത്തിലും പാസിങ്ങിലും വരുത്തിയ പിഴകളാണ് രണ്ടാം പകുതിയിൽ കേരളത്തിന്റെ ഗോൾ സ്‌കോർ ബോർഡിനെ നിശ്ചലമാക്കിയത്.
കഴിഞ്ഞ കളിയിൽ പുതുച്ചേരിക്കെതിരെ മൂന്നാം മിനുട്ടിൽ ഗോളടിച്ച കേരളം ഇന്നലെ ആന്ധ്രയ്ക്കെതിരെ രണ്ടാം മിനുട്ടിൽ തന്നെ അത് സാധ്യമാക്കി. പ്രതിരോധ നിരയിലെ കാവൽ ഭടനായ എസ് ലിജോ ഇടത് വിംഗിൽ നിന്നും എറിഞ്ഞ നെടുനീളൻ ത്രോ മിഡ്ഫീൽഡർ സീസന്റെ തലയിൽ തട്ടി ആന്ധ്രയുടെ പെനാൽട്ടി ബോക്സിനകത്തേക്ക്. വലങ്കാൽ കൊണ്ട് കണക്ട് ചെയ്ത് ഇടങ്കാൽ കൊണ്ടുള്ള മനോഹരമായൊരു ഹാഫ്വോളിയിലൂടെ കേരള ക്യാപ്റ്റൻ ഉസ്മാൻ പന്ത് പിഴക്കാത്ത ഉന്നം തൊടുക്കുകയായിരുന്നു. (1-0). ആദ്യ ഗോൾ നേടിയതോടെ കളിയാരവങ്ങൾക്കു പിന്നാലെയുള്ള കേരളത്തിന്റെ ശരവേഗങ്ങളിൽ തട്ടി ആന്ധ്രയുടെ പ്രതിരോധം നിരന്തരം ആടിയുലഞ്ഞു.
23-ാം മിനുട്ടിലാണ് കേരളത്തിന്റെ രണ്ടാം ഗോളിന്റെ പിറവി. മധ്യനിരയിൽ നിന്നും പന്തുമായുള്ള കുതിപ്പിനിടെ അഞ്ച് ആന്ധ്രാ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് സഹൽ അബ്ദുസ്സമദ് പെനാൽറ്റി ബോക്സിനകത്തേക്ക്. ശേഷം തൊട്ടു മുന്നിലുണ്ടായിരുന്ന ആന്ധ്ര ഗോളിയെ തീർത്തും നിസ്സഹായനാക്കി സഹൽ ഷോട്ട് ഉതിർക്കുകയായിരുന്നു. ഗോളിയുടെ കയ്യിൽ തട്ടി പന്ത് വലയുടെ ഇടതു മൂലയിലേക്ക് ഇരച്ചുകയറുകയായിരുന്നു. (2-0). പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങിയ എസ് ലിജോ ഏഴ് മിനുട്ടിനു ശേഷം കളിയുടെ 30-ാം മിനുട്ടിൽ മൂന്നാമത്തെ ഗോളും അക്കൗണ്ടിൽ കുറിച്ചു. വലതുംവിഗിൽ നിന്നും വി വി ശ്രീരാഗ് എടുത്ത ഫ്രീകിക്കിൽ നിന്നുയർന്ന പന്ത് ലിജോ ബോക്സിൽ ഉയർന്നു ചാടി ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ഗോൾലൈൻ ലാക്കാക്കി തിരിച്ചുവിട്ടു. ആന്ധ്ര ഗോളിയുടെ കൈകളിൽ സ്പർശിച്ച് പന്ത് വലയുടെ ഇടതു മൂലയിൽ പതിക്കുകയായിരുന്നു. (3-0).
ആദ്യപകുതിയിൽ തന്നെ ഗോളെന്നുറപ്പിച്ച അരഡസൻ ഷോട്ടുകളാണ് ആന്ധ്ര ഗോളി ഹരി ബാബു രക്ഷപ്പെടുത്തിയത്. പത്താം മിനുറ്റിലും 38-ാം മിനുറ്റിലും ജോബി ജസ്റ്റിൻ തൊടുത്ത കിടിലൻ ലോംഗ് റേഞ്ചറുകളും, 12-ാം മിനുറ്റിൽ സീസന്റെ ബുള്ളറ്റ് ഷോട്ടും ഏറെ ആയാസപ്പെട്ടാണ് ഹരിബാബു തട്ടിയകറ്റിയത്. രണ്ടാംപകുതിയിൽ ക്യാപ്റ്റൻ ഉസ്മാനുമൊത്തുള്ള വൺ ടു വൺ പാസിനൊടുവിൽ ആന്ധ്ര പ്രതിരോധത്തിലെ കിഷോർ ബാബു തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി കിക്കെടുത്ത ജോബി ജസ്റ്റിന് പിഴച്ചു. കേരള സ്ട്രൈക്കറുടെ ഷോട്ട് വലത്തേ പോസ്റ്റിനരികിലൂടെ പുറത്തേക്കു പറക്കുകയായിരുന്നു.
സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ റൗണ്ടിൽ പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കർണാടക ചാമ്പ്യൻഷിപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് റൗണ്ടിലെ ഒന്നാം മത്സരത്തിൽ ആന്ധ്രയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അടിയറവു പറഞ്ഞിരുന്ന കർണ്ണാടക പുതുച്ചേരിക്കെതിരായ ജയത്തോടെ യോഗ്യതാ റൗണ്ടിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. സ്‌ട്രൈക്കർ ആന്റോ സേവ്യറിന്റെ ഇരട്ട ഗോളുകളും ആദ്യ പകുതിയിൽ മിഡ്ഫീൽഡർ അമോസ് നേടിയ ഗോളുമാണ് കർണാടകയ്ക്ക് വിജയം സമ്മാനിച്ചത്. 23-ാം മിനുട്ടിൽ രണ്ട് പ്രതിരോധ നിരക്കാരെ മറികടന്ന് മുന്നേറി ഒന്നാന്തരമൊരു ഷോട്ടിലൂടെ അമോസാണ് കർണാടകയുടെ ഗോൾ അക്കൗണ്ട് തുറന്നത്. (1-0). ക്യാപ്റ്റൻ വിഘ്നേഷ് ഗുണശേഖറിന്റെ പാസിൽ നിന്ന് 35, 50 മിനുട്ടുകളിൽ പുതുച്ചേരി ഗോൾ മുഖം ഭേദിച്ച് വല കുലുക്കി ആന്റോ സേവ്യർ പട്ടിക പൂർത്തിയാക്കുകയായിരുന്നു. (3-0)
ഇന്ന് ഉച്ചയ്ക്ക് 1.45ന് നടക്കുന്ന ആദ്യ കളിയിൽ തെലങ്കാന തമിഴ്‌നാടിനെയും വൈകീട്ട് നാലിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ലക്ഷദ്വീപ് സർവ്വീസസിനെയും നേരിടും. ഇതിൽ സർവീസസും തമിഴ്‌നാടും ആദ്യ കളിയിൽ ജയം സ്വന്തമാക്കിയെങ്കിലും തെലങ്കാനയ്ക്കും സർവീസസിനും രണ്ടു കളിയിലും പരാജയമായിരുന്നു ഫലം.