കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവു കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പൊലീസ് കണ്ടെത്തി. മാസങ്ങൾക്കു മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നതായി പൊലീസിനു വിവരം ലഭിച്ചു. വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കേസായില്ല. മേശ നന്നാക്കാനെന്ന വ്യാജേനെ വർക്ഷോപ്പിൽ നിന്നു ആളെ വരുത്തിയാണു പൂട്ടു മുറിച്ചു മാറ്റിയത് എന്നാണ് സൂചന. പുണെയിലും ചെന്നൈയിലും കേരളത്തിലുമായി അടുപ്പക്കാരും അല്ലാത്തവരും സനു പറ്റിച്ചിട്ടുണ്ട്.

ഏതുസമയവും മാർവാഡി സംഘം തന്നെ പിടിച്ചു കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നു ബന്ധുക്കളോടു സനു പറഞ്ഞിരുന്നു. പുണെയിൽ അന്വേഷണം നടത്തിയാലേ സനുവിന്റെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരൂ. പൊലീസ് വൈകാതെ പുണെയ്ക്കു പോകും. സഹോദരൻ വഴിയാണു സനു പുണെയിൽ എത്തുന്നത്. അവിടെ തട്ടിപ്പുകൾ നടത്തിയതോടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളുമായി അകന്നു. കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ താമസം തുടങ്ങിയതിനു ശേഷം ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു സനു പോകാറില്ലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മരിച്ചപ്പോൾ പോലും സനു പോയിരുന്നില്ല. താമസിക്കുന്ന ഫ്‌ളാറ്റിലെ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ഇന്റീരിയർ ഡിസൈനിങ് സാമഗ്രികൾ വാങ്ങിയ ഇനത്തിൽ പല സ്ഥാപനങ്ങൾക്കും പണം നൽകാനുണ്ട്.

ചെന്നൈയിലെ സനുവിന്റെ സുഹൃത്തിനേയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഫോൺ വിശദാംശങ്ങളിൽ നിന്നാണു സുഹൃത്തിനെ കുറിച്ചു വിവരം ലഭിച്ചത്. കേരളം വിട്ട സനു അവിടെ എത്തിയിട്ടുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. അവധി പ്രമാണിച്ചു സുഹൃത്തും കുടുംബവും കേരളത്തിലേക്കു മടങ്ങി എന്നാണ് മനസ്സിലാക്കുന്നത്. ഈ സുഹൃത്തിനെ കുറിച്ചും ദുരൂഹതയുണ്ട്. സിംഗപ്പൂരിലാണെന്നാണു ചെന്നൈയിലുള്ള ഇദ്ദേഹം നാട്ടിൽ പറഞ്ഞിരിക്കുന്നതത്രേ. മൊബൈൽ ഫോൺ ലൊക്കേഷനിലൂടെയാണ് ഇദ്ദേഹം ചെന്നൈയിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചത്.

ഫ്‌ളാറ്റിൽനിന്നു ലഭിച്ച പുതിയ തെളിവുകൾ സനു മോഹന് എതിരാണെന്നാണ് പൊലീസ് വിലയിരുത്തൽ. സനു ജീവനോടെയുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലെവിടെയോ ഒളിവിലാണെന്നുമാണ് പൊലീസ് കരുതുന്നത്. സനു മോഹൻ തന്നെ തന്നെയാണോ വൈഗയെ അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു പൊലീസ് പറയുന്നു. സനുവിന്റെ ഫ്‌ളാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയാണെന്നു സ്ഥിരീകരിച്ചതോടെയാണ് സംശയം ബലപ്പെടുന്നതും. ഫ്‌ളാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കുന്നുണ്ട്. വൈഗയുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു പോകുന്നതു പോലെ പുതപ്പിച്ചാണ് വൈഗയെ അന്നു രാത്രി സനു കാറിലേക്കു കയറ്റിയതെന്ന് സുരക്ഷാ ജീവനക്കാരുടെ മൊഴിയുണ്ട്. അപ്പോൾ കുട്ടിക്കു ബോധമുണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തൽ. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം കൂടി കിട്ടിയാലേ മരണത്തിൽ വ്യക്തത ലഭിക്കൂ. സനു മോഹനൻ സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഈ സമയം കാറോടിച്ചിരുന്നത് സനു മോഹൻ ആണെന്ന് ഇപ്പോഴും ഉറപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും ഒരു തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല.

സനു മോഹന്റെ അന്തസ്സംസ്ഥാന ബന്ധങ്ങൾ പരിഗണിച്ച് അന്വേഷണം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതര സംസ്ഥാന ബന്ധം എന്നീ മൂന്ന് കാര്യങ്ങളാണ് പൊലീസ് നിലവിൽ അന്വേഷിക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. സനു മോഹനുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ പുണെ പൊലീസിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഡി.സി.പി.യുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമ്മിഷണർ അടങ്ങുന്ന സ്പെഷ്യൽ ടീമിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ടീം നിലവിൽ തമിഴ്‌നാട്ടിലേക്ക് സനുവിനെ തേടി പോയിട്ടുണ്ട്.

എറണാകുളം ഗോശ്രീ പാലത്തിനു സമീപം ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റേതാണെന്ന് സംശയമുയർന്നിരുന്നു. എന്നാൽ, പരിശോധനയിൽ മൃതദേഹം സനു മോഹന്റെ അല്ലായെന്ന് തെളിഞ്ഞതായി ഡി.സി.പി. പറഞ്ഞു.