കോഴിക്കോട്: 71-ാമത് സന്തോഷ്ട്രോഫി ദക്ഷിണ മേഖലാ മത്സരത്തിന് നാളെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പന്തുരുളാനിരിക്കെ മത്സര സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. നട്ടുച്ചയ്ക്കുള്ള മത്സരം വൈകീട്ടത്തേക്കു മാറ്റണമെന്ന താരങ്ങളുടെയും കേരള ഫുട്ബാൾ അസോസിയേഷന്റെയും ആവശ്യം ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തള്ളിയതോടെയാണിത്. നിലവിൽ ഉച്ചയ്ക്ക് 2.30നും വൈകുന്നേരം 4.30നുമാണ് മത്സരങ്ങൾ.

ഇതിൽ കനത്ത ചൂട് കാരണം 2.30-ന്റെ മത്സരം മാറ്റി ഫൽഡ് ലിറ്റിൽ കളിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രാജ്യത്തെ എല്ലാ മേഖലകളിലും കളി നടക്കുന്നത് അത്യുഷ്ണത്തിലാണെന്നും ഇവിടെ മാത്രം പ്രത്യേക സമയം അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ നിലപാട്. മത്സരം ഫൽഡ് ലിറ്റിലേക്കു മാറ്റുമ്പോൾ ദിവസം ഒരു ലക്ഷം രൂപ അധിക ബാധ്യത ഉണ്ടാവുമെങ്കിലും അത് എങ്ങനെയെങ്കിലും തരപ്പെടുത്തി ഫുട്ബാൾ താരങ്ങളുടെയും കാണികളുടെയും ആവേശത്തിന് നിറം പകരാമെന്നായിരുന്നു കേരള ഫുട്ബാൾ അസോസിയേഷൻ കരുതിയത്. എന്നാൽ മത്സരം പകൽ തന്നെ നടത്തണമെന്ന കർക്കശമായ നിർദ്ദേശം ഉയർന്നതോടെ ആ സാധ്യതയാണ് അടഞ്ഞത്.

അതിനിടെ, ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളവുമായി ഏറ്റുമുട്ടുന്ന പോണ്ടിച്ചേരി ടീമും മുൻ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിലെ പ്രബലരുമായ സർവീസസ് ടീമും കോഴിക്കോട്ടെത്തി. ഗ്രൂപ്പ് എയിൽ കേരളത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്ന കർണ്ണാടക ടീമും ഇന്നലെ തന്നെ ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിലെത്തി. ഇന്നലെ രാവിലെ ഏഴരയോടെയാണ് നിലവിലെ ചാംപ്യന്മാരായ സർവീസസ് എത്തിയത്. ഉച്ചയോടെ കാലിക്കറ്റ് സർവകലാശാല മൈതാനത്ത് ടീം പരിശീലനവും ആരംഭിച്ചു. വൈകീട്ട് അഞ്ചേ കാലോടെ ചെന്നൈ എഗ്മോർ എക്സ്പ്രസിലാണ് കേരളത്തിന്റെ ആദ്യ എതിരാളികളായ പുതുച്ചേരി ടീമെത്തിയത്. ബസ് മാർഗമാണ് കർണ്ണാടക ടീം എത്തിയത്. മൂന്നു ടീമുകൾക്കും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.

പ്രാഥമിക റൗണ്ട് ക്വാളിഫെയിങ് മത്സരത്തിൽ എട്ടു ടീമുകളാണ് കോഴിക്കോട്ട് പന്ത് തട്ടുക. നാലു ടീമുകൾ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഇതിൽ ഓരോ ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തെത്തുന്ന ഓരോ ടീമുകൾക്കാണ് ഫൈനൽ റൗണ്ടിലേക്ക് ബർത്ത് ലഭിക്കുക.
കഴിഞ്ഞ രണ്ടു സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിലും യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടതിന്റെ നാണക്കേടു തീർക്കാൻ കേരളത്തിന് എല്ലാ മത്സരങ്ങളും ജയിച്ചേ തീരൂ. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കർണാടക, ആന്ധ്ര, പുതുച്ചേരി എന്നിവയാണ് മറ്റു മൂന്നു ടീമുകൾ. ഇതിൽ കർണ്ണാടകയാണ് ഒരൽപ്പമെങ്കിലും കേരളത്തിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത്.

എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് കേരളത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സ്വന്തം മണ്ണിൽ, സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണയിൽ യുവത്വവും പരിചയസമ്പന്നതയും കൈമുതലായുള്ള കേരളത്തിന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ കളിക്കമ്പക്കാർ. കേരളം ഫൈനൽ റൗണ്ടിലേക്കു ബെർത്ത് നേടിയാൽ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ കലാശക്കൊട്ട് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കു വേദിയാകാനും കോഴിക്കോടിന് ഭാഗ്യമുണ്ടാവുമെന്നാണ് കരുതുന്നത്. തമിഴ്‌നാട്, സർവീസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകളാണു ഗ്രൂപ്പ് ബിയിലുള്ളത്.

