- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ അറിയാതെ പൂട്ടുപൊളിച്ചെടുത്ത ആഭരണം പണയം വച്ചത് 11 ലക്ഷം രൂപയ്ക്ക്; ഫ്ളാറ്റ് സ്വകാര്യ വക്തിക്ക് പണയത്തിന് നൽകിയതും ആരും അറിയാതെ; സ്‌കൂട്ടറിന്റെ പെട്ടിയിലുള്ളത് ഓൺലൈൻ ചൂതാട്ട രേഖകളും ലോട്ടറി ശേഖരവും; ആ രക്തക്കറ വൈഗയുടേതുമല്ല; ഇനി ഡിഎൻഎ പരിശോധന; സനു മോഹൻ കാണാമറയത്തു തന്നെ
കാക്കനാട്: കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സദുരൂഹതകൾ തീരുന്നില്ല. ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം ആരുടേതെന്ന് കണ്ടുപിടിക്കാൻ ഡി.എൻ.എ. പരിശോധന. ഇത് വൈഗയുടേതല്ല എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ഈ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ച് ഡി.എൻ.എ. പരിശോധന നടത്തുക.
പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനഴ്സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പരിശോധന ഉടൻ തുടങ്ങും. അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് നൽകും. സനുവിനായി തിരച്ചിൽ നോട്ടീസും കഴിഞ്ഞദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹൻ പ്രതീക്ഷിക്കുന്നതിലും സൂക്ഷിക്കേണ്ട വ്യക്തിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെ സനു മോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകിയതും അന്വേഷിക്കും.
ഫ്ളാറ്റിനുള്ളിൽ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും നിരവധി ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും കിട്ടി. കേസിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കോയമ്പത്തൂർ വരെയെത്തിയ കാർ പിന്നീട് എവിടെപ്പോയി? കാർ ഓടിച്ചതു സനു മോഹൻ അല്ലെങ്കിൽ പിന്നെയാര്? എന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നു. കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽനിന്നു സനു മോഹനും മകൾ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21ന്. ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം സനു മോഹനും മകൾ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു.
21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്നു. പിന്നീട് സനു മോഹൻ രക്ഷപ്പെട്ടെന്നും മനസ്സിലായി. വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവ പരിശോധന പൂർത്തിയായാൽ മാത്രമേ, കൂടുതൽ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്‌ളാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്. നു മോഹന്റെ കാർ വാളയാർ കടന്നതായും കോയമ്പത്തൂർ സുഗുണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷേ, അതിനു ശേഷം എവിടേക്കു പോയെന്നു വ്യക്തമല്ല. മാത്രമല്ല, കാർ ഓടിച്ചതു സനു ആണോ എന്നുറപ്പിക്കാനും കഴിഞ്ഞിട്ടില്ല.
ദുരൂഹതകൾ ഏറെയുള്ള വ്യക്തിയാണു സനു മോഹനെന്നും പൊലീസ് പറയുന്നു. മാസങ്ങൾക്കു മുൻപ്, സ്വന്തം വീട്ടിലെ മേശ പൊളിച്ച് സ്വർണം എടുത്തിട്ടുണ്ടെന്നാണു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. േമശ നന്നാക്കാനെന്നു പറഞ്ഞ്, ആശാരിയെ വരുത്തിയാണു പൂട്ടു പൊളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