- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുമായി നായകൻ ജിജോ ജോസഫ്; ആവേശപ്പോരിൽ പഞ്ചാബിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം സെമിയിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
മഞ്ചേരി: ആവേശപ്പോരാട്ടത്തിൽ കരുത്തരായ പഞ്ചാബിനെ കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ഇരുപകുതികളിലുമായി ക്യാപ്റ്റൻ ജിജോ ജോസഫ് നേടിയ ഇരട്ടഗോളുകളിലാണ് കേരളത്തിന്റെ വിജയം. പഞ്ചാബിനായി മൻവീർ സിങ്ങും ഗോൾ നേടി. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം.
മേഘാലയക്കെതിരേ സമനിലയിൽ പിരിഞ്ഞ കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. നിജോ ഗിൽബർട്ടിന് പകരം സൽമാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനിൽ ഇടംനേടി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലെത്തിയത്.
കേരളത്തിന്റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിഖ്നേഷ് ബോക്സിലേക്ക് ചിപ് ചെയ്ത് നൽകിയ പന്ത് പക്ഷേ ഷിഗിലിന് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനായില്ല. പിന്നാലെ 12-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ പിഴവിൽ നിന്ന് പഞ്ചാബ് മുന്നിലെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി സ്‌കോർ ചെയ്തത്. മൻവീറിന്റെ ഷോട്ട് ഗോൾകീപ്പർ മിഥുൻ തടയാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
ഗോൾ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ അർജുൻ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്‌ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അർജുൻ ജയരാജ് നൽകിയ ക്രോസ് ക്യാപ്റ്റൻ ജിജോ ജോസഫ് കിടിലൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റിൽ മൻവീർ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 29ാം മിനിറ്റിൽ കേരളത്തിന് തിരിച്ചടിയായി ഗോൾകീപ്പർ മിഥുൻ പരിക്കേറ്റ് പുറത്തുപോയി. ഹജ്മൽ. എസ് ആണ് പകരം ഗോൾവല കാത്തത്.
36ാം മിനിറ്റിൽ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി പഞ്ചാബ് ഡിഫൻഡർ രജത് കുമാർ അപകടമൊഴിവാക്കി. ആദ്യ പകുതയുടെ അധിക സമയത്ത് അർജുൻ എടുത്ത ഫ്രീ കിക്ക് സെന്റ് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ സൽമാന് പകരം നൗഫൽ പി.എന്നിനെ കേരളം കളത്തിലിറക്കി. ഇതോടെ വലതുവിങ്ങിലൂടെയുള്ള കേരള ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 47-ാം മിനിറ്റിൽ ഷിഗിലിന്റെ ത്രൂ പാസിൽ നിന്നുള്ള വിഖ്‌നേഷിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റിൽ പഞ്ചാബ് താരത്തിന്റെ ഷോട്ട് തടഞ്ഞ് ഹജ്മൽ കേരളത്തിന്റെ രക്ഷകനായി.
51-ാം മിനിറ്റിൽ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്‌സിന് പുറത്തു നിന്ന് ഷിഗിൽ നൽകിയ പാസ് ജിജോ നൗഫലിന് മറിച്ച് നൽകി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റിൽ നൗഫലിന്റെ ക്രോസിൽ നിന്നുള്ള ഷിഗിലിന്റെ ഹെഡർ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി.
67ാം മിനിറ്റിൽ ഒരു ഫൗളിനെ തുടർന്ന് കേരള - പഞ്ചാബ് താരങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാൽ റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹർപ്രീത് തട്ടിയകറ്റുകയായിരുന്നു.
86-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഒന്നടങ്കം ത്രസിപ്പിച്ച് ജിജോയുടെ വിജയഗോളെത്തി. ഇടതു വിങ്ങിൽ നിന്ന് സഞ്ജു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പഞ്ചാബ് ഡിഫൻഡർമാർ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ജിജോയുടെ രണ്ടാം ഗോൾ. ടൂർണമെന്റിൽ താരത്തിന്റെ അഞ്ചാം ഗോൾ.
ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളം സെമിയിൽ ഇടമുറപ്പിച്ചത്. നാല് മത്സരങ്ങളിൽനിന്ന് ആകെ 10 പോയിന്റ് നേടിയാണ് കേരളം ഗ്രൂപ്പ് ചാംപ്യന്മാരായത്. രാജസ്ഥാനെയും ബംഗാളിനെയും തോൽപിച്ചു കുതിക്കുകയായിരുന്ന കേരളത്തിനു കഴിഞ്ഞ മത്സരത്തിൽ മേഘാലയ സമനിലയുടെ തടയിട്ടിരുന്നു. ഇതോടെയാണ് പഞ്ചാബിനെതിരായ ഇന്നത്തെ മത്സരം നിർണായമായത്. ഇരട്ടഗോളുകളുമായി ക്യാപ്റ്റൻ തിളങ്ങിയതോടെ കേരളം വിജയവും സെമി ബെർത്തും കൈപ്പിടിയിലൊതുക്കി.
സ്പോർട്സ് ഡെസ്ക്