- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റിൽ നിന്ന് മകളെ കൊണ്ടു പോയത് ബെഡ് ഷീറ്റിൽ പുതപ്പിച്ച് തോളിൽ കിടത്തി; സംശയ നിഴലിലുള്ളത് മുംബൈ അധോലോകത്തെ പോലും പറ്റിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ മലയാളി; വേഷം മാറി ഒളിവിൽ താമസിക്കാനും സാധ്യത ഏറെ; വൈഗയുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല; സനു മോഹൻ മുംബൈ പൊലീസിന്റെ നോട്ടപ്പുള്ളി
കാക്കനാട്: മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കുറിച്ച് ആർക്കും ഒരു തുമ്പുമില്ല. മുംബൈ പൊലീസിന്റെ കണ്ണിലെ കരടായിരുന്നു ഇയാളെന്ന സൂചനയും പൊലീസിന് ലഭിക്കുന്നു. ഇതോടെ സനു മോഹനെ കുറിച്ച് ദുരൂഹത കൂടുകയാണ്. ഇയാൾ വേഷം മാറി ഒളിവിൽ കഴിയാൻ സാധ്യതയുള്ളതിനാൽ സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പിന് മുംബൈ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന മുഖ്യ പ്രതിയാണ് സനു മോഹൻ. മുംബൈ പൊലീസിനെ വെട്ടിച്ചാണ് കേരളത്തിൽ താമസിച്ചിരുന്നത്. നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾക്കായി പുണെ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മുംബൈയിൽ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്. തമിഴ്‌നാട്ടിലെ പലയിടങ്ങളിലും നേരത്തെ ഇയാൾ ബിസിനസ് നടത്തിയിരുന്നു. ഇവിടെയും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്‌ളാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്നാണ് സൂചന. അതേസമയം, ഫ്‌ളാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ഇതും നിഗമനങ്ങളിൽ എത്താൻ പൊലീസിനെ കുഴക്കുന്നു.
സനു തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. കുട്ടിയെ പിതാവ് മാർച്ച് 21-ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സനുവിന്റെ മൊബൈൽ ഫോൺ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്ളാറ്റിൽനിന്ന് സനു കൊണ്ടു പോയിട്ടുള്ളതെന്ന് തെളിഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങൾളിൽ ഇത് വ്യക്തമാണ്. കുട്ടിയുടേതുകൊലപാതകമാണെന്ന സംശയം ഇതോടെ ശക്തമായി. പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽനിന്നു ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. കങ്ങരപ്പടിയിലെ ഫ്ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വർഷമായി താമസിച്ചിരുന്നത്. കഴിഞ്ഞ 21-ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്.
രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോൺ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്. കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്. സനുവിന്റെ കാർ കേരള അതിർത്തി കടന്നതായി വിവരമുണ്ടെങ്കിലും ഓടിച്ചതു സനുവാണോയെന്നു വ്യക്തമായിട്ടില്ല. ദേശീയപാതയിലെയും ടോൾ ബൂത്തിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം തമിഴ്‌നാടു വരെ നീണ്ടത്.
സനുവിന്റെ സാമ്പത്തിക ഇടപാടുകളും കേസുകളും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണ ദിശ മാറി. തൃക്കാക്കര പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂർ, ചെന്നൈ, പുണെ എന്നിവിടങ്ങളിൽ നേരിട്ട് അന്വേഷണം നടത്തും. ഇതിനിടെ തിരുവനന്തപുരം പൂവാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു ബന്ധുക്കൾ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായി.
ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