- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ ലഹരിയിലേക്ക് മലപ്പുറം; സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള ടീമുകൾ നാളെ മുതൽ എത്തും; കേരള ടീമിനെയും നാളെ അറിയാം; സന്തോഷ് ട്രോഫി സീസൺ ടിക്കറ്റ് വിതരണം തുടങ്ങി
മലപ്പുറം: ജില്ല ഇതാദ്യമായി ആതിഥ്യമരുളുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഏപ്രിൽ 16 മുതൽ മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ നടക്കുന്ന അന്തിമ റൗണ്ട് മത്സരങ്ങളിൽ 75ാം കിരീടം തേടി പത്ത് ടീമുകളാണ് പന്ത് തട്ടുന്നത്. ബുധനാഴ്ച മുതൽ ടീമുകൾ എത്തും. കേരളത്തിന്റെ 20 അംഗ സംഘത്തെ ബുധനാഴ്ച കോഴിക്കോട്ട് പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാത്രി എടവണ്ണയിൽ കേരളത്തിന്റെ സാധ്യത ടീം ഐ.എസ്.എൽ താരങ്ങളുമായി സൗഹൃദ മത്സരത്തിനിറങ്ങും. ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് വിൽപന തിങ്കളാഴ്ച തുടങ്ങി. കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ഒഡിഷ, മണിപ്പൂർ, മേഘാലയ ടീമുകൾ നാളെയും സർവിസസും ഗുജറാത്തും കർണാടകയും വ്യാഴാഴ്ചയുമെത്തും. മഞ്ചേരി, മലപ്പുറം, തലപ്പാറ എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ട്രോഫിയുടെ തറവാട്ടുകാരായ ബംഗാൾ, മുൻ ജേതാക്കളായ പഞ്ചാബ്, വടക്ക് കിഴക്കൻ കരുത്തരായ മേഘാലയ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് ആതിഥേയർ.
അട്ടിമറിവീരന്മാരായ രാജസ്ഥാനുമുണ്ട്. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ ടീമുകൾ ഗ്രൂപ്പ് ബി യിലാണ്. ദക്ഷിണമേഖല യോഗ്യത റൗണ്ട് കളിച്ച കേരള ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നുറപ്പായിട്ടുണ്ട്. കേരള പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ താരങ്ങളെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 7.30നാണ് എടവണ്ണയിലെ സൗഹൃദ മത്സരം. പ്രചാരണഭാഗമായി ബുധനാഴ്ച രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിൽ ഏറ്റുമുട്ടും.
പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലെ ഒരുക്കങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. സീസൺ ടിക്കറ്റ് വിൽപന ഉദ്ഘാടനം മലപ്പുറത്ത് ഇന്ത്യൻ താരം ആഷിക് കുരുണിയൻ നിർവഹിച്ചു. മത്സരങ്ങൾ നടക്കുന്ന പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ അടുത്ത ദിവസം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കൈമാറും.
സ്പോർട്സ് ഡെസ്ക്