- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട സേവിലൂടെ രക്ഷകനായി ബംഗാൾ ഗോൾകീപ്പർ; ഇരട്ട ഗോളുമായി ഫർദിൻ അലിയും മഹിതോഷ് റോയിയും; മേഘാലയയെ കീഴടക്കി ബംഗാൾ; ജയം മൂന്നിനെതിരെ നാല് ഗോളുകൾക്ക്
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ വീറുറ്റ പോരാട്ടത്തിനൊടുവിൽ മേഘാലയെ കീഴടക്കി ബംഗാൾ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബംഗാൾ മേഘാലയയെ വീഴ്‌ത്തിയത്. 85 ാം മിനുട്ടിൽ സ്‌കോർ 3-4 ൽ നിൽക്കെ മേഘാലയക്ക് ലഭിച്ച പെനാൽറ്റി ബംഗാൾ ഗോൾ കീപ്പർ രക്ഷപ്പെടുത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
ബംഗാൾ ഗോൾ കീപ്പറുടെ ഇരട്ട സേവ് ആണ് മത്സരത്തിൽ ഗതി നിർണയിച്ചത്. ബംഗാളിനായി ഫർദിൻ അലിയും മഹിതോഷ് റോയിയും ഇരട്ട ഗോൾ നേടിയപ്പോൾ ഷനേ ടരിയാങ് മേഘാലയക്കായി രണ്ടു തവണ വല ചലിപ്പിച്ചു. സാഗ്തി സനായി ഒരു ഗോൾ നേടി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ മൂന്നാമത്.
കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി മേഘാലയയും രണ്ട് മാറ്റങ്ങളുമായി ബംഗാളും പരസ്പരമുള്ള പോരാട്ടതിന് ഇറങ്ങിയത്. 10 ാം മിനുട്ടിൽ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ക്യാപ്റ്റൻ ഹാർഡി ക്ലിഫ് നൽക്കിയ പാസ് വിൽബോർട്ട് ഡോൺബോകലാഗ് ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് പോയി.
23-ാം മിനിറ്റിൽ പശ്ചിമ ബംഗാൾ ലീഡെടുത്തു. ഇടതു വിങ്ങിലൂടെ മുന്നേറി ദിലിപ് ഒർവാൻ നൽകിയ പാസ് വലതു വിങ്ങിൽ നിന്ന് ഓടിയെത്തിയ ഫർദിൻ അലി ലക്ഷ്യത്തിലെത്തിച്ചു. 40-ാം മിനിറ്റിൽ മേഘാലയ സമനില പിടിച്ചു. മധ്യനിരയിൽ നിന്ന് കൻസായിബോർ ലുയിഡ് നൽകിയ പാസ് ബംഗാൾ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണു കിട്ടിയ അവസരം സാഗ്തി സനായി ഗോളാക്കി മാറ്റി. 43-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബംഗാൾ വീണ്ടും ലീഡെടുത്തു. ഫർദിൻ അലിയെ ബോക്‌സിന് അകത്ത് നിന്ന് വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ഫർദിൻ അലി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ ഫർദിന്റെ രണ്ടാം ഗോൾ.
മേഘാലയയുടെ സമനില ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46 ാം മിനുട്ടിൽ പ്രതിരോധ നിരയിൽ നിന്ന് പരസ്പരം പാസ് ചെയ്ത് കളിക്കവേ വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു. 49 ാം മിനുട്ടിൽ ബംഗാൾ വീണ്ടും ലീഡ് എടുത്തു. ബോക്സിന് അകത്തു നിന്ന് ലഭിച്ച മഹിതോഷ് റോയ് വേൾഡ് ക്ലാസ് ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 65 ാം മിനുട്ടിൽ മേഘാലയ ഷനേ ടരിയാങിലൂടെ വീണ്ടും സമനില പിടിച്ച്. വലതു വിങ്ങിൽ നിന്ന് കൻസായിബോർ ലുയിഡ് നൽകിയ പാസിൽ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു.
69 ാം മിനുട്ടിൽ വീണ്ടും ബംഗാൾ ലീഡെടുത്തു. വലതു വിങ്ങിൽ നിന്ന് ദിലിപ് ഒർവാൻ ബോക്സിലേക്ക് നൽകിയ പാസിൽ മഹിതോഷ് റോയ് ഗോളാക്കി മാറ്റുകയായിരുന്നു. മഹിതോഷിന്റെ രണ്ടാം ഗോൾ. 72 ാം മിനുട്ടിൽ ബോക്സിന് തൊട്ടുമുമ്പിൽ നിന്നായി മേഘാലയക്ക് ഫ്രീകിക്ക് ലഭിച്ചു. കൻസായിബോർ ലുയിഡ് എടുത്ത കിക്ക് ഗോൾകീപ്പർ തട്ടി അകറ്റി. 85 ാം മിനുട്ടിൽ മേഘാലയക്ക് പെനാൽറ്റി ലഭിച്ചു.
കോർണർ കിക്കിൽ ബംഗാളിന്റെ മധ്യനിര താരം സജൽ ബാഗിന്റെ കൈയിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി മേഘാലയൻ ക്യാപ്റ്റൻ ഹാർഡി ക്ലിഫ് എടുത്തു. ഗോൾ പോസ്റ്റിന്റെ സെന്ററിലേക്ക് അടിച്ച കിക്ക് ബംഗാൾ ഗോൾകീപ്പർ തട്ടി അകറ്റി. റിട്ടേർൺ വന്ന പന്തും ഹാർഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും രണ്ടാം തവണയും ഗോൾ കീപ്പർ തട്ടിഅകറ്റി.
സ്പോർട്സ് ഡെസ്ക്