- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരത്തെ കാട്ടിയിരുന്നത് വലിയ സ്നേഹം; കുറച്ചു നാളായി തന്നോടും മകളോടും പാലിച്ചത് മാനസികമായ അകലം; ഫ്‌ളാറ്റിലെ രക്തക്കറ ആരുടേതെന്ന് കണ്ടെത്താൻ പൊലീസ്; 13കാരിയെ കൊന്നത് അച്ഛൻ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്; പൂണെയിലെ വില്ലത്തരം കണ്ടെത്താൻ അന്വേഷണം; സനു മോഹനെ കുടുക്കാൻ ചെന്നൈയിലെ സുഹൃത്തിനെ നോട്ടമിട്ട് പൊലീസ്
കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിനു അടിയിൽ ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതല്ല. അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന. സനുവുമായി കൂടുതൽ അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാണെന്നും സംശയിക്കുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചാണു അന്വേഷണം. അതിനിടെ സനു മോഹനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചു.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹനാണ് അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു പൊലീസ്. സനുവിന്റെ ഫ്‌ളാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയാണെന്നു സ്ഥിരീകരിച്ചു. മറ്റു ചില നിർണായക തെളിവുകളും ഫ്‌ളാറ്റിലെ ഫൊറൻസിക് പരിശോധനയിൽ ലഭിച്ചു. രക്തം ആരുടേതാണെന്നു കണ്ടെത്താൻ വേറെ പരിശോധന വേണ്ടി വരും. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്‌ളാറ്റിൽ അസ്വഭാവികമായ പലതും സംഭവിച്ചിരുന്നു. ഫ്‌ളാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്.
സനു മോഹന്റെ സുഹൃത്തിനെ കിട്ടിയാൽ നിർണ്ണായക വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ പൊലീസ് എത്തുമ്പോൾ ഇദ്ദേഹം ചെന്നൈക്കു പുറത്താണ്. മടങ്ങി വരാൻ കാക്കുകയാണ്. സനു പുതിയ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ ആധാർ നമ്പർ വച്ചു മൊബൈൽ കമ്പനികളിൽ അന്വേഷിച്ചെങ്കിലും പുതിയ സിം എടുത്തതായി വിവരം ലഭിച്ചില്ല. പരിശോധനയിൽ തെളിഞ്ഞുവെന്നു പൊലീസ്. കഴിഞ്ഞ ദിവസം ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു ബന്ധുക്കൾ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായിയിരുന്നു.
സനു രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകാനും നടപടിയെടുക്കും. രാജ്യം വിട്ടിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനിടെ സനു മോഹനു വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡിസിപി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതരസംസ്ഥാന ബന്ധം എന്നീ കാര്യങ്ങളാണു നിലവിൽ അന്വേഷിക്കുന്നത്. നിർണായക വിവരങ്ങൾ പുണെ പൊലീസിൽ നിന്നു ലഭിച്ചിട്ടുണ്ട്.
സനു മോഹന്റെ കാർ വാളയാർ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നത് സനുമോഹൻ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമാണ്. പുണെയിലേക്കു പോകാനും പൊലീസ് തയ്യാറെടുക്കുന്നുണ്ട്. സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടുതലും നടന്നിരിക്കുന്നത് പുണെയിലാണ്. അവിടെ ഏതാനും കേസുകളും നിലവിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സനുവിന്റെ രേഖാ ചിത്രങ്ങൾ പുണെ പൊലീസിനു കൈമാറിയിട്ടുണ്ട്.
കേരളവുമായി ബന്ധപ്പെട്ടു മുൻകാല സാമ്പത്തിക കേസുകളുള്ള മാർവാഡി സംഘങ്ങളുടെ വിവരവും പൊലീസ് ശേഖരിച്ചു. സനുവിന്റെ ഏതാനും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ വൈഗയുമായി പിതാവ് സനുമോഹൻ രണ്ടു മാസമായി അകൽച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പൊലീസിന് മൊഴി നൽകി. സനുമോഹനെ കാണാതായി ഒന്നരയാഴ്ചയായിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാതെ കേസ് കുഴഞ്ഞുമറിയുന്ന സാഹചര്യത്തിലാണ് പൊലീസ് വീണ്ടും രമ്യയുടെ മൊഴിയെടുത്തത്. ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
നേരത്തെ വലിയ സ്നേഹം കാണിച്ചിരുന്ന ഭർത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