മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ക്ലാസിക് ഫൈനലിൽ ചിരവൈരികളായ ബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ യുവനിര ഏഴാം കിരീടത്തിൽ മുത്തമിട്ടതിന്റെ ആഹ്ലാദത്തിലാണ് മലയാളക്കര. പയ്യനാട് സ്റ്റേഡിയത്തെ മറ്റൊരു മാരക്കാനയാക്കി മാറ്റിയ കാണികളുടെ ആവേശ ആരവങ്ങൾ ഇനിയും നിലച്ചിട്ടില്ല. ചെറിയ പെരുന്നാളിന്റെ തലേ ദിവസമാണ് മലപ്പുറത്ത് മത്സരം നടന്നതെങ്കിലും ആവേശക്കൊടുമുടിയേറിയാണ് കിരീടനേട്ടത്തിലേക്ക് കേരളം മുന്നേറിയത്.

ഒരിക്കൽ കൂടി കേരളം ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാരായപ്പോൾ തന്റെ ആവേശം മറച്ച് വയ്ക്കാതെയാണ് പരിശീലകൻ ബിനോ ജോർജ് പ്രതികരിച്ചത്. നിശ്ചിത സമയം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയും എക്‌സ്ട്രാ ടൈമിൽ 97ാം മിനിറ്റിൽ ബംഗാൾ കേരളത്തെ ഞെട്ടിച്ച് മുന്നിലെത്തിയതിനെ കുറിച്ച് കോച്ച് പറയുന്നത് ഇങ്ങനെ. തോറ്റെന്ന് നിങ്ങളെല്ലാം കരുതിയില്ലേ. അവിടെ നിന്നാണ് എന്റെ കുട്ടികൾ തിരിച്ച് വന്നത്. അവർ ഗോൾ മടക്കുമെന്നും കിരീടം നേടുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നു. അതിന് ഒരു കാരണമുണ്ട്. ഈ ടൂർണമെന്റിൽ ഒറ്റ കളി പോലും തോൽവി വഴങ്ങാതെയാണ് ഫൈനലിൽ എത്തിയത്. അതിന്റെ മുഴുവൻ ക്രെഡിറ്റും പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികൾക്കാണ്.

ഇത് കേരളമാണ്. ഇവിടെ ഇത്രയും കാണികൾ ഒഴുകിയെത്തുമ്പോൾ അവർക്ക് മുന്നിൽ തോൽക്കാൻ കഴിയില്ല. ഫൈനൽ വരെയുള്ള കുതിപ്പിന് പ്രധാന ഇന്ധനം തിങ്ങിനിറഞ്ഞ പയ്യനാട് സ്റ്റേഡിയമായിരുന്നു. അവർക്ക് പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫി സമ്മാനിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ വിജയത്തിന് കാരണം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികളാണ് നന്ദി..നന്ദി.. ഒരുപാട് നന്ദി - ബിനോ ജോർജ് പറഞ്ഞു നിർത്തി.

അതേ സമയം കേരള ഗോൾ കീപ്പർ വി മിഥുന് രണ്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. 2018ൽ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ കേരളം കിരീടം നേടുമ്പോൾ മിഥുനായിരുന്നു ക്രോസ് ബാറിന് കീഴിലെ കാവലാൾ. അന്ന് പെനാൽറ്റ് തടുത്തിട്ടാണ് മിഥുൻ കേരളത്തെ കിരീടത്തിലേക്ക് നയിച്ചത്. അന്നും പശ്ചിമ ബംഗാളായിരുന്നു കേരളത്തിന്റെ എതിരാളി. സതീവൻ ബാലൻ പരിശീലകനും. ഇത്തവണ പെനാൽറ്റി തടുത്തിടാൻ ആയില്ലെങ്കിലും മത്സരത്തിൽ ചില നിർണായക രക്ഷപ്പെടുത്തലുകൾ താരം നടത്തുകയുണ്ടായി.

