കോഴിക്കോട്: തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലും വിജയത്തേരിലേറി നിലവിലുള്ള ജേതാക്കളായ സർവീസസ് 71-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത നേടി. ആക്രമണ-പ്രത്യാക്രമണ ഫുട്ബാളിന്റെ സുന്ദര മുഹൂർത്തങ്ങൾ അരങ്ങുവാണ ഗ്രൂപ്പ് ബിയിലെ അവസാന അങ്കത്തിൽ അട്ടിമറി ഭീഷണിയുയർത്തിയ തമിഴ്‌നാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അടിയറവ് പറയിച്ചാണ് സർവീസസിന്റെ ആധികാരിക ജയം. യോഗ്യതാ കടമ്പ കടക്കാൻ സമനില മാത്രം മതിയായിരുന്ന സർവ്വീസസ് മൂന്ന് കളിയിൽ നിന്ന് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന് പിന്നാലെ ഫൈനൽ റൗണ്ടിലേക്കു യോഗ്യത തെളിയിച്ചത്.

അനിവാര്യ ജയത്തിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ചാമ്പ്യൻഷിലെ ഏക ഹാട്രിക്കിന്റെ ഉടമയായ റീഗന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ടീം ഇന്നലെ മൈതാനത്തിറങ്ങിയത്. ആദ്യകളിയിൽ തെലങ്കാനയ്ക്കെതിരെ ഏഴ് ഗോളും രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെതിരെ നാല് ഗോളും അടിച്ചുകൂട്ടിയ സർവ്വീസസിന് പക്ഷെ തമിഴ്‌നാടിന് മുന്നിൽ തങ്ങളുടെ സമഗ്രാധിപത്യം പുലർത്താനായില്ല. ആദ്യ പകുതിയിൽ ചാമ്പ്യൻ ടീമിനെതിരെ കിടിലൻ പ്രകടനം പുറത്തെടുത്ത തമിഴ് ടീം അംഗങ്ങൾ രണ്ടാം പകുതിയിലാണ് പട്ടാളത്തോട് പൊരുതി കീഴടങ്ങിയത്. ആദ്യ പകുതിയിൽ തങ്ങളെ കുളിപ്പിച്ചുനിർത്തിയതിന്റെ ഞെട്ടലിൽനിന്നും മോചിതരായി രണ്ടാം പകുതിയിലാണ് പട്ടാളപ്പട കൂടുതൽ ഉണർന്നു കളിച്ചത്. ഇത് തമിഴ് നീക്കങ്ങളുടെ മുനയൊടിച്ചതോടൊപ്പം സർവീസസ് മുന്നേറ്റങ്ങൾക്ക് കൂടുതൽ ഒത്തിണക്കവും ഫലവുമുണ്ടാക്കി.

കളിയുടെ ഒഴുക്കിന് അനുകൂലമായി പട്ടാളപ്പടയുടെ നെഞ്ചു പിളർത്തി 32-ാം മിനുട്ടിലാണ് തമിഴ്‌നാടിന്റെ ഗോൾ പിറന്നത്. അറ്റാക്കിങ് ഡിഫൻഡർ ജയ്ഗണേശും മുന്നേറ്റ നിരയിലെ ക്യാപ്റ്റൻ റീഗണും ചേർന്ന് ഇടതു വിംഗിലൂടെ നടത്തിയ ചടുലമായ നീക്കത്തിനൊടുവിൽ പന്ത് മുഹമ്മദ് ഷാഹിദിലേക്ക്. ഷാഹിദ് നൽകിയ പാസ് സ്വീകരിച്ച് രണ്ടു പേരെ കബളിപ്പിച്ച് ഇരുപത് വാര അകലെ നിന്നും ജോക്സൺ ദാസ് വലങ്കാൽ കൊണ്ട് തൊടുത്ത ഉഷിരൻ ബുള്ളറ്റ് ഗ്രൗണ്ട് ഷോട്ട് ഗോളിയെ തീർത്തും നിസ്സഹായനാക്കി വലയുടെ വലതു മൂലയിലേക്ക് പതിച്ചു. (1-0). എന്നാൽ ഈ ആവേശം അധികനേരം നിലനിർത്താൻ തമിഴ്‌നാടിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സർവീസസ് അതേ നാണയത്തിൽ തന്നെ ഗോൾ മടക്കി പകരം ചോദിച്ചു. യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോറർ കൂടിയായ മുന്നേറ്റനിരയിലെ അർജുൻ ടുഡുവിന്റെ ലോംഗ് റേഞ്ചറിലൂടെയായിരുന്നു സർവീസസിന്റെ സമനില ഗോൾ. (1-1). ഇതോടെ യോഗ്യതാ റൗണ്ടിലെ തന്റെ ഗോൾനേട്ടം അർജുൻ ടുഡു നാലാക്കി ഉയർത്തി.

