കോഴിക്കോട്: തനത് കേളീ മികവ് ആവർത്തിക്കാനായില്ലെങ്കിലും കരുത്തരായ തമിഴ്‌നാടിനെ സമനിലയിൽ തളച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ഇന്നലെ വൈകിട്ട് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ അവസാന മത്സരത്തിൽ ഗോൾരഹിത സമനിലയുമായാണ് ഗ്രൂപ്പ് എയിലെ ജേതാക്കളായി കേരളം 71-ാമത് സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽനിന്ന് ഫൈനൽ റൗണ്ട് മത്സരങ്ങൾക്കു യോഗ്യത നേടിയത്.

കഴിഞ്ഞ രണ്ടു കളിയിൽനിന്നും വ്യത്യസ്തമായി കേരള താരങ്ങളുടെ മിന്നൽ പ്രകടനങ്ങളുടെ നിഴൽ പോലും പ്രകടിപ്പിക്കാനാവാതെയാണ് ഉസ്മാന്റെ നേതൃത്വത്തിലുള്ള ആതിഥേയ ടീം ഇന്നലെ പന്തു തട്ടിയത്. ആദ്യ രണ്ടു കളികളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പുതുച്ചേരിയെയും ആന്ധ്രയെയും വീഴ്‌ത്തി കരുത്തു കാട്ടിയ കേരളത്തെയല്ല ഇന്നലെ കണ്ടത്. ആദ്യ രണ്ട്-മൂന്ന് മിനുട്ടുകൾക്കകം എതിർ ടീമിന്റെ നെറ്റ് ചലിപ്പിക്കുന്ന ആക്രമണനിരയോ, ഗോൾ കീപ്പർക്ക് കാര്യമായ വെല്ലുവിളികൾ നൽകാതെ എതിരാളികളെ പൂട്ടുന്ന പ്രതിരോധഭിത്തിയോ കേരളത്തിനായി ആർപ്പുവിളിച്ച കളിക്കമ്പക്കാർക്ക് മുന്നിൽ ഇന്നലെ ദൃശ്യമായില്ല.

അനിവാര്യമായ ജയത്തിനായി പൊരുതിക്കളിച്ച കർണ്ണാടകം പലപ്പോഴും പരുക്കൻ കളിയാണ് പുറത്തെടുത്തത്. ഇതേ തുടർന്ന് കളിയുടെ 21, 27 മിനുട്ടുകളിൽ കേരളത്തിന്റെ മുന്നേറ്റനിരയിലെ ജോബിൻ ജസ്റ്റിന്റെ മുന്നേറ്റം തടഞ്ഞതിന് കർണ്ണാടകയുടെ പ്രതിരോധനിരയിലെ കാവൽ ഭടൻ അരുൺ പോണ്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് പത്തു പേരായി ചുരുങ്ങിയെങ്കിലും ആക്രമണ ഫുട്ബാളിന്റെ വശ്യതയുമായി കേരളത്തെ കുളിപ്പിച്ചുനിർത്താനുള്ള കളിതന്ത്രങ്ങളിൽ ഒരുവിധം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും കർണ്ണാടകക്കായി.

എന്നാൽ, പോയ കളികളിലെല്ലാം ആക്രമണത്തിലും പ്രതിരോധത്തിലും കളിതന്ത്രങ്ങളിലുമെല്ലാം മികച്ചുനിന്ന കേരളത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളെല്ലാം ഓർമയാക്കി നിരാശ പടർത്തുന്ന നീക്കങ്ങളാണ് കേരള താരങ്ങളിൽ നിന്നുണ്ടായത്. കേരളത്തിന്റെ മുന്നേറ്റനിരയിൽ കിടിലൻ നീക്കങ്ങളാൽ കാണികളുടെ ഇഷ്ടതാരമായി മാറിയ സ്ട്രൈക്കർ ജോബി ജസ്റ്റിനെ വീഴ്‌ത്തിയതിന് കർണ്ണാടകയുടെ ഉരുക്കുമതിലായി വിശേഷിപ്പിക്കപ്പെടുന്ന അരുൺ പോണ്ടെ കളത്തിന് പുറത്തുപോയിട്ടും കർണാടകയുടെ ആക്രമണങ്ങൾക്കും പ്രതിരോധത്തിനും ഒരൽപ്പം പോലും മൂർച്ച കുറഞ്ഞിരുന്നില്ല. അപ്പോഴും കേരളത്തിന്റെ ഹാഫിൽ തന്നെ നിലയുറപ്പിച്ച് ചടുലമായ നിക്കങ്ങളിലൂടെ കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടാനും അവർ ശ്രദ്ധിച്ചു.

