കോഴിക്കോട്: 71ാമത് സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരത്തിന് പന്തുരുളാൻ മൂന്നു നാളുകൾ കൂടി മാത്രം ബാക്കിനിൽക്കെ ആതിഥേയരായ കേരള ടീം മത്സരത്തിന് വേദിയാകുന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 20 അംഗ ടീമാണ് ഇന്നലെ വൈകീട്ട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തി പരിശീലനം ആരംഭിച്ചത്.

പരിചയസമ്പന്നരും പുതുമുഖതാരങ്ങളും ഉൾപ്പെട്ട ടീം സ്വന്തം തട്ടകത്തിൽ ഏറെ പ്രതീക്ഷയും ആവേശവും കൈമുതലാക്കിയാണ് പന്തു തട്ടിയത്. 11 പുതുമുഖ താരങ്ങളിൽ ആറ് പേരും അണ്ടർ 19 താരങ്ങളാണ്. എട്ട് പേർ മുൻ സന്തോഷ് ട്രോഫി താരങ്ങളാണ്. ഇതിൽ സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റനും വിവ കേരളയുടെ മുൻ താരവുമായ വി കെ ഷിബിൻലാലും ചിരാഗ് യുണൈറ്റഡ് മുൻ താരം നൗഷാദുമാണ് കോഴിക്കോട്ടുകാർ. എസ് ബി ടി താരം മലപ്പുറത്തെ ടി ഉസ്മാനാണ് ക്യാപ്റ്റൻ. ഫിറോസ് കളത്തിങ്ങൽ വൈസ് ക്യാപ്റ്റനാണ്.

ഗോൾ കീപ്പറുൾപ്പെടെ രണ്ട് താരങ്ങൾ കണ്ണൂരുകാരാണ്. കണ്ണൂർ എസ് എൻ കോളെജ്, മഞ്ചേരി എൻ എസ് എസ് കോളെജ്, അരീക്കോട് എം ഇ എ എസ് എസ് കോളെജ്, കോട്ടയം ബസേലിയേസ് കോളെജ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ എസ് ബി ടിയുടെ താരങ്ങളാണ് ടീമിൽ ഇടം നേടിയവരിൽ അധികവും. വി പി ഷാജിയാണ് പരിശീലകൻ. മിൽട്ടനാണ് സഹപരിശീലകൻ.

മിക്‌സഡ് ടീമാണ് കളിക്കുന്നത്. പുതുമുഖ താരങ്ങളിലും പരിച സമ്പന്നരിലുമാണ് പ്രതീക്ഷയെന്ന് കോച്ച് വി പി ഷാജി പറഞ്ഞു. എതിർ ടീമുകളെ ഇപ്പോൾ വിലയിരുത്തിയിട്ടില്ല. എങ്കിലും നന്നായി കളിക്കും. ടീമിന് മത്സര പരിചയത്തിന്റെ കുറവുണ്ട്. ഈ വർഷം കാര്യമായ ടൂർണമെന്റുകളിൽ കളിക്കാൻ അവസരം ലഭിച്ചില്ല. വരും ദിവസങ്ങളിൽ പ്രാക്ടീസ് മത്സരങ്ങളുണ്ടാവും. എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും കോച്ച് വ്യക്തമാക്കി.

കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തണമെന്നാണ് ആഗ്രഹം. എന്നാൽ മുഖ്യവേദിയായതിനാൽ അതിനു പരിമിതികളുണ്ടാവും. അങ്ങനെ വന്നാൽ പരിശീലനം മെഡിക്കൽ കോളെജ് സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കും. പകൽസമയത്ത് കളിക്കുന്നത് താരങ്ങൾക്കു പ്രയാസമുണ്ടാക്കുമെങ്കിലും സ്വന്തം നാട്ടിലെ കാലാവസ്ഥയായതിനാൽ അത് മറികടക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കോഴിക്കോട്ടെ കളിക്കമ്പക്കാരായ കാണികളുടെ പിന്തുണ ടീമിന് ഏറെ പ്രചോദനമാകുമെന്നും അദ്ദേഹം കരുതുന്നു. സ്വന്തം മണ്ണിൽ, സ്വന്തം കാണികളുടെ കൂടി പിൻബലത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഫലമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ ടി ഉസ്മാൻ പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ സമയക്രമം മാറ്റണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇതിനകം സജീവമായി ഉയർന്നിട്ടുണ്ട്. നട്ടുച്ചയ്ക്കുള്ള മത്സരങ്ങൾ കാണികളെയും കളിക്കാരെയും ഒരുപോലെ ബാധിക്കുമെന്നതിനാൽ ഇത് വൈകീട്ട് തുടങ്ങി രാത്രി മത്സരങ്ങൾ ക്രമീകരിക്കുന്നതിലേക്കു മാറ്റാൻ തയ്യാറായാൽ കാണികളിലും വൻ ഒഴുക്കുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സൗത്ത് സോണിൽ നിന്നുള്ള ടീമുകളെ നിർണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി 5 മുതൽ 10 വരെയാണ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുക. ഉച്ചയ്ക്ക് രണ്ടരയ്ക്കും വൈകീട്ട് നാലരയ്ക്കുമാണ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ കർണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുൾപ്പെട്ട ഗ്രൂപ്പ് എയിലെയും സർവ്വീസസ്, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുൾപ്പെട്ട ഗ്രൂപ്പ് ബിയിലെയും ടീമുകൾ സൗത്ത് സോൺ യോഗ്യതാ റൗണ്ടിൽ മാറ്റുരയ്ക്കും.

ഒരു ദിവസം രണ്ട് മത്സരം വീതം 12 മത്സരങ്ങളാണ് എട്ട് ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടിൽ ഉണ്ടാവുക. ഓരോ ഗ്രൂപ്പിൽ നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് സൗത്ത് സോണിൽ നിന്നും ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകൾ വീതമാണ് ടൂർണമെന്റിന്റെ രണ്ടാംഘട്ടത്തിൽ മാറ്റുരയ്ക്കുക. ഉദ്ഘാടന മത്സരം ആതിഥേയരായ കേരളം പോണ്ടിച്ചേരിയുമായാണ്. അന്നു തന്നെ രണ്ടാമത്തെ മത്സരത്തിൽ വൈകീട്ട് നാലരയ്ക്ക് കർണാടക ആന്ധ്രപ്രദേശിനെ എതിരിടും. പ്രവേശനം സൗജന്യമാണ്. കോർപറേഷൻ സ്റ്റേഡിയത്തിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഗ്രൗണ്ടുകളിലും, ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളെജ് ഗ്രൗണ്ടിലുമായാണ് ടീമുകൾക്ക് പരിശീലനത്തിന് സൗകര്യപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് നിസാമുദ്ദീൻ എക്സ്‌പ്രസിൽ കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തിയ ടീമിന് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ഒളിമ്പ്യൻ റഹ്മാന്റെ മകനും മുൻ കേരള താരവുമായ ഹാരിസ് റഹ്മാൻ താരങ്ങളെയും പരിശീലകരെയും ഹാരാർപ്പണം നടത്തി. ചടങ്ങിൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി കൃഷ്ണകുമാർ, കെ പി മമ്മദ്‌കോയ, ട്രഷർ സി പ്രിയേഷ്‌കുമാർ, ഷാജഹാൻ, സലാം, ഹമീദ് തുടങ്ങിയവരും സംബന്ധിച്ചു.