മലപ്പുറം: ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക കൊൽക്കത്തയല്ലെന്നും മലബാറാണെന്നും ഐ.എം. വിജയൻ. മലബാറിൽവെച്ച് തനിക്ക് സന്തോഷ് ട്രോഫി കളിക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻകൂടിയ ഐ.എം. വിജയൻ പറഞ്ഞു. മലപ്പുറത്ത് ടൂർണമെന്റുകൾ കളിക്കുന്നതുപോലെയല്ല സന്തോഷ്ട്രോഫി മത്സരമെന്നും അതിന് പ്രത്യേക വൈബാണെന്നും വിജയൻ പറഞ്ഞു. മലപ്പുറത്തും, കോഴിക്കോടും സന്തോഷ് ട്രോഫി മത്സരം കളിക്കണമെന്ന തന്റെ തലമുറക്കും വലിയ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ഓഫീസ് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനിലാണ് ഓർഗനൈസിങ് ഓഫീസിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് 75 ാമത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളത്തിന്റെ സ്ഥാനം. ഏപ്രിൽ 16 ന് വൈകീട്ട് എട്ടിന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

അതേ സമയം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഹൈ പവർ കമ്മിറ്റി, മീഡിയ സബ് കമ്മിറ്റി, സബ് കമ്മിറ്റി കൺവീനർമാരുടെ പ്രത്യേക യോഗം ചേർന്നു. വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. മീഡിയ സബ് കമ്മിറ്റി യോഗത്തിൽ മത്സരം നടക്കുന്ന രണ്ട് വേദികളിലും മാധ്യമ പ്രവർത്തകർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വിലയിരുത്തി.

യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, വൈ. പ്രസിഡന്റ്, വി.പി. അനിൽ, സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ്, ഇവന്റ് കോ-ഓർഡിനേറ്റർ യു ഷറഫലി, ജില്ലാ സ്പോർട്സ് കൗൺസിൽ എക്‌സിക്യുറ്റീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാർ, ഹൃഷിക്കേഷ് കുമാർ, കെ.എ. അബ്ദുൽ നാസർ, റിട്ട പൊലീസ് മേധാവി അബ്ദുൽ കരീം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അഷ്‌റഫ്,സ്പോർട്സ് ഓഫീസർ ടി.മുരുകൻ രാജ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ. പി മുഹമ്മദ് റിയാസ്, ടെക്നിക്കൽ കമിറ്റി കൺവീനർ ഡോ. സുധീർ കുമാർ, പബ്ലിസിറ്റി & സ്‌പോൺസർ കമ്മിറ്റി കൺവീനർ കെ.വി. അൻവർ,അക്കമൊഡേഷൻ കമ്മിറ്റി കൺവീനർ ജലീൽ മയൂര, മെഡിക്കൽ കമ്മിറ്റി കൺവീനർ ഡോ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.