എന്നാൽ, ഗോളെന്നുറപ്പിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ നേരിയ വ്യത്യാസത്തിൽ അകന്നുപോവുകയും ഫിനിഷിംഗിൽ പിഴവുകൾ ആവർത്തിച്ചും കേരളത്തെ നിർഭാഗ്യവും ഗോൾ ദാരിദ്ര്യവും വരിഞ്ഞുമുറുക്കുകയുമായിരുന്നു. ഒമ്പതാം മിനുറ്റിൽ കേരളത്തിന്റെ മിഡ്ഫീൽഡർ ജിഷ്ണുവിന്റെ ഒന്നാന്തരമൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോൾ 16-ാം മിനുട്ടിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും ഉസ്മാന്റെ ഹെഡ്ഡർ പാസ് കണക്ട് ചെയ്ത് ജോബി ജസ്റ്റിൻ തൊടുത്ത ഷോട്ട് വലതുപോസ്റ്റിനെ തൊട്ടുരുമ്മിയാണ് പുറത്തേക്കകന്നത്. 33-ാം മിനുട്ടിൽ കർണാടക താരം ആന്റോ സേവ്യറുടെ ഹെഡ്ഡർ കേരള ഗോളി വി മിഥുൻ ഏറെ ആയാസപ്പെട്ടാണ് സേവ് ചെയ്തത്.

അതിനിടെ, രണ്ടാം പകുതിയിൽ ജോബി ജസ്റ്റിനെ മുന്നേറ്റനിരയിൽനിന്നും പ്ലേമേക്കറായി വിന്യസിച്ച് കേരള കോച്ച് വി പി ഷാജി സഹൽ അബ്ദുസ്സമദിനെ സ്ട്രൈക്കറുടെ റോളിലേക്ക് മാറ്റിയെങ്കിലും അതും ഫലം കണ്ടില്ല. പരുക്കൻ അടവുകൾക്കു പേരുകേട്ട കർണ്ണാടകക്കു പിന്നാലെ ഇടയ്ക്കു കേരളവും നീങ്ങിയതോടെ അര ഡസനലധിതം തവണയാണ് റഫറി പ്രൻജൽ ബാനർജി കാർഡുകൾ പുറത്തെടുത്തത്. അതേസമയം, ഇന്നലെ ആന്ധ്രാപ്രദേശും പുതുച്ചേരിയും തമ്മിൽ നടന്ന ആദ്യ മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മൂന്നു കളിയിൽനിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാലു പോയിന്റ് വീതം നേടി കർണ്ണാടകയും ആന്ധ്രയും ഒപ്പമെത്തിയപ്പോൾ രണ്ടു തോൽവിയും ഒരു സമനിലയുമായി ഒരു പോയിന്റുമായി പോണ്ടിച്ചേരിയും അടക്കമുള്ളമുള്ള മൂന്നു ടീമുകളും യോഗ്യത കാണാതെ പുറത്തായി.