തുടർച്ചയായി രണ്ടുവർഷം സന്തോഷ് ട്രോഫിയിൽ മുത്തമിട്ട സർവീസസ് 2013-ൽ കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ നെഞ്ചു തകർത്താണ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയത്. രണ്ട് മലയാളി പരിശീലകരും ഏഴ് മലയാളി താരങ്ങളുടെയും ബലത്തിലാണ് സർവീസസ് കോഴിക്കോട്ട് തന്ത്രങ്ങൾക്ക് ചൂട് പിടിപ്പിക്കുക. ആലപ്പുഴക്കാരൻ സജികുമാറാണ് മുഖ്യപരിശീലകൻ. അഭിലാഷും സഹപരിശീലകനായുണ്ട്്. ഫർഹാദ് കോഴിക്കോട്, ഇർഷാദ് മലപ്പുറം, വിഷ്ണു കണ്ണൂർ, ജയിൻ പി കാസർഗോഡ്, രാരി എസ് രാജ് പാലക്കാട്, അനുസോളി തൃശൂർ, ബ്രിട്ടോ തിരുവനനന്തപുരം എന്നിവരാണ് ടീമിലെ മലയാളി കരുത്ത്.

തിരൂരുകാരൻ ഇർഷാദാണ് ടീമിലെ ഒരു സ്ട്രൈക്കർ. കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസിൽ മഹാരാഷ്ട്രക്കായി ജഴ്സി അണിഞ്ഞ ഇർഷാദ് ആദ്യമായാണ് സർവീസസിന് വേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടുന്നത്. അതിനിടെ, സ്വന്തം നാട്ടിൽ സർവീസസിനായി കളിക്കുന്ന സന്തോഷ്ട്രോഫിയിലെ മുൻ ടോപ് സ്‌കോറർ കൂടിയായ കോഴിക്കോട്ടുകാരനായ ഫർഹാദിനെ പരുക്ക് വേട്ടയാടുന്നത് വലിയൊരു വെല്ലുവിളി ഉയർത്തുന്നു. ഗ്രൂപ്പ് ബിയിൽ തമിഴ്‌നാടാണ് സർവീസിസന്റെ മുഖ്യ എതിരാളികൾ.

20 അംഗ പോണ്ടിച്ചേരി ടീമിലും നാല് മലയാളി താരങ്ങളുണ്ട്. വയനാട് സ്വദേശി നിസാം, പാലക്കാട്ടുകാരൻ അജ്മൽ, തൃശൂരിലെ റഫീഖ്, നിധിൻ തിരുവനന്തപുരം എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. നാല് സീനിയർ താരങ്ങളാണ് ടീമിന്റെ കരുത്ത്. ഇതിൽ ക്യാപ്റ്റൻ സുകുമാരൻ ആറു തവണ സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്. ഡാനിയൽ റോക്കും ആൽബിനും ബാലാജിയും രണ്ട് തവണ വീതം സന്തോഷ് ട്രോഫിയിൽ പന്ത് തട്ടിയിട്ടുണ്ട്. നാല് താരങ്ങൾ അണ്ടർ 19 താരങ്ങളാണ്. ഇന്ത്യൻ ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ മുൻ ക്യാപ്റ്റൻ ഐ എം വിജയന്റെ സമകാലീകനായി സന്തോഷ് ട്രോഫി കളിച്ച സെന്തിൽകുമാറാണ് പുതുച്ചേരിയുടെ കോച്ച്. കേരളത്തെ ശക്തമായ ടീമായാണ് കാണുന്നതെങ്കിലും പുതുച്ചേരി ടീമിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കോച്ച് സെന്തിൽകുമാർ പറഞ്ഞു.

കർണ്ണാടക ടീം ബസ് മാർഗം കോഴിക്കോട്ടെത്തി ഇന്നലെ ഫാറൂഖ് കോളെജ് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. ടീമിൽ മലയാളി താരങ്ങളില്ലെങ്കിലും ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന പ്രഫഷണൽ താരങ്ങളാണ് ഏറെയുമുള്ളത്. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, ലക്ഷദ്വീപ് ടീമുകളാണ് ഇനി എത്താനുള്ളത്. ഈമാസം പത്തു വരെ ഒരു ദിവസം രണ്ട് മത്സരം വീതം 12 മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിൽ അരങ്ങേറുക. ഓരോ ഗ്രൂപ്പിൽ നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് സൗത്ത് സോണിൽ നിന്നും ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകൾ വീതമാണ് ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുക. നാളെ ഉച്ചയ്ക്ക് 2.30-നാണ് കേരള-പുതുച്ചേരി മത്സരം. പ്രവേശനം സൗജന്യമാണ്.