കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച സന്നാഹ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് ജയത്തോടെ തുടക്കം. ഇന്നലെ ഉച്ചക്ക് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ എട്ട് ഗോളിന് കേരളം ആർമി ഇലവനെ തോൽപ്പിച്ചു. കളിയിലുടനീളം ഒത്തിണക്കോടെ കളിച്ച കേരള ടീം ഉച്ചവെയിലിന്റെ കനത്ത ചൂടിലും ആദ്യാവസാനം വരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം മിനുട്ടിൽ കണ്ണൂർക്കാരൻ മുഹമ്മദ് സഹലാണ് ആദ്യം വല ചലിപ്പിച്ചത്. തൊട്ടുപിന്നാലെ ഏഴാം മിനുട്ടിൽ ജോബി രണ്ടാംഗോൾ കുറിച്ചു. 14ാം മിനുട്ടിൽ ക്യാപ്റ്റൻ ഉസ്മാനും തന്റെ വരവറിയിച്ചതോടെ ഗോൾ മൂന്നിലെത്തി.

രണ്ടാം പകുതിയിൽ എതിരാളിയുടെ പിഴവിൽ നിന്നും കേരളത്തിന് ഒരു ഗോൾ വീണ് കിട്ടി. എൽദോയുടെ ഷോട്ട് ആർമിയുടെ താരത്തിനെ ടച്ച് ചെയ്ത് ഗോൾ പോസ്റ്റിലെത്തി.(40). 53ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ രാഹുൽ പന്ത് വലയിലാക്കിയതിന് പിന്നാലെ ലഭിച്ച പെനാൽട്ടിയും രാഹുൽതന്നെ ഗോളാക്കി. (60). 69ാം മിനുട്ടിൽ മുഹമ്മദ് പറക്കോട്ടിലിലൂടെ കേരളം ഏഴാം ഗോൾ നേടി. കളിതീരാൻ ഒരു മിനുട്ട് ബാക്കി നിൽക്കെ 90ാം മിനുട്ടിൽ മുഹമ്മദ് തന്നെ ഗോൾ പട്ടിക പൂർത്തിയാക്കി (80).

താരങ്ങളുടെ പ്രകടനത്തിൽ സംതൃപ്തിയുണ്ടെന്നും ഇത്തരമൊരു പരിശീലന മത്സരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും കോച്ച് വി പി ഷാജി പറഞ്ഞു. ചെയ്ത വർക്കുകൾ വിജയകരമാണെന്ന് ബോധ്യപ്പെടുന്നതോടൊപ്പം വരും മത്സരങ്ങളിൽ പിഴവുകൾ തിരുത്താനും ഇത് സഹായകമാകുമെന്നാണ് പ്രത്യാശയെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെ സീനിയർ താരങ്ങളായ വി കെ ഷിബിൻലാലിനേയും ജോസനേയും മധ്യനിരയിൽ നിർത്തി ഉസ്മാനെയും ജോബിയെയും പോലുള്ള താരങ്ങളെ മുന്നേറ്റനിരയിൽ കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോച്ച് പറഞ്ഞു.

ചൂടുള്ള കാലാവസ്ഥയിൽ കളിച്ച് പരിചയിക്കുന്നതിനാണ് ഉച്ചയ്ക്കു തന്നെ കളിച്ചതെന്നും ചൂട് പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ ഉസ്മാൻ പറഞ്ഞു. തിരുവനന്തപുരം എൽ എൻ സി പിയിൽ നടന്ന പരിശീലന ക്യാംപിന് ശേഷം തെരഞ്ഞെടുത്ത 20 അംഗ ടീമാണ് കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയത്. പരിചയസമ്പന്നരും പുതുമുഖതാരങ്ങളും ഉൾപ്പെട്ട ടീമാണിത്. 11 പുതുമുഖ താരങ്ങളിൽ ആറ് പേരും അണ്ടർ 19 താരങ്ങളാണ്. എട്ട് പേർ മുൻ സന്തോഷ്‌ട്രോഫി താരങ്ങളാണ്. സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റനും വിവ കേരളയുടെ മുൻ താരവുമായിരുന്ന വി കെ ഷിബിൻലാലും ചിരാഗ് യുണൈറ്റഡ് മുൻ താരം കെ നൗഷാദുമാണ് ടീമിലെ കോഴിക്കോട്ടുകാർ.