കപ്പടിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കളിച്ചതെന്ന് മിഥുൻ പറഞ്ഞു. ''വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം 2018ലും ഇതേ ടീമിനോട് പെനാൽറ്റി ജയിച്ചാണ് നമ്മൾ കിരീടം നേടിയത്. എല്ലാവർക്കും നന്ദി. നമ്മുടെ നാട്ടിൽ വച്ച് കപ്പടിക്കുന്നതിന് ഇരട്ടി മധുരമുണ്ട്. 2018ലെ കപ്പ് നേട്ടത്തേക്കാളും വലിയ നേട്ടമാണിതെന്ന് തോന്നുന്നു. കാണികളുടെ പിന്തുണ വലുതായിരുന്നു. കേരളം ഗോൾ മടക്കിയ ശേഷം ആ വൈബ് പറഞ്ഞറിയിക്കാൻ കഴിയില്ല. ഏഴ് വർഷമായി കളിക്കുന്നു. ഈ വർഷത്തോടെ കേരളത്തിന് വേണ്ടി കളിക്കുന്നത് നിർത്തും.'' മിഥുൻ പറഞ്ഞു. കാണികൾക്ക് മുന്നിൽ കപ്പടിക്കുകയെന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്നും വരും സീസണുകളിൽ ബാങ്കിന് വേണ്ടി കളി തുടരുമെന്നും മിഥുൻ കൂട്ടിചേർത്തു.

മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ നായകൻ ജിജോ ജോസഫായിരുന്നു. സന്തോഷ് ട്രോഫിയിലെ അവസാന മത്സരമാണ് ജിജോ കളിച്ചത്. പ്രൊഫഷണൽ ഫുട്ബോളിൽ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോ മത്സരശേഷം പറഞ്ഞു. ജിജോയുടെ വാക്കുകൾ... ''എത്രത്തോളം വലിയതാണ് കിരീടനേട്ടമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഒരു മുൻകരുതൽ എന്നുള്ള നിലയിലായിരുന്നു അത്. സ്ഥിരം പരിശീലനത്തിന് ശേഷം പെനാൽറ്റിയെടുത്ത് പരിശീലിക്കുകമായിരുന്നു. കിക്ക് നഷ്ടമാക്കിയാൽ ശരിയാവുന്നത് വരെ അത് ചെയ്തോണ്ടിരിക്കും.'' ജിജോ പറഞ്ഞു.

ഭാവിയെ കുറിച്ചും ജിജോ സംസാരിച്ചു. ''പ്രൊഫഷണൽ ക്ലബുകൾ ഓഫറുമായി പിന്നാലെയുണ്ട്. പ്രൊഫഷണൽ ക്ലബുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ബാങ്കുമായി സംസാരിച്ചിട്ട് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യും.'' ജിജോ പറഞ്ഞുനിർത്തി. പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിനാണ് പിഴച്ചത്. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിന്റെ കിക്കുകൾ എല്ലാം ഗോളായി. സഞ്ജു, ബിബിൻ, ക്യാപ്റ്റൻ ജിജോ ജോസഫ്, ജേസൺ, ജെസിൻ എന്നിവരാണ് ഷൂട്ടൗട്ടിൽ കേരളത്തിനായി സ്‌കോർ ചെയ്തത്.

അതേ സമയം ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്‌സ് പള്ളിയിലെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പ്രാർത്ഥനയ്‌ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്. ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറയുന്നു.

അതിനു മുൻപ് കളിക്കാരുടെ ജഴ്‌സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു. കളിയില്ലാത്ത മിക്ക ദിവസവും കുർബാനയിൽ പങ്കെടുക്കാൻ ബിനോ വന്നതോടെ വിശ്വാസികൾക്ക് പരിചയക്കാരനായി. പള്ളിയിൽ വരാൻ തുടങ്ങിയതു മുതലാണ് ബിനോയെ അടുത്തറിയുന്നത്.ആ പരിചയവും ഫുട്‌ബോളിനോടുള്ള താൽപര്യവും കാരണം ദിവസവും താനും കേരളത്തിന്റെ കളി കാണാൻ പോയിരുന്നു.

സെമി ഫൈനൽ ദിവസം പള്ളിയിൽ കേരള ടീമിനു വേണ്ടി പ്രാർത്ഥന നടത്തി. ബിനോയും പള്ളിയിൽ എത്തിയിരുന്നു. കാണികളുടെ പിന്തുണയും പ്രാർത്ഥനയും കളിക്കാർക്ക് ഊർജമായി. കളിക്കാരുടെ പ്രയത്‌നത്തിനപ്പുറം ദൈവാനുഗ്രഹം കൂടിയായപ്പോൾ വിജയത്തിലേക്ക് വഴിയൊരുക്കി. കപ്പടിച്ചാൽ ട്രോഫിയുമായി പള്ളിയിൽ വരുമെന്ന് ബിനോ പറയുകയും ചെയ്തിരുന്നു.