തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നിലനിർത്താനിറങ്ങുന്ന കേരള ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം വി.പി ഷാജിയെ നിയമിച്ചു. 13 വർഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത സതീവൻ ബാലന് പകരമാണ് വിപി ഷാജി എത്തുന്നത്.

ഇത് രണ്ടാം തവണയാണ് ഷാജി കേരള ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2017 സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. അന്ന് സെമിയിൽ ഗോവയോട് തോറ്റ് കേരളം പുറത്തായിരുന്നു. നിലവിൽ എസ്.ബി.ഐയുടെ പരിശീലകനാണ്.

മുൻ ഇന്ത്യൻ താരമായ ഷാജി 1993-ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു. 1998-ലെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒരു തവണ സഹ പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ സതീവൻ ബാലൻ പരിശീലിച്ച കേരള ടീം കൊൽക്കത്തയിൽ ആതിഥേയരായ ബംഗാളിനെ തകർത്ത് കിരീടം നേടിയിരുന്നു. സാൾട്ട് ലേക്കിൽ പെനാൽറ്റി വരെ നീണ്ട മത്സരത്തിൽ 4-2 നായിരുന്നു കേരളത്തിന്റെ വിജയം. 13 വർഷത്തിനു ശേഷമായിരുന്നു കേരളത്തിന്റെ കിരീട നേട്ടം. കേരളത്തിന്റെ ആറാം കിരീടമായിരുന്നു കൊൽക്കത്തയിൽ ഉയർത്തിയത് യൂത്ത് ഡവലപ്‌മെന്റിൽ ഏറെ പ്രാവീണ്യമുള്ള സതീവൻ ബാലനെ മാറ്റിയ കാരണം വ്യക്തമല്ല. 2013ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം സഹപരിശീലകനായിരുന്നു സതീവൻ ബാലൻ.