സ്വന്തം ആരാധകരുടെ മുന്നിൽ കേരളത്തിനായി ജഴ്‌സി അണിയാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് ഷിബിൻലാലും നൗഷാദും. വർഷങ്ങൾക്കുശേഷം സന്തോഷ് ട്രോഫിക്ക് കോഴിക്കോട് വേദിയാകുമ്പോൾ സ്വന്തം നാട്ടിൽ കളിക്കാനുള്ള ഭാഗ്യമാണ് ഇരുവർക്കും കൈവന്നത്. ഇരുവരും പ്രൊഫഷണൽ ക്ലബ്ബിനായി ആദ്യമായി ബൂട്ട് കെട്ടിയ മണ്ണ് കൂടിയാണ് കളിക്കമ്പക്കാരുടെ ഇഷ്ട മണ്ണായ കോഴിക്കോട്. ഐ ലീഗിൽ ഇരുവരും വിവ കേരളക്കായി ഒരുമിച്ച് കോർപറേഷൻ സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. കേരളത്തിനായി മികച്ച കളി പുറത്തെടുക്കാൻ കഴിയുമെന്നന്നും പ്രാഥമിക റൗണ്ടിലെ മൂന്ന് കളിയും ജയിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഇരുവരും പറഞ്ഞു.

എസ് ബി ടി താരമായ ഷിബിൻലാൽ കോഴിക്കോട് മൊകവൂർ സ്വദേശിയാണ്. ഏഴാം തവണയാണ് ഈ ഇരുപത്തിയേഴുകാരൻ കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കുന്നത്. എടക്കാട് യൂണിക് സോക്കറിലൂടെ കളിച്ചു തുടങ്ങിയ ഷിബിൻ മലബാർ ക്രിസ്ത്യൻ കോളെജിൽ പഠിക്കുന്ന കാലത്താണ് ഫുട്‌ബോളിനെ നെഞ്ചോട് ചേർത്തത്. സായിയുടെ കോഴിക്കോട് സെന്ററിലായിരുന്ന 2007ൽ ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജിലൂടെ കലിക്കറ്റ് സർവകലാശാലക്കായി അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ കളിച്ചു. 2008ലും 2009ലും വിവ കേരളക്കായി കളിച്ചു. 2009ൽ സന്തോഷ് ട്രോഫി ടീമിൽ ആദ്യമായി ഇടം കണ്ടെത്തി. കേരളത്തിനായി മധ്യനിരയിൽ കളിനെയ്യുന്ന ഷിബിൻലാൽ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നായകനായിരുന്നു. മൊകവൂർ വേട്ടുവൻ കണ്ടി രവീന്ദ്രന്റെയും പുഷ്പയുടെയും മകനാണ്.

കോഴിക്കോട് നഗരത്തിന് സമീപത്തുള്ള നടുവട്ടം അരക്കിണർ സ്വദേശിയായ നൗഷാദ് കൊൽക്കത്തയിലെ ഭവാനിപ്പൂർ എഫ് സിക്ക് വേണ്ടിയാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്തിന് വേണ്ടി കളിച്ചാണ് സംസ്ഥാന ടീമിൽ ഇടം കണ്ടെത്തിയത്. 31കാരനായ നൗഷാദ് ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ ബൂട്ടു കെട്ടുന്നത്. ഫാറൂഖ് കോളെജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഫുട്ബാളിൽ സജീവമായത്. മൂന്ന് വർഷം വിവ കേരളക്കായി ജഴ്‌സി അണിഞ്ഞു. പിന്നീട് ഒരു വർഷം പ്രയാഗ് യൂണൈറ്റഡിനും രണ്ട് തവണ കൊൽക്കത്ത മുഹമ്മദൻസിനായും കളിച്ചിട്ടുണ്ട്. അരക്കിണർ കൊടക്കാട്ടകത്ത് മമ്മദ്‌കോയയുടെയും കുഞ്ഞാത്തുവിന്റെയും മകനാണ് നൗഷാദ്. ഷിംജിനയാണ് ഭാര്യ. മകൻ: ഇസാൻ.