തുടർന്ന് ഇരുഭാഗങ്ങളിലേക്കു പന്ത് കയറിയിറങ്ങിയെങ്കിലും കളിയുടെ നിയന്ത്രണം സർവീസസ് ഏറ്റെടുത്തു. ഒറ്റപ്പെട്ട മിന്നലാക്രമമങ്ങൾ ഒഴിച്ചാൽ ആക്രമണ ഫുട്ബാളിന്റെ വീര്യം നിലനിർത്താൻ തമിഴ്‌നാടിനായില്ല. സർവീസസാകട്ടെ, ഗോൾ മടക്കിയതോടെ പൂർവ്വാധികം
കളിതന്ത്രങ്ങൾ കൈപിടിയിലൊതുക്കി മത്സരം പൂർണമായും വരുതിയിലാക്കുകയായിരുന്നു. 71-ാം മിനുറ്റിൽ തമിഴ്‌നാട് പ്രതിരോധ നിരക്കാരൻ ഷിനുവിന്റെ പരുക്കൻ കളി സർവ്വീസസിന്റെ വിജയഗോളിന് വഴിയൊരുക്കുകയായിരുന്ന. പെനാൽറ്റി കിക്കെടുത്ത ബ്രിട്ടോയുടെ പ്ലേസിങ് ഷോട്ട് ഗോളിയെ തീർത്തും നിസ്സഹായനാക്കി. (2-1). ലീഡുയർത്താൻ സർവ്വീസസും തിരിച്ചടിക്കാൻ തമിഴ്‌നാടും ആവത് ശ്രമിച്ചെങ്കിലും സ്‌കോർ ബോർഡിൽ മാറ്റങ്ങളുണ്ടാക്കാനായില്ല.

അതേസമയം, ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ലക്ഷദ്വീപ് തെലങ്കാനയെ പരാജയപ്പെടുത്തി ഇന്നലെ മേളയിലെ ആദ്യ ജയം സ്വന്തമാക്കി. 54-ാം മിനുട്ടിൽ കോർണർ കിക്കിൽ നിന്നും പെനാൽട്ടി ബോക്സിലേക്കെത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തെലങ്കാന ഗോളിയെ കാഴ്‌ച്ചക്കാരനാക്കി ലക്ഷദ്വീപ് മിഡ്ഫീൽഡർ കെ പി ഉമ്മർ വലയിലേക്ക് തൊടുക്കുകയായിരുന്നു. (1-0). ഗ്രൂപ്പ് ബിയിൽ മൂന്ന് ജയത്തോടെ സർവ്വീസസ് യോഗ്യത നേടിയപ്പോൾ തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകൾ ഫൈനൽ റൗണ്ടിൽ ഇടം കണ്ടെത്താനാകാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ പുറത്തായെങ്കിലും കന്നി യോഗ്യതാ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ തിളക്കമാർന്ന നേട്ടമുണ്ടാക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ദ്വീപ് താരങ്ങൾ ഇന്നലെ കോഴിക്കോട് വിട്ടത്.

ഇതോടെ ദക്ഷിണ മേഖലയിൽനിന്ന് കേരളവും സർവീസസുമാണ് ഫൈനൽ റൗണ്ടിൽ കളിക്കുക. ഫൈനൽ റൗണ്ട് കേരളത്തിന് ലഭിക്കാൻ കേരള ഫുട്ബാൾ അസോസിയേഷൻ ആൾ ഇന്ത്യാ ഫുട്ബാൾ അസോസിയേഷന് ഇന്നലെ തന്നെ ഫാക്സിന് പുറമെ കത്ത് അയച്ചതായാണ് വിവരം. കേരളത്തിന് ലഭിക്കാൻ സാധ്യകൾ ഏറെയാണെങ്കിലും ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് ആതിഥ്യമരുളാൻ ഒരുക്കമാണെന്നറിയിച്ച് കശ്മീരും മണിപ്പൂരും സജീവമായി രംഗത്തുണ്ട്.