കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ മണിപ്പൂരിനെ കേരളത്തിന് ആറു ഗോളിന്റെ കൂറ്റൻ ജയം. ഗോൾ രഹിതമായ ആദ്യ പകുതിയിൽ നിന്നാണ് രണ്ടാം പകുതിയിൽ കേരളം ഗോളടിച്ച് കൂട്ടിയത്.

ജിതിൻ ഗോപാലിന്റെ ഹാട്രിക്കാണ് കേരളത്തിന് വമ്പൻ ജയം സമ്മാനിച്ചത്. 61ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയ ജിതിൻ 82ആം മിനുട്ടിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും 94ആം മിനുട്ടിൽ ഹാട്രിക്കും തികച്ച് ഗോൾപട്ടിക പൂർത്തിയാക്കി.

ആക്രമണത്തിലൂന്നിയ രണ്ടാം പകുതിയാണ് കളി മാറ്റി മറിച്ചത്.48ആം മിനുട്ടിൽ അഫ്ദാലാണ് കേരളത്തിന് ആദ്യം ലീഡ് നേടിക്കൊടുത്തത്. ആദ്യ ഗോളിന് വഴി ഒരുക്കിയ രാഹുലാണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. 59ആം മിനുട്ടിലായിരുന്നു രാഹുലിന്റെ ഗോൾ. തുടർന്ന് 71ാം മിനുട്ടിൽ ജിതിൻ. എം. എസും ഗോൾ നേടി.

ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ കേരളം തോൽപ്പിച്ചിരുന്നു. ഇരുപത്തിയഞ്ചിന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇത് കൂടി ജയിച്ചാൽ കേരളം സെമിയിൽ പ്രവേശിക്കും.