- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിയിൽ ഇത്തവണ ക്ലാസിക്ക് ഫൈനൽ; കേരളത്തിന്റെ എതിരാളി 32 തവണ ചാമ്പ്യന്മാരായ ബംഗാൾ; രണ്ടാം സെമിയിൽ മണിപ്പൂരിനെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; 2018 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കേരളത്തിന്റെ എതിരാളി പശ്ചിമ ബംഗാൾ. രണ്ടാം സെമിയിൽ മണിപ്പുരിനെ പരാജയപ്പെടുത്തിയാണ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളവും ബംഗാളും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്.
46ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. അതിൽ 32 തവണ ബംഗാൾ ചാംപ്യന്മാരായി. ഇതോടെ തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ.
1989,1994 വർഷങ്ങളിലെ ഫൈനലിൽ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലിൽ സ്വന്തം മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.
ആദ്യ ഇലവനിൽ ഒരു മാറ്റവുമായി ആണ് ബംഗാൾ മണിപ്പുരിനെതിരെ സെമിക്ക് ഇറങ്ങിയത്. 2 ാം മിനിറ്റിൽ തന്നെ ബംഗാൾ ലീഡ് എടുത്തു. ബോക്സിന്റെ വലതു കോർണറിൽനിന്ന് സുജിത്ത് സിങ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പുർ ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ പിച്ച് ചെയ്ത് ഗോളായി മാറി. 7ാം മിനിറ്റിൽ ബംഗാൾ ലീഡ് രണ്ടാക്കി ഉയർത്തി. ഇടതു വിങ്ങിൽനിന്ന് ബോക്സിലേക്ക് ഉയർത്തി നൽകിയ ബോൾ മണിപ്പുർ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും തട്ടി അകറ്റാൻ ശ്രമിക്കവെ ബോക്സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫർദിൻ അലി മൊല്ലയ്ക്ക് ലഭിച്ചു.
ഒരു പ്രതിരോധ താരത്തെ കബളിപ്പിച്ച് ഗോളാക്കി മാറ്റി. 32ാം മിനിറ്റിൽ മണിപ്പുരിന് അവസരം ലഭിച്ചു. ഉയർത്തി നൽക്കിയ കോർണർ കിക്ക് സുധീർ ലൈതോജം ആദ്യം ഹെഡ് ചെയ്തെങ്കിലും ബംഗാൾ ഗോൾകീപ്പർ പ്രിയന്ത് കുമാർ സിങ് തട്ടിഅകറ്റി. തുടർന്ന് ലഭിച്ച പന്ത് റോമൻ സിങ് രണ്ട് തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. 41 ാം മിനിറ്റിൽ മണിപ്പുരിന് വീണ്ടും അവസരം ലഭിച്ചു. കോർണർ കിക്ക് ബംഗാൾ ഗോൾകീപ്പർ തട്ടി അകറ്റവെ ലഭിച്ച അവസരം ജെനിഷ് സിങ് ഗോൽകീപ്പർ ഇല്ലാത്ത പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഒടിയെത്തിയ കീപ്പർ തട്ടിഅകറ്റി.
ആദ്യ പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തിൽ കാണാൻ സാധിച്ചില്ല. 60 ാം മിനിറ്റിൽ മണിപ്പുരിന് അവസരം ലഭിച്ചു. വലതു വിങ്ങിൽ നിന്ന് സോമിഷോൻ ഷിക് ബോക്സിലേക്ക് നൽകിയ ക്രോസ് സുധീർ ലൈതോജം സിങ് നഷ്ടപ്പെടുത്തി. 66 ാം മിനുട്ടിൽ മണിപ്പുർ സ്ട്രൈക്കർ സോമിഷോൻ ഷികിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 74 ാം മിനിറ്റിൽ ബംഗാൾ ലീഡ് മൂന്നാക്കി ഉയർത്തി. ഇടതു വിങ്ങിൽ നിന്ന് ദിലിപ് ഓർവൻ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്