കർണ്ണാടകയുമായുള്ള മത്സരത്തിലും ജയത്തോടെ തന്നെ ഫൈനൽ റൗണ്ടിൽ ഇടം പിടിക്കണമെന്നായിരുന്നു ടീമിന്റെ ആഗ്രഹമെങ്കിലും അതിൽ ഒരാഗ്രഹം പൂവണിഞ്ഞില്ലെന്ന് കേരള ടീം കോച്ച് വി പി ഷാജി പറഞ്ഞു. ആദ്യ പകുതിയിൽ തന്നെ കർണ്ണാടക പത്തുപേരായി ചുരുങ്ങിയിട്ടും അതിന്റെ ആനുകൂല്യം മത്സരത്തിൽ ഉപയോഗപ്പെടുത്താനായില്ല. കളി മികവിലൂടെ നാമുണ്ടാക്കിയ ചാൻസുകൾ ഗോളാക്കാനും സാധിച്ചില്ല. ഗോവയും കൊൽക്കത്തയും മണിപ്പൂരുമെല്ലാം അണിനിരക്കുന്ന തുടർ റൗണ്ടുകളിൽ അതിനനുസരിച്ചുള്ള പൊളിച്ചെഴ്‌ത്തുകൾ ടീമിലുണ്ടാവും. എത്ര നല്ല കളിക്കാരും ടീമുമാണെങ്കിലും ചില ദിവസങ്ങളിൽ അത് ഉദ്ദേശിച്ച റിസൾട്ട് ഉണ്ടാക്കണമെന്നില്ല.

എങ്കിലും ആ ന്യൂനത തിരുത്തിയെ പറ്റു. ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാതെ ഫൈനൽ റൗണ്ടിൽ ടീമിന് പിടിച്ചുനിൽക്കാനാവില്ലെന്നുറപ്പാണ്. അതിനനുസരിച്ചുള്ള മെച്ചപ്പെട്ട മുന്നൊരുക്കങ്ങൾ പരിശീലനങ്ങളിലൂടെ ആർജിക്കേണ്ടതുണ്ട്. ടീം ഇന്നലെ
ആക്രമണ ഫുട്ബാൾ പുറത്തെടുത്തെങ്കിലും സ്‌കോറിംഗിൽ അതിന്റെ റിസൾട്ട് ഉണ്ടായില്ലെന്നും വരും മത്സലങ്ങളിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത നിലവാരം കാത്തുസൂക്ഷിക്കുമെന്നും ഷാജി അഭിപ്രായപ്പെട്ടു. കർണാടകയുമായുള്ള പ്രകടനത്തിൽ കുറച്ച് പ്രശ്നങ്ങളുണ്ടായെന്നും
ടീമിന് സ്‌കോർ ചെയ്യാനാവാത്തതിൽ നിരാശയുണ്ടെങ്കിലും ഫൈനൽ റൗണ്ടിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യം നിറവേറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ടീം ക്യാപ്റ്റൻ പി ഉസ്മാൻ പറഞ്ഞു. മുഴു സമയ അറ്റാക്കിങ് ഫുട്ബാളാണ് കർണ്ണാടക കെട്ടഴിച്ചത്. ഓരോ മത്സരവും ഓരോ പാഠങ്ങളാണെന്നും വീഴ്ചകളും ദൗർബല്യങ്ങളും പരിഹരിച്ച് ഫൈനൽ റൗണ്ടിൽ ടീം കൂടുതൽ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടക്കുന്ന തമിഴ്‌നാട്-സർവീസസ് പോരാട്ടത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ആരാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയെന്ന ചിത്രം വ്യക്തമാകും.

രണ്ടു കളിയിൽ നിന്ന് ആറു പോയിന്റാണ് ഇരു ടീമുകൾക്കുമുള്ളത്. സർവീസസ് രണ്ടു കളിയിൽ നിന്ന് 11 ഗോൾ എതിരാളികളുടെ വലയിൽ നിക്ഷേപിച്ചപ്പോൾ അത്രയും കളികളിൽ നിന്നായി ഏഴു ഗോളാണ് തമിഴ്‌നാടിന്റെ സമ്പാദ്യം. ഗ്രൂപ്പ് ബിയിൽ മത്സരിച്ച രണ്ടിലും പരാജയപ്പെട്ട തെലങ്കാനയും ലക്ഷദ്വീപും ഇന്ന് ആശ്വാസ ജയത്തിനായും ഏറ്റുമുട്ടും. ആദ്യ കളി ഉച്ചയ്ക്ക് 1.45നും രണ്ടാമത്തേത് വൈകുന്നേരം നാലിനുമാണ്.