തിരുവനന്തപുരം: സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ തലസ്ഥാന നഗരത്തിൽ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണ് കാഞ്ഞിരംപാറ സ്വദേശിയായ സനു എന്ന് മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷി വകുപ്പ് ജീവനക്കാരനായ സനുവിനെ ഇനിയും സർവ്വീസിൽ നിന്ന് പുറത്താക്കിയതായും സൂചനയില്ല. കൃഷി വകുപ്പ് ഡയറക്ടറുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ഈ യുവാവ്.

കൃഷിവകുപ്പിൽ ഒരു കാലത്ത് മര്യാധാരാമനായിരുന്നു സനു. പാട്ടും കളിയുമായി നടന്ന സനു പതിയെ സുബാ ഡാൻസിലേക്ക് എത്തി. ഇതോടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇതെല്ലാം കൃഷി വകുപ്പിൽ എല്ലാ ജീവനക്കാർക്കും അറിയുകയും ചെയ്യുമായിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന സംശയങ്ങൾക്ക് സ്ഥിരീകരണമാകുന്നതായിരുന്നു സനുവിന്റെ അറസ്റ്റ്. കുറച്ചു കാലമായി കൃഷി വകുപ്പ് ഡയറക്ടറേറ്റിലുള്ളവർ എല്ലാം അകലത്തിൽ നിർത്തിയിരുന്ന ഉദ്യോഗസ്ഥനാണ് സനു. മാസങ്ങൾക്ക് മുമ്പ് കൃഷി വകുപ്പിൽ പിൻവാതിൽ നിയമന ശ്രമം നടന്നു. ഇതിനെ ജീവനക്കാരുടെ സംഘടന എതിർത്തു. ഇതോടെ ആ നിയമന നീക്കം പൊളിഞ്ഞു. ഇതിന് ശേഷമാണ് കൃഷി വകുപ്പ് ഡയറക്ടറുടെ പേഴ്‌സണൽ സ്റ്റാഫിൽ സനു അംഗമായത്.

സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ പകർത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. മരുതംകുഴി കൂട്ടാംവിള സ്വദേശിയും കൃഷിവകുപ്പിലെ ക്ലാർക്കുമായ സനു .ആർ.എസ് നെയാണ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സനുവിന്റെ വീട്ടിൽനിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു.പ്രതി വഞ്ചിച്ച യുവതികളിൽ ഒരാളാണ് പരാതി നൽകിയത്. നിരവധി പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇയാൾ പകർത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് പണം കൈക്കലാക്കുന്നതാണ് ഇയാളുടെ ആദ്യ ചതി. സൂംബാ ഡാൻസ് അദ്ധ്യാപകൻ എന്ന നിലയിലാണ് പെൺകുട്ടികളെ വലവീശി പിടിക്കുന്നത്. പിന്നീട് ലൈംഗിക ബന്ധത്തിനിടെ നഗ്നചിത്രങ്ങളും കൈക്കലാക്കും. ആവശ്യം കഴിഞ്ഞാൽ കൈയൊഴിയും. പിന്നെ ചിത്രങ്ങൾ വിറ്റ് കാശാക്കലും. ഇത്തരത്തിൽ ചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവിൽ ഒരു പരാതി മാത്രമേ പൊലീസിന് കിട്ടിയിട്ടുള്ളൂ. ആ അന്വേഷണത്തിൽ പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കുകളാണ് സൂംബാ ഡാൻസറുടെ കള്ളക്കളി പുറത്താക്കിയത്.

പാർട്ട്ടൈമായാണ് സനു സൂംബാ നൃത്തപരിശീലനം നടത്തിയിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.പരിശീലനത്തിന് എത്തുന്ന യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും ഉണ്ട്. ഇതാണ് പരാതിയായി മാറിയത്. വലയിലാക്കിയശേഷം വൈഫ് എക്‌സ്ചേഞ്ച് എന്ന പേരിൽ യുവതികളെ സുഹൃത്തുക്കൾക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലീസ് പറയുന്നു.

ഒരു യുവതിയുമായി ഒരുമിച്ചു താമസിക്കുന്ന ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ അച്ഛനായ സനു വിവാഹമോചിതനുമാണ്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ഡിജിറ്റൽ തെളിവുകളടക്കമുള്ളവ ശേഖരിക്കാനും പരിശോധിക്കാനും സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനുള്ള നടപടികൾ ഉടൻ തുടങ്ങും.

സ്ത്രീകളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചിരുന്ന പരിശീലകന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീകളിൽനിന്നു പണം വാങ്ങിയിരുന്നതായും നഗ്‌നചിത്രങ്ങൾ പലർക്കും കൈമാറിയിരുന്നതായും സൂചന ലഭിച്ചു. സനുവിന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയിൽ ഏഴ് ഹാർഡ് ഡിസ്‌കും ഒട്ടേറെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരാൾ മാത്രമേ ഇപ്പോൾ പരാതി നൽകിയിട്ടുള്ളു. കൂടുതൽ പേർ പരാതിയുമായി വരുന്നുണ്ടോയെന്നാണ് സൈബർ ക്രൈം പൊലീസ് നിരീക്ഷിക്കുന്നത്.

ഇല്ലെങ്കിൽ പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൂടുതൽ തെളിവ് ശേഖരിച്ച് കേസ് ശക്തമാക്കാനുമാണു നീക്കം.