- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തത്; കാണാനില്ലാത്ത ഫോൺ കിട്ടിയാൽ സത്യം പുറത്തു വരും; പൂനയിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് തിരോധാനത്തിൽ പങ്കില്ലെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; വാളയാർ ചെക് പോസ്റ്റ് കഴിഞ്ഞുള്ള സനു മോഹന്റെ യാത്ര എങ്ങോട്ടെന്ന് കണ്ടെത്താൻ അന്വേഷണ സംഘം
കാക്കനാട്: മകളെ കൊന്ന് അച്ഛൻ രക്ഷപ്പെട്ടതിന് പിന്നിലെ സത്യം കണ്ടെത്താൻ കഴിയാതെ പൊലീസ്. മുട്ടാർപ്പുഴയിൽ നിന്ന് 13 വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പിതാവ് കങ്ങരപ്പടിയിലെ സനു മോഹന്റെ ആസൂത്രിതമായ തിരക്കഥയുണ്ടെന്നാണ് വെളിപ്പെടുന്നത്. സുകുമാരകുറുപ്പിന്റെ തിരോധാനത്തിന് സമാനമായ എന്തോ ഒന്ന്. ഇത് കണ്ടെത്താനുള്ള അവസാന ഘട്ട ശ്രമത്തിലാണ് പൊലീസ്.
കുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ച് അഞ്ചു ദിവസമായിട്ടും സനു മോഹനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. എല്ലാം കണ്ടും കേട്ടും സനു എവിടെയോ ഒളിച്ചിരിക്കുന്നുവെന്നാണ് പൊലീസ് നിഗമനം.
സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ സനു മോഹന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺ നന്നാക്കാൻ നൽകിയെന്നു പറഞ്ഞ് ഭാര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, സനുവിന്റെ ഫോൺ ശരിക്കും തകരാറിലാണോയെന്നും എവിടെയാണ് നന്നാക്കാൻ കൊടുത്തതെന്നും കണ്ടെത്താനായിട്ടില്ല. ഈ ഫോൺ കണ്ടെത്തിയാൽ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ നിഗമനം.
ഇതിനിടെ ഇരുവരെയും കാണാതായ ഞായറാഴ്ച രാത്രി 9.30-ന് തന്നെ സനു ഉപയോഗിച്ച, ഭാര്യയുടെ ഫോണും സ്വിച്ച് ഓഫ് ആക്കിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുന്നു. സനുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള കോൾ വിശദാംശങ്ങൾ സൈബർ പൊലീസിന്റെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയുള്ള ഇദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന പ്രചാരണവും നടന്നിരുന്നു. ഇത് ശരിയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സനു മോഹന് വേണ്ടിയുള്ള അന്വേഷണം. ഇയാളുടെ വാഹനം കേരളത്തിന് പുറത്തേക്ക് പോയതിനാൽ തമിഴ്‌നാട്, കർണാടക പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അവിടെ നിന്ന് കർണാടകയിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
വൈഗ എന്ന പതിമൂന്നു കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ പിതാവ് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സനു മോഹനെ പൊലീസ് തിരയുന്നത്. അതേസമയം, ഇയാളുടെ കാർ വാളയാർ ചെക്‌പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ പിതാവായ സനു മോഹൻ ഞായറാഴ്ച രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ടശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണു പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും, പുഴയിൽ വീണിട്ടുണ്ടാകുമെന്നു കരുതി സനുവിനായും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് വാളയാർ ചെക്‌പോസ്റ്റ് വഴി ഇയാളുടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സാനുവിന്റെ തിരോധാനത്തിന് പിന്നിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘമാണെന്ന സംശയവും സജീവമാണ്. മഹാരാഷ്ട്രയിലെ പൂണെയിൽ അടക്കം വൻ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തിൽ പൊലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളിൽ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷൻ സംഘങ്ങൾ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം ബ്ധുക്കൾക്കുണ്ട്. എന്നാൽ ഇത് ഈ ഘട്ടത്തിൽ പൊലീസ് തള്ളുകയാണ്.
മറുനാടന് മലയാളി ബ്യൂറോ