മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ സർവീസസ് വീണ്ടും വിജയ വഴിയിൽ. ഗുജറാത്തിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് സർവീസസസ് വിജയം ഉറപ്പിച്ചത്. മലപ്പുറം കോട്ടപ്പടിയിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗുജറാത്തിനെ സർവീസസ് തോൽപ്പിച്ചത്. സർവീസസിനായി നിഖിൽ ശർമ, കൃഷ്ണകണ്ഠ സിങ്, പിന്റു മഹാത എന്നിവർ ഓരോ ഗോൾ വീതം നേടി. ജയ്കനാനിയുടെ വകയാണ് ഗുജറാത്തിന്റെ ആശ്വാസ ഗോൾ.

ആദ്യ പകുതിയിലെ 20-ാം മിനുട്ടിലാണ് ഗുജറാത്ത് ലീഡെടുത്തത്. വലത് വിങ്ങിൽ നിന്ന് പ്രണവ് രാമചന്ദ്ര കൻസെ സർവീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്‌സിലേക്ക് നൽക്കിയ പാസിൽ ജയ്കനാനി ഗോളാക്കി മാറ്റി. എന്നാൽ 45 ാം മിനുട്ടിൽ സർവീസസ് സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറ്റം നടത്തി റൊണാൾഡോ ബോക്‌സിലേക്ക് നൽക്കി പാസ് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ബോക്‌സിൽ നിലയുറപ്പിച്ചിരുന്നു നിഖിൽ ശർമക്ക് ലഭിച്ച്. നിഖിൽ അനായാസം ഗോളാക്കി മാറ്റി.

രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ സർവീസസിന്റെ ആക്രമണമാണ് കണ്ടത്. തുടരെ ഗുജറാത്ത് ബോക്‌സിലേക്ക് ആക്രമണം നടത്തിയ സർവീസസ് 49 ാം മിനുട്ടിൽ ലീഡെടുത്തു. വിവേക് കുമാർ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചപന്ത് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി കൃഷ്ണകണ്ഠ സിങിന് ലഭിച്ചു. ഗോളാക്കി മാറ്റി. 85-ാം മിനുട്ടിൽ സർവീസസ് ലീഡ് രണ്ടാക്കി ഉയർത്തി. ഇടതു വിങ്ങിൽ നിന്ന് കൃഷ്ണകണ്ഠ സിങ് നൽക്കിയ പാസിൽ പിന്റു മഹാതയുടെ ഹെഡറിലൂടയായിരുന്നു ഗോൾ.

മറ്റൊരു മത്സരത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് ഒഡിഷ കീഴടക്കി. 37ാം മിനിറ്റിൽ കാർത്തിക് ഹന്തൽ ആണ് വിജയഗോൾ നേടിയത്. ഇതോടെ ബി ഗ്രൂപ്പിൽ നാല് പോയന്റുമായി ഒഡിഷ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കർണാടകയുമായി 3-3 എന്ന സ്‌കോറിൽ സമനില പാലിച്ചിരുന്നു.

ആദ്യം മുതൽ തന്നെ ഒഡിഷയുടെ മേധാവിത്വമായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ആദ്യ കോർണർ നേടി. തൊട്ടുപിന്നാലെ മണിപ്പൂർ ക്യാപ്റ്റൻ അരുൺകുമാർ സിങ് വരുത്തിയ പിഴവിൽനിന്ന് ഒഡിഷക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 12ാം മിനിറ്റിൽ ഹന്തലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പുറത്തേക്കടിച്ചു. 17ാം മിനിറ്റിൽ സമാന രീതിയിൽ വീണ്ടും അവസരം തുറന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

എന്നാൽ, നേരത്തേ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് താരം പ്രായശ്ചിത്തം ചെയ്തു. 37ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി ഹന്തൽ നടത്തിയ മുന്നേറ്റം മണിപ്പൂർ വല കുലുക്കി. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഹന്തൽ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്ത് തട്ടിവിടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച മണിപ്പൂർ തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിൽ കളം പിടിക്കാൻ രണ്ട് മാറ്റങ്ങളുമായാണ് മണിപ്പൂർ തിരിച്ചിറങ്ങിയത്. 47ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബെദീൻപാർ മൊയോൺ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയിൽ വീണു. കേരളത്തിന്റെ മത്സരമല്ലാത്തതിനാൽ പയ്യനാട് ഗാലറിയിൽ ആരവങ്ങൾ ഒഴിഞ്ഞു നിന്നു. 1216 പേർ മാത്രമാണ് കളി കാണാനെത്തിയത്.

അതേ സമയം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ബുധനാഴ്ച മേഘാലയക്കെതിരെ ഇറങ്ങും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെയുമാണ് കേരളം തോൽപ്പിച്ചത്. ചാമ്പ്യൻഷിപ്പിലെ ക്ലാസിക് പോരാട്ടത്തിൽ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.

മേഘാലയക്കെതിരെ കൂടുതൽ താരങ്ങൾ അവസരം നൽക്കാനും സാധ്യതയുണ്ട്. എന്നാൽ ആദ്യ മത്സരത്തിൽ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്.