പനാജി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് തോൽവി. ശക്തരായ മഹാരാഷ്ട്രയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം തോറ്റത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ കേരളം സെമിയിലേക്ക് മുന്നേറി.

ഈ മാസം 23 ന് നടക്കുന്ന സെമിയിൽ ആതിഥേയരായ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയിരിക്കുന്നത്.

ടൂർണമെന്റിലെ ആദ്യതോൽവിയാണ് കേരളം ഇന്ന് വഴങ്ങിയത്. അതേസമയം, ജയിച്ചെങ്കിലും സെമി കാണാതെ മഹാരാഷ്ട്ര ടൂർണമെന്റിൽ നിന്ന് പുറത്തായി. മുപ്പത്തിയെട്ടാം മിനിട്ടിൽ വൈഭവ്, അമ്പത്തിയൊൻപതാം മിനിട്ടിൽ ശ്രീകാന്ത് എന്നിവരാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ കേരളം പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.

നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. ഏഴുപോയിന്റുമായാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന നാലിലേക്ക് കടന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ റെയിൽവേസിനെ 4-1 തകർത്ത കേരളം രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് സമനില (22) വഴങ്ങി. മൂന്നാം മത്സരത്തിൽ മിസോറാമിനെ 4-2 ന് തകർത്ത് സെമി ഉറപ്പാക്കുകയായിരുന്നു.